- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കാണാൻ പോയപ്പോൾ കണ്ട ഭാവം നടിക്കാതെ നായ്ക്കൾക്ക് തീറ്റ കൊടുത്തു കൊണ്ടിരുന്ന രാഹുലിനോട് കലിപ്പായി; ബിജെപിയിൽ ചേർന്നപ്പോൾ മുതൽ സദ്ദാ ഹുസൈനെന്നും, ജിന്നയെന്നും പലപ്പോഴും പരിഹാസം; ഒടുവിൽ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയെന്ന് തിരിച്ചടി; ഹിമന്ദ-രാഹുൽ പോരിന്റെ ചരിത്രം
ഗുവാഹത്തി: ആരും ഒട്ടും വിട്ടുകൊടുക്കുന്നില്ല. ഭാരത് ജോഡോ ന്യായ് യാത്ര നയിക്കുന്ന രാഹുൽ ഗാന്ധിയാകട്ടെ, അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയാകട്ടെ, കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന മട്ടിലാണ് പോര്. ഇത്രയും നാൾ വാക്‌പോരായിരുന്നു. ഇപ്പോൾ, ഗുവാഹത്തിയിൽ വച്ചുണ്ടായ സംഘർഷത്തിന്റെ പേരിൽ, രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് അസം മുഖ്യമന്ത്രി. കോൺഗ്രസ് പ്രവർത്തകരെ രാഹുൽ പ്രകോപിപ്പിച്ചെന്നും, ദൃശ്യങ്ങൾ തെളിവായി എടുക്കുമെന്നും ഹിമന്ദ ബിശ്വ ശർമ പറഞ്ഞിരിക്കുകയാണ്.
ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ എത്തിയപ്പോൾ മുതൽ ഇരുവരും തമ്മിലുള്ള വാക് പോര് കടുത്തിരിക്കുകയാണ്. യാത്രയെ അട്ടിമറിക്കാൻ, ഹിമന്ദ ശർമയും കൂട്ടരും ഗൂണ്ടകളെ നിയോഗിച്ചിരിക്കുക ആണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എന്നാൽ, ആൾക്കൂട്ടം ജയ്ശ്രീറാം ഉച്ചത്തിൽ വിളിച്ചപ്പോൾ രാഹുൽ പ്രകോപിതനായി എന്നാണ് അസം മുഖ്യമന്ത്രി തിരിച്ചടിച്ചത്. ഇരുവരും തമ്മിലെ സംഘർഷം അപ്രതീക്ഷിതമല്ല. അനിഷ്ടത്തിന്റെ ചരിത്രം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് ചുരുക്കം.
തന്നെ കേൾക്കാത്ത രാഹുലിനോട് പക
2014 വരെ കോൺഗ്രസിൽ പ്രവർത്തിച്ച ഹിമന്ദ, 2015 ഓഗസ്റ്റിൽ ബിജെപിയിൽ ചേരുകയായിരുന്നു. അന്നത്തെ അസം മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ തരുൺ ഗോഗോയിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ഹിമന്ദ കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. താൻ ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കുന്നതിന് ഹൈക്കമാൻഡ് തയ്യാറായില്ല എന്നും രാഹുൽ ഗാന്ധി താനുമായി ചർച്ചയ്ക്ക് പോലും തയ്യാറായില്ല എന്നും ഹിമന്ദ കോൺഗ്രസിൽ നിന്ന് രാജിവെയ്ക്കുമ്പോൾ പറഞ്ഞിരുന്നു. ബിജെപിയിൽ ചേർന്ന ഹിമന്ദ, പാർട്ടിയുടെ അസം തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ചെയർമാൻ ആകുകയും ബിജെപിയെ അധികാരത്തിൽ എത്തിക്കുകയുമായിരുന്നു. ഇന്നിപ്പോൾ വടക്ക് കിഴക്കൻ മേഖലയിലെ ബിജെപിയുടെ രാഷ്ട്രീയ ചാണക്യനാണ് ഹിമന്ദ ബിശ്വ ശർമ.
