- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കുടുങ്ങിക്കിടക്കുന്ന ശബരിമല തീർത്ഥാടകർക്ക് അടിയന്തര സൗകര്യം ഒരുക്കണം; വേണ്ടി വന്നാൽ പൊലീസ് മേധാവി ഇക്കാര്യത്തിൽ നേരിട്ട് ഇടപെടണം; അവധി ദിനത്തിൽ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി; വൻ തിരക്കിൽ തീർത്ഥാടകർ വലയവേ കോടതിയുടെ ഇടപെടൽ

കൊച്ചി: ശബരിമലയിൽ തിരക്കിനാൽ തീർത്ഥാടകൾ വലയവേ അടിയന്തര ഇടപെടലുമായി ഹൈക്കോടതി. അവധി ദിനത്തിൽ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി പൊലീസീന് കൂടുതൽ നിർദേശങ്ങൾ നല്കി. കുടുങ്ങിക്കിടക്കുന്ന ശബരിമല ഭക്തർക്ക് അടിയന്തര സൗകര്യങ്ങളൊരുക്കാൻ ഹൈക്കോടതി നിർദേശിച്ചു.
കോട്ടയം, പാല, പൊൻകുന്നം, വൈക്കം തുടങ്ങിയ സ്ഥലങ്ങളിൽ ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ തടഞ്ഞുവെച്ചിരിക്കുന്നതിലാണ് ഹൈക്കോടതി ഇടപെട്ടത്. ആവശ്യമെങ്കിൽ സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഇടപെടണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഭക്തർക്ക് സർക്കാർ ആവശ്യമായ സൗകര്യം നൽകണമെന്നും ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും ഹൈക്കോടതി പറഞ്ഞു.
14 മണിക്കൂറുകളായി ഭക്തർ കുടുങ്ങിക്കിടക്കുകയാണ്. ഇതിനൊരറുതി വരുത്തണം. സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യത്തിൽ കാര്യമായ ഇടപെടൽ നടത്തണം. ബുക്കിങ് ഇല്ലാതെ പലരും എത്തുന്ന സ്ഥിതിവിശേഷമുണ്ട്. അതിനൊരു പരിഹാരം ഉണ്ടാവണം. അവരെ കടത്തി വിടുന്ന കാര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ തിരക്ക് നിയന്ത്രിക്കുന്ന കാര്യത്തിൽ പരിഹാരം കാണാൻ കഴിയും. എന്താണ് ഇക്കാര്യത്തിൽ ചെയ്യാൻ കഴിയുകയെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആരാഞ്ഞു.
ശബരിമലയിൽ തിരക്ക് ക്രമാതീതമായി കൂടുകയാണ്. പ്രധാന ഇടത്താവളങ്ങളിലുൾപ്പെടെ വാഹനങ്ങൾ തടഞ്ഞുകൊണ്ട് തിരക്ക് ക്രമീകരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കോട്ടയം, പാല, പൊൻകുന്നം, വൈക്കം തുടങ്ങിയ സ്ഥലങ്ങളിൽ വാഹനങ്ങൾ തടഞ്ഞുവെച്ചിരിക്കുന്നതിനാൽ കാത്തുകെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ് ഉള്ളത്.
തിരക്ക് ഏറിയതോടെ വാഹനങ്ങൾ പലയിടത്തും പൊലീസ് തടഞ്ഞു. നിലക്കലും ഇടത്താവളങ്ങളിലും തീർത്ഥാടകരുടെ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാലാ-പൊൻകുന്നം റൂട്ടിൽ വഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. എലിക്കുളം മുതൽ ഇളങ്ങുളം അമ്പലം ജങ്ഷൻ വരെ എട്ടു കിലോമീറ്ററോളം ഗതാഗതകുരുക്കാണ്. 12 മണിക്കൂറോളം പിന്നിട്ട ഗതാഗതകുരുക്ക് ഇപ്പോഴും തുടരുകയാണ്. തീർത്ഥാടകരുടെ ബസുകൾ പൊലീസ് വൈക്കത്ത് പിടിച്ചിട്ടു.
വാഹനം തടയുന്നതിൽ പ്രതിഷേധവുമായി തീർത്ഥാടകർ രംഗത്തെത്തി. കോട്ടയം വൈക്കത്തും ശബരിമല തീർത്ഥാടകർ റോഡ് ഉപരോധിക്കുകയാണ്. പ്രതിഷേധിക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണു പൊലീസ്. ഇന്നലെ ഒരുലക്ഷത്തിലേറെ പേരാണു പതിനെട്ടാം പടി കയറിയത്. ഈ സീസണിലെ ഏറ്റവും ഉയർന്ന സംഖ്യയാണ് ഇത്.


