കൊച്ചി: കേരളം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒരു വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ. ആൺകുട്ടിയുണ്ടാകാനായി ഏത് രീതിയിലാണ് ശാരീരികബന്ധത്തിൽ ഏർപ്പെടേണ്ടതെന്ന് നിർദ്ദേശിക്കുന്ന കുറിപ്പ് വിവാഹദിവസംതന്നെ കൈമാറിയ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരേ യുവതിയുടെ നിയമ പോരാട്ടം. കൊല്ലം സ്വദേശിനിയായ 39 കാരിയാണ് ഹർജിക്കാരി. ഈ കേസിൽ ഹൈക്കോടതി നിലപാട് നിർണ്ണായകമാകും. 2012ലെ കുറിപ്പാണ് കേസിന് ആധാരം. നിലവിൽ കുടുംബ കോടതിയിൽ കേസുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ആരോപണം.

ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം വിലക്കുന്ന നിയമ പ്രകാരം ഇത്തരത്തിൽ നിർദ്ദേശം നൽകുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കാം. ഇതനുസരിച്ച് കുടുംബക്ഷേമ വകുപ്പിനുകീഴിലുള്ള പ്രീ-നേറ്റൽ ഡയഗ്‌നോസ്റ്റിക് ഡിവിഷൻ അഡീഷണൽ ഡയറക്ടർക്ക് പരാതി നൽകിയിരുന്നു യുവതി. എന്നാൽ നടപടിയുണ്ടാകാഞ്ഞതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിന്റെ വിശദീകരണം തേടി.

2012 ഏപ്രിൽ 12-നായിരുന്നു വിവാഹം. ഇംഗ്ലീഷ് മാസികയിൽ വന്ന കുറിപ്പ് മലയാളത്തിലാക്കിയാണ് കൈമാറിയത്. ഈ കുറിപ്പും ഹാജരാക്കിയിട്ടുണ്ട്. ഇത് തയ്യാറാക്കിയത് ഭർത്താവിന്റെ പിതാവാണെന്ന് തെളിയിക്കുന്ന ഫൊറൻസിക് റിപ്പോർട്ടും ഹാജരാക്കി. ഇത് കേസിൽ ഏറെ നിർണ്ണായകമായി മാറും. പെൺകുട്ടിയാണ് യുവതി പ്രസവിച്ചത്. ഇതോടെയാണ് കുടുംബ പ്രശ്‌നങ്ങൾ തുടങ്ങിയത്. അങ്ങനെ വിഷയം നിയമ പോരാട്ടത്തിലേക്ക് എത്തി.

പെൺകുട്ടി സാമ്പത്തിക ബാധ്യതയാകുമെന്നതിനാൽ കുറിപ്പിലെ നിർദ്ദേശം കർശനമായി പാലിക്കണമെന്ന് ഭർത്താവും വീട്ടുകാരും നിർബന്ധിച്ചെന്നും ഹർജിയിൽ പറയുന്നു. ഭർത്താവും ഒന്നിച്ച് ലണ്ടനിലായിരുന്നു താമസം. ഗർഭിണിയായതിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങി. 2014-ൽ പെൺകുട്ടിക്ക് ജന്മം നൽകി. പെൺകുട്ടി ജനിച്ചതോടെ ഭർത്താവിൽനിന്നും വീട്ടുകാരിൽനിന്നുമുള്ള ദ്രോഹം വർധിച്ചു. ഇതോടെ ഗാർഹിക പീഡനവും തുടങ്ങി.

കഴിഞ്ഞവർഷം ഡിസംബറിൽ ഹർജിക്കാരി കൊല്ലത്തെ കുടുംബകോടതിയെ സമീപിക്കുകയും ചെയ്തു. നടപടി ഉണ്ടാകാഞ്ഞതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.