2017 ൽ രാഹുൽ തന്റെ നായ്ക്കൾ ബിസ്‌ക്കറ്റ് കഴിക്കുന്ന വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഉടനെ വന്നു ഹിമന്ദയുടെ കൊട്ട്. മുമ്പ് അസമിൽ നിന്നുള്ള നേതാക്കൾ രാഹുലിനെ കാണാൻ പോയപ്പോൾ ഇതുപോലെ നായ്ക്കളെ ഊട്ടി കൊണ്ടിരുന്ന രാഹുൽ നേതാക്കളെ അവഗണിച്ചെന്നാണ് ഹിമന്ദ കുറ്റപ്പെടുത്തിയത്. ' ആർക്കാണ് എന്നേക്കാൾ നന്നായി രാഹുലിനെ അറിയാവുന്നത്. അസമിന്റെ അടിയന്തര പ്രശ്‌നങ്ങൾ ചർച്ച ചെയ്യേണ്ട സമയത്ത് നായ്ക്കൾക്ക് ബിസ്‌കറ്റ് കൊടുത്തുകൊണ്ടിരുന്ന താങ്കളെ ഇപ്പോഴും ഞാൻ ഓർക്കുന്നു', ഹിമന്ദ അന്ന് എക്‌സിൽ കുറിച്ചു.അന്ന് മുതൽ സ്ഥിരമായി രാഹുലിനെ പരിഹസിക്കാൻ ഹിമന്ദ ഈ സംഭവം എടുത്തിടാറുണ്ട്.
Sir @OfficeOfRG,who knows him better than me.Still remember you busy feeding biscuits 2 him while We wanted to discuss urgent Assam's issues https://t.co/Eiu7VsuvL1
- Himanta Biswa Sarma (@himantabiswa) October 29, 2017
Mr. Rahul Gandhi, those who prefer to feed biscuits to dogs in the presence of leaders from Assam and then offer them the same biscuits should be the last people to talk about political decency.
- Himanta Biswa Sarma (@himantabiswa) February 2, 2022
High command mindset is INC's be all and end all. The people of India know it well.
അന്തമില്ലാത്ത വാക്‌പോര്
കോൺഗ്രസ് വിട്ടപ്പോൾ മുതൽ ഹിമന്ദ രാഹുലിനെ തന്റെ കരിമ്പട്ടികയിലാക്കി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ബിജെപിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ വിമർശനങ്ങൾക്കെതിരെ രൂക്ഷ പ്രതികരണമാണ് ഹിമന്ദ ബിശ്വ ശർമ നടത്തിയത്. ബിജെപി രാഷ്ട്രീയത്തിൽ കുടുംബവാഴ്ചയാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് ഹിമന്ദ ആഞ്ഞടിച്ചത്. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മകൻ പങ്കജ് സിങ് ഉത്തർപ്രദേശിലെ കേവലം എംഎൽഎ മാത്രമാണെന്നും രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ കുറിച്ചു പറയുകയാണെങ്കിൽ പ്രിയങ്കാ ഗാന്ധിയോളം വരുമോ എന്നും ഹിമന്ദ ബിശ്വാസ് ശർമ ചോദിച്ചു. കേന്ദ്രമന്ത്രി അമിത്ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയാണ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയെ ചൊടിപ്പിച്ചത്.
അമിത് ഷായുടെ മകൻ ജയ് ഷാ, അനുരാഗ് താക്കൂർ, രാജ്‌നാഥ് സിങ്ങിന്റെ മകൻ പങ്കജ് സിങ് എന്നിവർ രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയ്ക്ക് ഉദാഹരണമാണെന്നായിരുന്നു രാഹുലിന്റെ ആരോപണം. ''രാഹുൽ ഗാന്ധി ആദ്യം രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയുടെ അർഥം മനസ്സിലാക്കണം. ബിസിസിഐ ബിജെപിയുടെ ഭാഗമാണെന്നാണ് അദ്ദേഹം കരുതുന്നത്. പാവം. വിദ്യാഭ്യാസമില്ലാത്തയാളാണ്.'' ഹിമന്ദ ബിശ്വ ശർമ പറഞ്ഞു.
