- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്സ് ചോദിച്ച നടനോട് പുതുമുഖമായ താന്‍ പറഞ്ഞത് ചെരുപ്പൂരി അടിക്കുമെന്നെന്ന് ഖുശ്ബു; മലയാള നടിമാര്‍ക്ക് സുരക്ഷിതത്വം കുറവെന്ന് സുഹാസിനി; യാതൊരു നിയമങ്ങളും ബാധകമാവാതെ ഒരു വിഭാഗം ഇവിടെയുണ്ട്; ഹേമാകമ്മറ്റിയില് ഐഎഫ്എഫ്ഐയിലും ചൂടന്‍ ചര്‍ച്ച
സെക്സ് ചോദിച്ച നടനോട് പുതുമുഖമായ താന്‍ പറഞ്ഞത് ചെരുപ്പൂരി അടിക്കുമെന്നെന്ന് ഖുശ്ബു
പനാജി: ഹേമാ കമ്മറ്റി റിപ്പോര്‍ട്ടും അതുണ്ടാക്കിയ പ്രകമ്പനങ്ങളും മലയാള സിനിമയില്‍ ഇനിയും അവസാനിച്ചിട്ടില്ല. മല്ലുവുഡിലെ ലൈംഗിക ചൂഷണങ്ങള്‍ ദേശീയതലത്തിതന്നെ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഗോവയില്‍ നടക്കുന്ന രാജ്യന്തര ചലച്ചിത്രോത്സവത്തിന്റെ ഓപ്പണ്‍ ഫോറത്തിലും വിഷയം വലിയ ചര്‍ച്ചയായി.
സെക്സ് ചോദിച്ച നടനോട് പുതുമഖമായ താന്‍ പറഞ്ഞത് ചെരുപ്പൂരി അടിക്കുമെന്നെന്ന് നടി ഖുശുബു ഓപ്പണ്‍ ഫോറത്തിനിടെ തുറന്നടിച്ചു. മലയാള നടിമാര്‍ക്ക് സുരക്ഷിതത്വം കുറവൊണെന്നും, യാതൊരു നിയമങ്ങളും ബാധകമാവാതെ ഒരു വിഭാഗം ഇവിടെയുണ്ടെന്നും അതാണ് പ്രശ്നമെന്ന് നടി സുഹാസിനിയും ചൂണ്ടിക്കാട്ടി. 'സ്ത്രീ സുരക്ഷയും സിനിമയും' എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച. ഭൂമി പഡ്നേക്കര്‍, സംവിധായകന്‍ ഇംതിയാസ് അലി എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുള്ളവര്‍.
'ഇവിടെ സുരക്ഷിതത്വക്കുറവുണ്ട്'
മറ്റ് തൊഴില്‍ മേഖലകളില്‍ നിന്ന് വ്യത്യസ്തമാണ് സിനിമാ മേഖലയെന്ന് സുഹാസിനി പറഞ്ഞു. മറ്റു മേഖലകളില്‍ ജോലി കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് തിരിച്ചുവരാം. എന്നാല്‍ സിനിമയില്‍ അങ്ങനെയല്ല. ഇരുന്നൂറോ മുന്നൂറോ പേര്‍ ഒരു സ്ഥലത്തേക്ക് പോവുകയും കുടുംബം പോലെ അവിടെ താമസിക്കുകയുമാണ് ചെയ്യുന്നത്. അങ്ങനെയുള്ളിടത്ത് ചിലപ്പോള്‍ അറിഞ്ഞോ അറിയാതെയോ അതിര്‍ത്തിരേഖകള്‍ മറികടക്കപ്പെടുമെന്നും സുഹാസിനി പറഞ്ഞു.
''ഒരു സാധാരണ യൂണിറ്റിലുള്ള ഈ 200 പേര്‍ ആരാണ്? കുടുംബത്തില്‍ നിന്ന് അകന്നിരിക്കുന്ന വസ്തുത മുതലെടുക്കുന്ന ചില ആളുകള്‍ ഉണ്ടാകും. വ്യവസായം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് അനുഭവപരിചയമില്ലാത്ത ചെറുപ്പക്കാര്‍ ഈ മേഖലയിലുണ്ട്. അതിനാല്‍ മുതലെടുപ്പുകാര്‍ ഇത് പ്രയോജനപ്പെടുത്തിയേക്കാം''- സുഹാസിനി വ്യക്തമാക്കി.
''സെറ്റില്‍ അതിരുവിടുന്നവരെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഞാന്‍ ഭര്‍ത്താവ് മണിരത്നത്തോട് ചോദിച്ചിട്ടുണ്ട്. അങ്ങനെ ചെയ്ത ഒരാളെ സെറ്റില്‍നിന്നുതന്നെ പുറത്താക്കിയ സംഭവമാണ് അതിന് മറുപടിയായി അദ്ദേഹം പറഞ്ഞുതന്നത്. ഭൂരിഭാഗം പേരെയും പുറത്തേക്കെറിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. ഒരു ഗ്രാമത്തില്‍ യാതൊരു നിയമങ്ങള്‍ക്കും വിധേയരാകാതെ 200 പേരുണ്ടെങ്കില്‍ അതിരുകള്‍ മറികടക്കാന്‍ സാധ്യതയുണ്ട്. അവിടെയാണ് യഥാര്‍ത്ഥ പ്രശ്നം. മലയാള സിനിമയില്‍പ്പോലും ഇതേ കാര്യം നടക്കുന്നുണ്ട്.
