- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവിക്കൽ സമരം ഏറ്റെടുക്കുമെന്ന് പലവട്ടം പറഞ്ഞെങ്കിലും കളി കണ്ടത് മുഴുവൻ ഗ്യാലറിയിൽ ഇരുന്ന്; ഒടുവിൽ എസ് ഡി പി ഐയും വെൽഫെയർ പാർട്ടിയുമൊക്കെ സമരം ഹൈജാക്ക് ചെയ്യുമെന്നായപ്പോൾ മാനസാന്തരം; യുഡിഎഫ് സമരം ഏറ്റെടുക്കുന്നത് കാൽചോട്ടിലെ മണ്ണുപോകുമെന്ന് ഭയന്ന്
കോഴിക്കോട്: ആവിക്കൽ മാലിന്യ ട്രീറ്റ്മെന്റ് സമരം കൊടുമ്പിരി കൊണ്ടിട്ടും അതേറ്റെടുക്കാൻ എന്തുകൊണ്ട് യുഡിഎഫ് മടിച്ചുനിന്നത്? മാസങ്ങളായി തുടരുന്ന സമരം നേരിട്ട് ഏറ്റെടുത്ത് ജനങ്ങൾക്കായി എന്തെങ്കിലും ചെയ്യാൻ കോൺഗ്രസ് ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവുമൊന്നും മെയ് മറന്നൊരു സഹായമൊന്നും ചെയ്യുന്നത് കാണാനില്ലായിരുന്നു. എന്നും യു ഡി എഫിലെ കുന്തമുനയായ ലീഗുകാരും നാട്ടുകാരുമെല്ലാമായിരുന്നു ഈ സമരത്തിന്റെ മുന്നണി പോരാളികൾ.
പല തവണ യു ഡി എഫ് സമരം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് കണ്ടതെല്ലാം ഒരുതരം മെല്ലെപോക്കായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാവ് അത്തരം ഒരു പ്രസ്താവന കോഴിക്കോട്ട് വെച്ച് ഇറക്കിയത്. ഇടതുപക്ഷത്തിന് ഏത് കാലത്ത് ഭരണം കിട്ടിയാലും പ്രതിപക്ഷത്തുനിന്ന് കാടിളക്കിയുള്ള പ്രതിഷേധങ്ങളൊന്നും അധികം അനുഭവിക്കേണ്ടി വരാറില്ല.
രണ്ടാം പിണറായി സർക്കാരിന് തൊടുന്നതിലെല്ലാം കൈപൊള്ളുന്നുണ്ടെങ്കിലും കുഞ്ഞാപ്പയും കൂട്ടരും എപ്പോഴും റിസർവായി കളത്തിന് പുറത്ത് കളി കണ്ടുനിൽക്കുന്നതാണ് കാണാറ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ലീഗ് നേതൃത്വം ഈ വിഷയത്തിൽ കോൺഗ്രസ് നേതാക്കളിൽ നിന്നുൾപ്പെടെ ധാരാളം പഴി കേട്ടതുമാണ്. എന്തുതന്നെയായാലും കുഞ്ഞാപ്പക്ക് പിണറായിയോടുള്ളതിലും വലിയ പിരിശമൊന്നും കോൺഗ്രസിന്റെ ഇപ്പോഴത്തെ നേതൃത്വത്തോടില്ല. ആകെ അവർക്ക് കടപ്പാടുണ്ടായിരുന്നത് ഉമ്മൻ ചാണ്ടിയോടും കെ എം മാണിയോടുമെല്ലാമായിരുന്നു. അവരിൽ ആദ്യത്തെ ആൾ ഇപ്പോൾ വല്ലപ്പോഴും വല്ല പ്രസ്താവനയുമായി മാധ്യമങ്ങൾക്കുമുന്നിൽ വന്നാലായി. രണ്ടാമത്തെ ആൾ ജീവിച്ചിരിപ്പുമില്ല. കുറച്ചെങ്കിലും ഇഷ്ടമുണ്ടായിരുന്ന രമേശ് ചെന്നിത്തലയുടെ അവസ്ഥയും ഉമ്മൻ ചാണ്ടിയുടേതിൽ നിന്ന് വ്യത്യസ്തവുമല്ല.