'എന്താണ് രാഷ്ട്രീയത്തിലെ കുടുംബവാഴ്ച? ആദ്യം അദ്ദേഹം അത് എന്താണെന്നു മനസ്സിലാക്കണം. അമിത് ഷായുടെ മകൻ ബിജെപിയിൽ ഇല്ല. പക്ഷേ, രാഹുലിന്റെ കുടുംബം മുഴുവൻ കോൺഗ്രസിലുണ്ട്. ഇപ്പോൾ അദ്ദേഹം എല്ലാകാര്യത്തിലും കുറ്റങ്ങൾ കണ്ടെത്തുകയാണ്. അദ്ദേഹമാണ് എല്ലാത്തിന്റെയും കാരണമെന്ന് രാഹുലിനു മനസ്സിലാകുന്നില്ല. അച്ഛൻ, അമ്മ, സഹോദരി, മുത്തച്ഛൻ അങ്ങനെ അദ്ദേഹത്തിന്റെ കുടുംബത്തിലെ എല്ലാവരും രാഷ്ട്രീയത്തിലുള്ളവരാണ്. അവരാണ് ആ പാർട്ടിയെ നിയന്ത്രിക്കുന്നത്. അവിടെ ഒരു സമാന്തര രേഖ കണ്ടെത്താൻ അദ്ദേഹത്തിനു സാധിച്ചിട്ടില്ല.' ഹിമന്ദ ബിശ്വ ശർമ പറഞ്ഞു.
ഇന്ത്യ ലോകകപ്പിൽ തോറ്റതിനും
ഇന്ത്യ ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടത് മത്സരം ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തിലായതിനാലാണെന്ന വാദവുമായി ഹിമന്ത ബിശ്വ ശർമ രംഗത്തെത്തിയിരുന്നു. നവംബർ 19ന് അഹ്‌മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിനാണ് പരാജയപ്പെട്ടത്. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇന്ത്യ തോറ്റത് മോദിയുടെ സാന്നിധ്യം കൊണ്ടാണെന്നും അപശകുനമായി അദ്ദേഹം ഫൈനൽ കാണാനെത്തിയതോടെ കളി തോൽക്കുകയായിരുന്നുമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഇതിന് മറുപടിയെന്ന രീതിയിലാണ് അസം മുഖ്യമന്ത്രി ഗാന്ധി കുടുംബത്തിനെതിരെ രംഗത്തെത്തിയത്.
നമ്മൾ എല്ലാ മത്സരങ്ങളും ജയിക്കുകയും ഫൈനലിൽ പരാജയപ്പെടുകയും ചെയ്തു. എന്തുകൊണ്ടാണ് നമ്മൾ തോറ്റതെന്ന് ഞാൻ അന്വേഷിച്ചു. ലോകകപ്പ് ഫൈനൽ കളിച്ചത് ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തിലായതിനാലാണ് കളി തോറ്റതെന്ന് എനിക്ക് കണ്ടെത്താനായി. നമ്മൾ ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തിൽ കളിച്ചു, രാജ്യം തോറ്റു. എനിക്ക് ബി.സി.സിഐയോട് ഒരപേക്ഷയുണ്ട്. ഗാന്ധി കുടുംബാംഗങ്ങളുടെ ജന്മദിനത്തിൽ ഇന്ത്യ മത്സരങ്ങൾക്കിറങ്ങരുത്. എനിക്ക് ഈ ലോകകപ്പിൽനിന്ന് ലഭിച്ച പാഠമാണത്', എന്നിങ്ങനെയായിരുന്നു ഹിമന്ദ ബിശ്വ ശർമയുടെ പരിഹാസം.