തമിഴ് സിനിമയാണെങ്കില്‍ ഷൂട്ട് കഴിഞ്ഞ് ചെന്നൈക്ക് പോകും. തെലുങ്കിലാണെങ്കില്‍ ഹൈദരാബാദിലേക്കും കന്നഡയിലാണെങ്കില്‍ ബെംഗളൂരുവിലേക്കും ഷൂട്ട് കഴിഞ്ഞ് പോകും. എന്നാല്‍ മലയാളത്തില്‍ അങ്ങനെയല്ല. അതാത് ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞാല്‍ തിരികെ വീട്ടിലേക്ക് തിരിച്ചുപോകാനാവില്ല. കാരണം അവിടെ അങ്ങനെയൊരു സ്ഥലമില്ല എന്നതുതന്നെ. അതുകൊണ്ട് അവിടങ്ങളില്‍ അതിര്‍വരമ്പുകള്‍ ഭേദിക്കപ്പെടുന്നു'- സുഹാസിനി കൂട്ടിച്ചേര്‍ത്തു.
'ചെരുപ്പൂരി അടിക്കും'
കരിയറിന്റെ തുടക്കകാലത്ത് സിനിമ മേഖലയില്‍ നിന്നും തനിക്ക് ചൂഷണം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി ഖുശ്ബു. സിനിമയില്‍ മാത്രമല്ല എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് ചൂഷണങ്ങളെ അഭിമുഖരിക്കേണ്ടി വരുമെന്നും അത്തരം അവസരങ്ങളില്‍ ഉടന്‍ തന്നെ പ്രതികരിക്കേണ്ടത് അത്യാവശ്യമാണെന്നും ഖുശ്ബു പറയുന്നു
''സിനിമാ മേഖലയില്‍ മാത്രമല്ല, എല്ലായിടങ്ങളിലും സ്ത്രീകള്‍ ചൂഷണം നേരിടേണ്ടി വരും. ഷെയര്‍ ഓട്ടോയിലോ ലോക്കല്‍ ട്രെയിനിലോ മാത്രമല്ല വിമാനത്തില്‍ യാത്ര ചെയ്യുമ്പോഴും ഇത്തരം അവസ്ഥയുണ്ടാകും. സ്ത്രീകള്‍ക്ക് എല്ലാ മേഖലയിലും അത് അനുഭവിക്കേണ്ടി വരാറുണ്ട്. ഫിലിം ഇന്‍ഡസ്ട്രില്‍ മാത്രമല്ല ഇത് നടക്കുന്നത്. എനിക്ക് നമ്മുടെ സ്ത്രീകളോട് പറയാനുള്ളത് നിങ്ങളെ ആരെങ്കിലും ചൂഷണം ചെയ്യുന്നു എന്ന് തോന്നിയാല്‍ അല്ലെങ്കില്‍ എന്തെങ്കിലും തെറ്റായി നിങ്ങള്‍ക്ക് സംഭവിക്കുന്നുവെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ അതിനെതിരെ നിങ്ങള്‍ പ്രതികരിക്കണം. ആ സമയം എനിക്ക് എന്റെ കരിയര്‍ നോക്കണം എന്ന് കരുതരുത്. ഞാന്‍ എന്റെ വ്യക്തിപരമായ ഒരു അനുഭവം നിങ്ങളോട് പറയാം.
അഭിനയത്തിന്റെ ആദ്യനാളുകളില്‍ എനിക്കും ഇത്തരം ചൂഷണം നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു ഹീറോ അടുത്തു വന്ന് എന്നോട് 'നീ എനിക്കൊരു അവസരം തരുമോ?' എന്ന് ചോദിച്ചിട്ടുണ്ട്. അപ്പോള്‍ തന്നെ ഞാന്‍ എന്റെ ചെരുപ്പ് കയ്യിലെടുത്ത് സാര്‍ എന്റെ ചെരുപ്പിന്റെ സൈസ് 41 ആണ്, നിങ്ങള്‍ ഇവിടെ നിന്ന് അടി വാങ്ങുന്നോ അതോ മുഴുവന്‍ യൂണിറ്റിന് മുന്നില്‍ നിന്ന് അടി വാങ്ങുന്നോ? എന്നു ചോദിച്ചു. അന്ന് ഒരു പുതുമുഖം എന്ന നിലയില്‍ എന്റെ കരിയറിന് എന്ത് സംഭവിക്കും എന്ന് ഞാന്‍ ആലോചിച്ചില്ല. ആ സമയം എന്റെ അഭിമാനമാണ് ഈ ലോകത്ത് എന്തിനെക്കാളും വലുത് എന്നെനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് എല്ലാ സ്ത്രീകളോടും പറയാനുള്ളത് ചൂഷണം എല്ലായിടത്തും ഉണ്ടാകും, എന്നാല്‍ നമ്മള്‍ നമ്മളെ ബഹുമാനിക്കാത്തിടത്തോളം കാലം നമ്മുടെ മുന്നില്‍ നില്‍ക്കുന്നവരും നമ്മളെ ബഹുമാനിക്കില്ല എന്നാണ്.''- ഖുശ്ബു പറഞ്ഞു.
എല്ലാം സഹിക്കുന്നവര്‍ ആവരുത് സ്ത്രീകള്‍ എന്ന ഖുശുബുവിന്റെ വാക്കുകള്‍ കൈയടിയോടെയാണ് ഓപ്പണ്‍ ഫോറത്തിലുള്ളവര്‍ കേട്ടത്. അതേസമയം മലയാള സിനിമയില്‍ മാത്രമുള്ള ഒരു പ്രവണതായായി ഇതിനെ കാണാന്‍ കഴിയില്ലെന്നും, എല്ലായിടത്തുമുണ്ടെന്നും തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവരും പറഞ്ഞു.