- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനും അമ്മയും സഹോദരങ്ങളും അപകടത്തിലെന്ന് 13 കാരി ഓടി വന്ന് പറഞ്ഞപ്പോൾ ഒന്നും നോക്കിയില്ല; കാളിയാർ പുഴയിൽ ഒഴുക്കിൽ പെട്ട നാലംഗ കുടുംബത്തിന് രക്ഷകനായത് മാടത്താനി ശശി; കൂട്ടുകാർ വിളിക്കുന്നത് 'മുള്ളൻകൊല്ലി ശശി'യെന്നും
പോത്താനിക്കാട്: കാളിയാർ പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട രണ്ടു കുട്ടികൾപ്പെടെ നാലംഗ കുടുംബം രക്ഷപെട്ടത് തലനാരിഴക്കായിരുന്നു. സമീപവാസിയായ മാടത്താനിയിൽ ശശിയാണ് പുഴയിൽ ചാടി നാലുപേരേയും രക്ഷിച്ചത്. പോത്താനിക്കാട് പറമ്പഞ്ചേരി അത്തിമറ്റം കടവിൽ വ്യാഴം വൈകിട്ട് 6.30 ഓടെയാണ് അപകടം ഉണ്ടായത്.
ഓസ്‌ട്രേലിയയിൽ നിന്ന് ലീവിന് നാട്ടിലെത്തിയ പറമ്പഞ്ചേരി സ്വദേശി റോയിയും കുടുംബവുമാണ് കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ടത്. ഭാര്യയും 13 ,10, 8 വയസുകളുള്ള മൂന്നു മക്കളുമായി പുഴയിൽ കുളിക്കുന്നതിന് എത്തിയതായിരുന്നു റോയി. പുഴയരികിൽ നിന്ന് 10 വയസുള്ള മകനെ കുളിപ്പിക്കുന്നതിനിടെ കുട്ടി കാൽ വഴുതി പുഴയിലെ ഒഴുക്കിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കുട്ടിയുടെ മാതാവും ഒഴുക്കിൽ അകപ്പെട്ടു.
കുട്ടിയെ കരയിലേക്കടുപ്പിച്ച ശേഷം ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാൻ റോയി വീണ്ടും പുഴയിലേക്ക് ചാടി. അപ്പോഴേക്കും ഭാര്യ ഇരുന്നൂറു മീറ്ററോളം താഴേക്ക് ഒഴുകിപ്പോയിരുന്നു. പുഴയിലേക്ക് ചാഞ്ഞുകിടന്ന മരത്തിന്റെ കൊമ്പിൽ പിടിച്ചു കിടന്ന ഭാര്യയെ രക്ഷപ്പെടുത്താനുള്ള ശ്രമം റോയി നടത്തിയെങ്കിലും അവർ അവശനിലയിലായതോടെ ആ ശ്രമം വിജയിച്ചില്ല. ഇതിനിടെ മാതാപിതാക്കൾ വെള്ളത്തിൽ അപകടത്തിലെന്ന് കണ്ട് ഇളയ കുട്ടികൾ വെള്ളത്തിലേക്കിറങ്ങിയതോടെ വീണ്ടും ഒഴുക്കിൽപ്പെട്ടു.
