- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിലെ 196 സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിൽ ഒരു വർഷമായി പ്രിൻസിപ്പലില്ല
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ പുതിയ തലത്തിലെത്തിക്കുമെന്നാണ് സംസ്ഥാന സർക്കാർ പ്രഖ്യാപനം. അതിന് വേണ്ടിയുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് പിണറായി സർക്കാർ. ഇതിനിടെയിൽ പ്ലസ് ടു വിദ്യാഭ്യാസത്തെ മറക്കുകയാണോ സർക്കാർ? വൈസ് ചാൻസലർമാരില്ലാത്ത സർവ്വകലാശാലകൾക്കൊപ്പം സംസ്ഥാനത്തെ 196 സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിൽ ഒരു വർഷമായി പ്രിൻസിപ്പലുമില്ലെന്നതാണ് വസ്തുത.
രണ്ടുമാസംമുമ്പ് യോഗ്യതാപട്ടിക തയ്യാറായെങ്കിലും നിയമനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ സർക്കാർതീരുമാനം വൈകുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബിന്ദുവാണ്. ബിന്ദുവും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള തർക്കം സർവ്വകലാശാലകളെ പ്രതികൂലമായി ബാധിച്ചു. ഇതിനിടെയാണ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ വകുപ്പിലും പ്രശ്‌നം. പ്രിൻസിപ്പൽ ഇല്ലാത്തത് ഹയർ സെക്കന്റിയെ ആകെ ബാധിച്ചിട്ടുണ്ട്. ഇടതു രാഷ്ട്രീയമാണ് ഇവിടെ മന്ത്രിക്ക് മുന്നിലെ തടസ്സം. ഇടത് യൂണിയനുകളുടെ സമ്മർദ്ദത്തിൽ തീരുമാനം വൈകുന്ന അവസ്ഥ.
ഓൺലൈനായാണ് ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്റർമാരുടെയും ഹയർസെക്കൻഡറി അദ്ധ്യാപകരുടെയും സ്ഥലംമാറ്റത്തിനുള്ള നടപടിക്രമം നടക്കുന്നത്. അതുകൊണ്ട് തന്നെ ഇത് ഏതാണ്ട് സുതാര്യമാണ്. എന്നാൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ നിയമനത്തിന് അതു നടപ്പാക്കിയിട്ടില്ല. ഈ പഴുതു മുതലെടുത്താണ് ഇഷ്ടമുള്ള ജില്ലയ്ക്കായുള്ള അദ്ധ്യാപകരുടെ കളികൾ. ഇതിന് യൂണിയനും കൂട്ടു നിൽക്കുന്നു. ഇതോടെ മന്ത്രി ശിവൻകുട്ടിക്കും ഒന്നും ചെയ്യാൻ കഴിയുന്നില്ല.
ഹയർ സെക്കന്ററി സ്‌കൂളിൽ ഏറെ ഒഴിവുള്ള കാസർകോടുപോലുള്ള ഗ്രാമീണ മേഖലകളിലേക്കു പോവാൻ അദ്ധ്യാപകർ സമ്മതിക്കാത്തതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മുന്നിലെ മുഖ്യതടസ്സം. തസ്തികയിൽ നാലിലൊന്ന് ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്റർമാർക്ക് തസ്തികമാറ്റം വഴിയുള്ള സ്ഥാനക്കയറ്റത്തിലൂടെ നൽകുന്നതാണ്. ഇതു കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതോടെ പ്രതിസന്ധി രൂക്ഷമായി.
ജൂലായിൽ തയ്യാറാക്കിയ കരടുപട്ടികയിൽ നിയമനം നീണ്ടു. ഹൈസ്‌കൂളുകാരെ നിയമിക്കാൻ കോടതിയും സമ്മതിച്ചു. തുടർന്ന്, രണ്ടുമാസം മുമ്പ് സർക്കാർ അന്തിമയോഗ്യതാപട്ടിക തയ്യാറാക്കി. കാസർകോട് ജില്ലയിൽമാത്രം 40 പേരെ നിയമിക്കണം. ഇവിടേക്കു പോവാൻ പട്ടികയിലുള്ളവർ തയ്യാറല്ല. ഇഷ്ടമുള്ളിടത്ത് നിയമനം നേടാൻ അദ്ധ്യാപകർ ഭരണപക്ഷ സ്വാധീനമുപയോഗിച്ച് സമ്മർദവും തുടങ്ങി. ഇതോടെ സർക്കാരിനു മുന്നിൽ പ്രതിസന്ധിയായി. അഴിമതിയും പ്രിൻസിപ്പൽ മാറ്റത്തിലുണ്ടെന്നാണ് ആരോപണം.
ചില ജില്ലകളിൽ നിയമനം കിട്ടാൻ സാമ്പത്തിക വാഗ്ദാനം വരെ നൽകിയവരുണ്ട്. 29 തസ്തിക ഒഴിവുള്ള കോഴിക്കോടും 26 ഒഴിവുള്ള കണ്ണൂരുമാണ് മുന്നിലുള്ള മറ്റു ജില്ലകൾ. ഹയർ സെക്കന്ററിയിൽ പ്രിൻസിപ്പൽ നിയമനത്തിനുശേഷമേ സാധാരണ അദ്ധ്യാപകരുടെ സ്ഥലംമാറ്റം നടക്കാറുള്ളൂ.
പ്രതിസന്ധി കാരണം വെള്ളിയാഴ്ച അദ്ധ്യാപക സ്ഥലംമാറ്റത്തിനുള്ള ഉത്തരവിറങ്ങി. ഇനി പ്രിൻസിപ്പൽമാരെ നിയമിക്കുമ്പോൾ വീണ്ടും അദ്ധ്യാപക ഒഴിവകുൾ എത്തും.