ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 28നാണ് രാജ്യത്തിന് സമർപ്പിക്കുന്നത്. പുതിയ പാർലമെന്റ് രാജ്യത്തിന് സമർപ്പിക്കുന്ന അവസരത്തിൽ അധികാരമുദ്ര മന്ദിരത്തിൽ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. സ്പീക്കറുടെ സീറ്റിനു സമീപമാണ് ചരിത്രപ്രാധാന്യമുള്ള സ്വർണ ചെങ്കോൽ സ്ഥാപിക്കുക.

സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി അധികാരമുദ്രയായ ചെങ്കോൽ പാർലമെന്റിൽ സ്ഥാപിക്കുമെന്ന് അമിത് ഷാ അറിയിച്ചതോടെ എന്താണ് ചെങ്കോൽ എന്ന് അറിയാനുള്ള ചോദ്യങ്ങൾ ഉയരുകയാണ്. ലോക്സഭാ സ്പീക്കറിന്റെ ഇരിപ്പിടത്തിന് തൊട്ടരികിൽ ചെങ്കോൽ സ്ഥാപിക്കുമെന്നാണ് അമിത് ഷാ അറിയിച്ചത്. ഇന്ത്യയുടെ ചരിത്രത്തിൽ ചെങ്കോലിന് വലിയ പ്രാധാന്യമുണ്ടെന്നും അമിത് ഷാ പറഞ്ഞു.

സ്വാതന്ത്ര്യ രാത്രിയിൽ മുൻ പ്രധാനമന്ത്രി നെഹ്റുവിന് നൽകിയ മുദ്രയാണ് പാർലമെന്റിൽ സ്ഥാപിക്കുന്നത്. തമിഴിൽ ചെങ്കോൽ എന്ന് അറിയപ്പെടുന്ന ഈ അധികാരമുദ്ര, ബ്രിട്ടനിൽ നിന്ന് അധികാരം ഏറ്റെടുത്തതിന്റെ അടയാളമായാണ് നെഹ്റുവിന് കൈമാറിയത്.

ഇന്ത്യയ്ക്ക് സ്വർണ ചെങ്കോൽ ലഭിച്ച ശേഷം, ചോള രാജവംശത്തിന്റെ അടയാളമായ ചെങ്കോൽ ഘോഷയാത്രയായാണ് ഭരണഘടനാ നിർമ്മാണ സഭയിലേക്ക് കൊണ്ടുപോയത്. നീതിയും നിഷ്പക്ഷവുമായ ഭരണത്തെയാണ് ചെങ്കോൽ പ്രതീകവത്കരിക്കുന്നത്. തമിഴിലുള്ള ചെങ്കോൽ എന്ന പദം സൂചിപ്പിക്കുന്നതു നിറ സമ്പത്തിനെയാണെന്നും അമിത് ഷാ പറയുന്നു.

സ്വാതന്ത്ര്യത്തിന്റെ വേളയിൽ തമിഴ്‌നാട്ടിലെ പ്രമുഖ ശൈവ മഠത്തിലെ പുരോഹിതരാണ് ചെങ്കോൽ സമ്മാനിച്ചത്. നീതിയുക്തമായ ഭരണത്തെയാണ് ഇത് പ്രതീകവത്കരിക്കുന്നത്. കൂടുതൽ സമത്വവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്ത്യയിലേക്കുള്ള ശക്തമായ പ്രതിബദ്ധതയെയും ഇത് പ്രതിനിധീകരിക്കുന്നു.

ഉദ്ഘാടനത്തിന് എല്ലാ കക്ഷികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രിയുടെ വിശാലകാഴ്ചപ്പാടാണ് പുതിയ പാർലമെന്റ് മന്ദിരം. നമ്മുടെ സംസ്‌കാരവുമായി ഇഴചേർന്നതാണ് മന്ദിരമെന്നും അമിത് ഷാ പറഞ്ഞു. ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള തീരുമാനം പ്രതിപക്ഷം പുനഃപരിശോധിക്കണമെന്ന് പാർലമെന്ററി കാര്യ മന്ത്രി ആവശ്യപ്പെട്ടു.