അപകട സമയത്ത് കരയിൽ നിൽക്കുകയായിരുന്ന 13കാരിയായ മൂത്ത മകൾ സഹായത്തിനായി കടവിനു സമീപമുള്ള മാടത്താനിയിൽ ശശിയുടെ വീട്ടിൽ ഓടിയെത്തി. കടവിലേക്ക് പാഞ്ഞെത്തിയ ശശി പുഴയിലേക്ക് ചാടി വെള്ളത്തിൽ മുങ്ങി താഴുകയായിരുന്ന രണ്ട് കുട്ടികളെയും ആദ്യം രക്ഷപ്പെടുത്തി. തുടർന്ന് പുഴക്കരയിലൂടെ താഴോട്ട് ഓടി മരക്കമ്പിൽ പിടിച്ച് കിടന്ന റോയിയേയും ഭാര്യയെയും കൂടി രക്ഷിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഓടി എത്തിയ സമീപവാസികൾ കൂടി ചേർന്ന് ഇവരെ മുവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സാരമായ പരിക്കുകൾ ഒന്നും ഇല്ലെകിലും റോയിയുടെ ഭാര്യ ഇപ്പോഴും ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. സ്വന്തം ജീവൻ പണയം വച്ച് കുത്തൊഴുക്കുള്ള പുഴയിൽ ചാടി നാലു ജീവനുകളെ രക്ഷിച്ച ശശി ഇപ്പോൾ നാട്ടിലെ ഹീറോയാണ്. ഒട്ടേറെ സംഘടനകളും വ്യക്തികളുമാണ് ശശിയെ അനുമോദിക്കാൻ എത്തുന്നത്. ശശിയെ ആദരിക്കാൻ സിദ്ധൻപടിയിൽ പൗരാവലിയുടെ നേത്യത്വത്തിൽ അനുമോദന യോഗം ചേർന്നു. മാത്യു കുഴൽനാടൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പോത്താനിക്കാട്, ആയവന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റു ജനപ്രതിനിധികൾ, നാട്ടിലെ സാമൂഹിക - സാംസ്‌കാരിക- രാഷ്ട്രീയ നേതാക്കൾ എന്നിവർ സംബന്ധിച്ചു.കൊച്ചു കുട്ടികൾ അടക്കം നാലുപേരുടെ ജീവൻ രക്ഷിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് രക്ഷകനായ ശശി പ്രതികരിച്ചു.
പുഴയിലെ രക്ഷകനായ ശശി ചേട്ടൻ
കാളിയാർ പുഴയിലെ അത്തിമറ്റം കടവിൽ അപകടത്തിൽ പെടുന്നവർക്ക് എന്നും രക്ഷകനാണ് മാടത്താനിയിൽ ശശി. കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ട നാലംഗ കുടുംബത്തെ കുത്തൊഴുക്കുള്ള പുഴയിൽ ചാടി രക്ഷിച്ച സംഭവം ആദ്യത്തേതല്ല. മുമ്പും 2 അവസരങ്ങളിൽ 5 ഓളം പേരുടെ രക്ഷകനായിട്ടുണ്ട്. മുമ്പ് ഒഴുക്കിൽപ്പെട്ട സിദ്ധൻ പടിയിലുള്ള പിതാവിനെയും രണ്ടു മക്കളേയും അതിനും മുമ്പ് ഒഴുക്കിൽപ്പെട്ട രണ്ട് യുവാളെയും രക്ഷിച്ചത് ശശിയാണ്.
കുത്തൊഴുക്കുള്ള പുഴയിൽ ചാടി മോഹൻലാൽ തകർത്ത് അഭിനയിച്ച മുള്ളൻകൊല്ലി വേലായുധൻ എന്ന കഥാപാത്രത്തെ അന്വർഥമാക്കുന്ന മുള്ളൻകൊല്ലി ശശി എന്നാണ് അടുത്ത സുഹൃത്തുക്കൾ ശശിയെ വിളിക്കുന്നത്. പുഴയിലെ ഏത് കുത്തൊഴുക്കിലും ചാടി രക്ഷാപ്രവർത്തനം നടത്താനുള്ള ധൈര്യമാണ് ഇങ്ങനെ ഒരു പേര് സ്‌നേഹപൂർവം വിളിക്കാൻ സുഹ്യത്തുക്കളെ പ്രേരിപ്പിക്കുന്നത്.
അത്തിമറ്റം കടവ് ഭാഗത്ത് കാഴ്‌ച്ചയിൽ പുഴയ്ക്ക് ഒഴുക്ക് അധികം തോന്നില്ല എങ്കിലും അതി ശക്തമായ അടിയൊഴുക്കാണ് ഇവിടെ ഉള്ളത്. നീന്തൽ നല്ല വശമുള്ളവർ പോലും ഇവിടെ അപകടത്തിൽ പൊടാൻ സാധ്യതയുണ്ട്. ഒരു മുന്നറിയിപ്പ് ബോർഡു പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല.
മറുനാടന് മലയാളി ലേഖകന്.