ലീഗിന്റെ വോട്ട് ബാങ്കാണ് എക്കാലത്തും തീരദേശങ്ങളിലെ മുസ്ലിം ജനത, പ്രത്യേകിച്ചും മലബാറിൽ. അവരെ വിട്ട് വല്ലതുമൊക്കെ ചെയ്താൽ തലമറന്നു എണ്ണതേക്കലാവുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതൃത്വത്തിനുമറിയാം. കേരളത്തിൽ അടുത്തകാലത്തുണ്ടായതിൽ പിണറായി സർക്കാരിനെതിരേ ഏറെക്കുറെ വിജയിച്ചതെന്നു പറയാവുന്ന പ്രതിപക്ഷ നിരയുടെ സമരം കെ റെയിലുമായി ബന്ധപ്പെട്ടത് മാത്രമാണ്. യു ഡി എഫ് നേതൃത്വം വിചാരിച്ചാൽ ആവിത്തോട്ടിലെ ഈ സമരത്തെയും സംസ്ഥാന തലത്തിൽ പൊലിപ്പിക്കാനാവില്ലെങ്കിലും കുറേ കാര്യങ്ങളൊക്കെ അവർക്കും ചെയ്യാം.
പല തവണ യു ഡി എഫ് നേതാക്കൾ സമരം ഏറ്റെടുക്കുമെന്ന് പറഞ്ഞെങ്കിലും എന്തുകൊണ്ടോ അതുണ്ടായില്ല. കേരളത്തിലെ ഏത് ജനകീയ പ്രക്ഷോഭവും പോലെ ഈ സമരത്തെയും ഹൈജാക്ക് ചെയ്യാൻ എസ് ഡി പി ഐ, വെൽഫെയർ പാർട്ടി തുടങ്ങിയ തീവ്രവാദ സംഘടനകൾ സജീവമായി രംഗത്തെത്തിയിരിക്കുന്ന സ്ഥിതിയായപ്പോഴാണ് കൈവിട്ടുപോകുമെന്ന അവസ്ഥയിൽ എത്തിയപ്പോൾ എന്തുവന്നാലും സമരം ഏറ്റെടുക്കാമെന്ന നിലപാടിലേക്കു യു ഡി എഫ് എത്തിയിരിക്കുന്നത്.
ഏത് സമരമായാലും അത് ബാധിക്കുന്നവർ ആരെന്നത് നോക്കിയാണ് പലപ്പോഴും നമ്മുടെ രാഷ്ട്രീയ സംഘടനകൾ നിലപാട് ഉറപ്പിക്കാറ്. പാവപ്പെട്ടവരും മത്സ്യത്തൊഴിലാളികളും ആദിവാസികളും ദലിതനുമെല്ലാം അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളോട് അതിന്റേതായ ഗാഢതയിൽ പലപ്പോഴും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽനിന്നും പ്രതികരണങ്ങൾ സംഭവിക്കാറില്ല. അതുകൊണ്ടാണല്ലോ, ഹൈടെക്കായി കേരള സമൂഹം അനുദിനം മാറിക്കൊണ്ടിരിക്കുമ്പോഴും ആദിവാസികൾ ഇന്നും കാട്ടിലും നാട്ടിലുമെല്ലാത്ത അവസ്ഥയിൽ അടിസ്ഥാന സൗകര്യങ്ങൾപോലും ലഭിക്കാതെ ജീവിതം ജീവിച്ചുതീർക്കാൻ പാടുപെടുന്നത്.
ഗെയിൽ സമരത്തിലും ദേശീയപാത വികകസനവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിന് എതിരായ സമരത്തിലുമെല്ലാം അവസാനം രംഗത്തെത്തിയത് എസ് ഡി പി ഐ, വെൽഫെയർ പാർട്ടി പോലുള്ള സംഘടനകളായിരുന്നല്ലോ. അതേ അവസ്ഥയിലേക്കു ഈ സമരം എത്താതിരിക്കാനുള്ള മുൻകരുതലാണ് യു ഡി എഫിന്റെ സമരം ഏറ്റടുക്കുന്നതിലൂടെ സംഭവിച്ചിരിക്കുന്നത്.
എന്തുതന്നെയായാലും തീരദേശത്ത് തീവ്രവാദ സംഘടനകളുടെ സാന്നിധ്യം ഈ സമരത്തിൽ ഇപ്പോൾ കാണാനാവും. മറ്റുള്ളവരുടെ യോഗങ്ങളും പ്രതിഷേധങ്ങളുമെല്ലാം ശമിച്ചെന്നു ബോധ്യപ്പെട്ടതോടെയാണ് ഇവരെല്ലാം അരങ്ങേത്തേക്ക എത്തിയിരിക്കുന്നത്. അർബൺ നക്സലുകളും തീവ്രവാദ സംഘടനകളുമാണ് മാലിന്യ പ്ലാന്റിനെതിരേ സമരം നടത്തുന്നതെന്ന് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്ററും ഡെപ്യൂട്ടി മേയർ സി പി മുസഫർ അഹമ്മദും ആഴ്ചകൾക്ക് മുൻപ് പ്രസ്താവിച്ചതിനെയും ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്.