സദ്ദാം ഹുസൈനും ജിന്നയും
ഭാരത് ജോഡോ യാത്രയ്ക്കിടെ, രാഹുൽ തന്റെ താടി നീട്ടി വളർത്തിയതിനെ പരിഹസിച്ചാണ് കണ്ടാൽ സദ്ദാം ഹുസൈനെ പോലുണ്ടെന്ന് ഹിമന്ദ പരിഹസിച്ചത്. 2022 ഫെബ്രുവരിയിൽ രാഹുൽ ഗാന്ധിയെ മുഹമ്മദ് അലി ജിന്നയോടും ഹിമന്ദ ബിശ്വ ശർമ ഉപമിച്ചു. രാഹുൽ ഗാന്ധിയെ ആധുനിക ജിന്നയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയതിന് തെളിവ് ചോദിച്ച രാഹുൽ ഗാന്ധിയോട് നിങ്ങൾ രാജീവ് ഗാന്ധിയുടെ മകനാണോ അല്ലയോ എന്ന് ശർമ ചോദിച്ചിരുന്നു. ഇതിനെ പറ്റി വിശദീകരിക്കുന്നതിനിടയിലാണ് രാഹുൽ ഗാന്ധിയെ ജിന്നയോട് ഉപമിച്ചത്. 'രാഹുലിന്റെ ഭാഷയും വാക്ചാതുര്യവും 1947ന് മുമ്പുള്ള ജിന്നയുടെ ഭാഷയ്ക്ക് സമാനമാണ്. ഒരു തരത്തിൽ പറഞ്ഞാൽ, രാഹുൽ ഗാന്ധി ആധുനിക ജിന്നയാണ്,' അദ്ദേഹം പറഞ്ഞു.
രാഹുൽ ആദ്യം മിണ്ടിയില്ല, യാത്ര തുടങ്ങിയപ്പോൾ മിണ്ടി
ഭാരത് ജോഡോ ന്യായ് യാത്ര തുടങ്ങും വരെ രാഹുൽ ഹിമന്ദയ്ക്ക് എതിരെ നേരിട്ടുള്ള ആക്രമണങ്ങൾക്ക് മുതിർന്നില്ല. എന്നാൽ, യാത്ര അസമിൽ എത്തിയതോടെ, രാഹുലും വെറുതെയിരുന്നില്ല. ഹിമന്ത ബിശ്വ ശർമ്മ രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണെന്നും മറ്റ് ബിജെപി മുഖ്യമന്ത്രിമാരെ അഴിമതി പഠിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാർ ഗാന്ധി കുടുംബമാണെന്ന് ഇതിന് മറുപടിയായി ശർമ്മ പറഞ്ഞു.
'ഒരുപക്ഷേ, ഇന്ത്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ അസമിലാണ്. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്കറിയാം. യാത്രയിൽ അസമിലെ പ്രശ്‌നങ്ങൾ ഞങ്ങൾ ഉന്നയിക്കും,' രാഹുൽ പറഞ്ഞു. 'എന്റെ അഭിപ്രായത്തിൽ, രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ കുടുംബമാണ് ഗാന്ധി കുടുംബം, ഗാന്ധി കുടുംബം 'ഡ്യൂപ്ലിക്കേറ്റ്' പേരു വഹിക്കുന്നുണ്ട്', ഹിമന്ദ തിരിച്ചടിച്ചു. ശർമയും കുടുംബവും ഏറ്റവും വലിയ അഴിമതിക്കാരെന്ന് പറഞ്ഞ് രാഹുൽ വിമർശനത്തിന്റെ ശക്തി കൂട്ടുകയായിരുന്നു. ബോഫോഴ്‌സ്, നാഷണൽ ഹെറാൾഡ്, ഭോപ്പാൽ വാതക ദുരന്തം, ടു ജി കോഴ, കൽക്കരി കോഴ അങ്ങനെ രാഹുലിനെതിരെ തിരിച്ചടിച്ച് ഹിമന്ദ ശർമയും രംഗം കൊഴുപ്പിച്ചു.