പുതിയ പാർലമെന്റ് മന്ദിരം റെക്കോർഡ് സമയം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. 60,000 നിർമ്മാണ തൊഴിലാളികളെ പ്രധാനമന്ത്രി ആദരിക്കും. മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കുന്നതിനോട് അനുബന്ധിച്ച് വാർത്താസമ്മേളനം നടത്തുകയായിരുന്നു അമിത് ഷാ.

'ചെങ്കോൽ' വീണ്ടും അവതരിപ്പിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു. 'ഒരു ചരിത്ര സംഭവം ആവർത്തിക്കുകയാണ്. തമിഴിൽ ഇതിനെ സെങ്കോൾ എന്ന് വിളിക്കുന്നു. ഇത് ചരിത്രപരമാണ്. കൂടാതെ ഇത് രാജ്യത്തിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ടതുമാണ്. ചെങ്കോൽ ഒരു സാംസ്‌കാരിക പൈതൃകമാണ്. 1947 ഓഗസ്റ്റ് 14 മായി ബന്ധപ്പെട്ട ഇത് ചരിത്രത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

എന്നാൽ, ഇത്രയും വർഷമായിട്ടും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടില്ല. ഓഗസ്റ്റ് 14-ന് ബ്രിട്ടീഷുകാരിൽ നിന്ന് നെഹ്‌റുവാണ് ചെങ്കോൽ സ്വീകരിച്ചത്. ഇന്ത്യൻ സംസ്‌കാരത്തിൽ, പ്രത്യേകിച്ച് തമിഴ് സംസ്‌കാരത്തിൽ ചെങ്കോലിന് വലിയ പ്രാധാന്യമുണ്ട്. ചോള രാജവംശത്തിന്റെ കാലം മുതൽ ഇതിന് പ്രാധാന്യമുണ്ട്. ഇത് പുതിയ പാർലമെന്റിൽ സൂക്ഷിക്കും', അദ്ദേഹം പറഞ്ഞു.

ഇതിനിടെ കോൺഗ്രസ്, ആം ആദ്മി പാർട്ടി (എഎപി), ശിവസേന (യുബിടി), തൃണമൂൽ കോൺഗ്രസ് (ടിഎംസി), ജനതാദൾ (യുണൈറ്റഡ്) എന്നിവയുൾപ്പെടെ 19 പ്രതിപക്ഷ പാർട്ടികൾ ഒരു സംയുക്ത പ്രസ്താവന ഇറക്കി. മെയ് 28 ന് നടക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്നാണ് പ്രതിപക്ഷം വ്യക്തമാക്കിയിരിക്കുന്നത്.

അധികാരമുദ്ര

ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ അധികാരത്തിന്റെ കൈമാറ്റം എങ്ങനെ സൂചിപ്പിക്കണമെന്ന് അന്ന് പ്രധാനമന്ത്രിയാകാനിരുന്ന ജവാഹർലാൽ നെഹ്‌റുവിനോട് ബ്രിട്ടിഷ് ഇന്ത്യയുടെ അവസാന വൈസ്രോയി മൗണ്ട്ബാറ്റൻ പ്രഭു ചോദിച്ചതോടെയാണ് ചെങ്കോൽ എന്ന അധികാര മുദ്രയിലേക്ക് രാജ്യമെത്തുന്നത്. അന്നത്തെ ഇന്ത്യയുടെ അവസാന ഗവർണർ ജനറലായിരുന്ന സി. രാജഗോപാലാചാരിയെയാണ് (രാജാജി) നെഹ്‌റു ഇക്കാര്യത്തിൽ സമീപിച്ചത്.

രാജാജി എന്നറിയപ്പെടുന്ന അദ്ദേഹം തമിഴ് പാരമ്പര്യമായ ചെങ്കോലിന്റെ കാര്യം നെഹ്‌റുവിനോടു പറഞ്ഞു. പുതിയ രാജാവ് അധികാരമേൽക്കുമ്പോൾ പൂജാരി ചെങ്കോൽ കൈമാറുന്ന ചടങ്ങിനെക്കുറിച്ചു കേട്ടതോടെ ബ്രിട്ടിഷ് ഭരണത്തിൽനിന്ന് സ്വാതന്ത്ര്യം നേടുന്ന ഇന്ത്യയുടെ പുതിയ അധികാരത്തെ ചെങ്കോൽ കൈമാറ്റം കൊണ്ട് സൂചിപ്പിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.