വാക്‌പോര് അക്രമമായി
വാക്‌പോരിൽ തീർന്നില്ല കാര്യങ്ങൾ. സംഗതി ഇരുപാർട്ടികളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങി. കഴിഞ്ഞ മൂന്നുദിവസത്തിനിടെ, രണ്ടുവട്ടം ബിജെപി ഗൂണ്ടകൾ ആക്രമിച്ചുവെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ശങ്കർ ദേവ് ക്ഷേത്ത്രതിൽ തിങ്കളാഴ്ച രാഹുലിന് കാരണം ഒന്നുമില്ലാതെ പ്രവേശനം നിഷേധിച്ചതും പ്രശ്‌നം കൂടുതൽ വഷളാക്കി. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ശേഷം ക്ഷേത്രത്തിൽ പ്രവേശിച്ചാൽ മതിയെന്നായിരുന്നു പൊലീസ് നിലപാട്. ഇതോടെ ക്ഷേത്രത്തിന് പുറത്ത് പ്രതിഷേധ ധർണ നടത്തിയ രാഹുൽ ഗാന്ധിജിയുടെ പ്രിയ ഭജൻ രഘുപതി രാഘവ രാജാ റാം പാടി കൊണ്ടിരുന്നു.
ഗുവാഹത്തിയിലും പ്രവേശനം നിഷേധിച്ചു
എരിതീയിൽ എണ്ണയൊഴിച്ചുകൊണ്ട് ഗുവാഹത്തി നഗരത്തിലും യാത്രയ്ക്ക് ഹിമന്ദ പ്രവേശനം നിഷേധിച്ചു. ഇതോടെ, കോൺഗ്രസും പൊലീസും തമ്മിൽ സംഘർഷമായി. ഗുവാഹത്തിയിലൂടെ തന്നെ യാത്ര പോകുമെന്ന് രാഹുലും തീരുമാനിച്ച് ഉറപ്പിച്ചതോടെ പൊലീസും പ്രവർത്തരും തമ്മിൽ ഉന്തും തള്ളുമായി. ഗുവാഹത്തിയിലെ വിദ്യാർത്ഥികളുമായി സംവദിക്കാനുള്ള അവസരം തനിക്ക് നിഷേധിച്ചതായി രാഹുൽ ആരോപിച്ചു. ബസിന്റെ മുകളിൽ നിന്ന് രാഹുൽ സംസാരിക്കുന്നതിനിടെയാണ് പൊലീസ് യാത്ര തടഞ്ഞത്. ഇതോടെ ബാരിക്കേഡുകൾ തകർത്ത് കോൺഗ്രസ് പ്രവർത്തകർ മുന്നേറി. 'ഇത് അസം സംസ്‌കാരത്തിന്റെ ഭാഗമല്ല. സമാധാനമുള്ള സംസ്ഥാനമാണ് അസം. ഇത്തരം നക്‌സലൈറ്റ് തന്ത്രങ്ങൾ ഞങ്ങളുടെ സംസ്‌കാരത്തിന് അന്യമാണ്. ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചതിന് രാഹുലിന് എതിരെ കേസെടുക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകി'' ഹിമന്ദ ബിശ്വ ശർമ എക്‌സിൽ കുറിച്ചു.
These are not part of Assamese culture. We are a peaceful state. Such "naxalite tactics" are completely alien to our culture.
- Himanta Biswa Sarma (@himantabiswa) January 23, 2024
I have instructed @DGPAssamPolice to register a case against your leader @RahulGandhi for provoking the crowd & use the footage you have posted on your… https://t.co/G84Qhjpd8h
ഗുവാഹത്തി നഗരത്തിലൂടെ സഞ്ചരിക്കാൻ രാഹുലിനെ ശർമ അനുവദിക്കുമോ എന്ന് കണ്ടറിയണം. രാഹുലിന് എതിരെ കേസെടുത്തത് തന്നെ ആ ദിശയിലൂള്ള നീക്കമാണ്.