തിരുവനന്തപുരം: ഗോവിന്ദച്ചാമയുമായി വിദൂര ബന്ധം പോലും ഇല്ലെന്ന് അവകാശപ്പെടുന്ന ആകാശപ്പറവകൾ എങ്ങനെയാണ് ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്? സൗമ്യ വധക്കേസിൽ പ്രതി അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ചാർലി തോമസ് എന്ന പേരിൽ വാർത്തകൾ വന്നെങ്കിലും പിന്നെ എങ്ങനെയാണ് അത് ഗോവിന്ദച്ചാമി ആയി മാറിയത്? ബോധ പൂർവ്വം ചിലർ ക്രിസ്ത്യൻ നാമം പുറത്തു വരാതിരിക്കാനായി ഗോവിന്ദച്ചാമി എന്ന് പേര് ഉപയോഗിക്കുക ആയിരുന്നോ? ഗോവിന്ദച്ചാമി എന്ന പേര് എങ്ങനെ ഒടുവിൽ ഗോവിന്ദ സ്വാമിയായി മാറി?
ആകാശപ്പറവകളുടെ പേരിൽ ആരെങ്കിലും സൗമ്യയുടെ വീട്ടിൽ ചെന്ന് ഗോവിന്ദച്ചാമിക്ക് വേണ്ടി മധ്യസ്ഥത്തിന് ശ്രമിച്ചോ? ഇല്ലെങ്കിൽ എങ്ങനെ അങ്ങനെ ഒരു പ്രചരണം ഉണ്ടായി?

ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം കിട്ടിയാലേ ആകാശപ്പറവകളുമായി ബന്ധപ്പെട്ട വിവാദം പൂർണ്ണമായും അവസാനിക്കൂ. അനേകം സംഘടനകൾ ഉണ്ടായിട്ടും എങ്ങനെയാണ് ആകാശപ്പറവകൾക്ക് മാത്രം സൗമ്യ വധക്കേസുമായി ബന്ധമുണ്ടാകുന്നതെന്നും എന്നതും പ്രസക്തമായ ചോദ്യമാണ്? ഈ സംശയങ്ങൾ മുഴുവൻ വിശ്വസനീയമായി തോന്നുന്നത് ഒരൊറ്റ ചോദ്യത്തിനുള്ള ഉത്തരം ഇല്ലാത്തതു കൊണ്ട് മാത്രമാണ്. ആരാണ് ഗോവിന്ദച്ചാമിയുടെ കേസ് നടത്താൻ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നത്? തീർച്ചയായും ഏതോ ഒരു അദൃശ്യകരം അതിന് പിന്നിലുണ്ട്? ആ ആദൃശ്യകരം വെളിയിൽ വരുന്നതു വരെ സംശയം ഉണ്ടാകുക സ്വാഭാവികമാണ്.

ചാർലി തോമസ് ഗോവിന്ദച്ചാമി ആയതും പിന്നെ ഗോവിന്ദച്ചാമി ഗോവിന്ദ സ്വാമി ആയതും എങ്ങനെ?

2011 ഫെബ്രുവരി ഒന്നിനാണ് വള്ളത്തോൾ റെയിൽവെ സ്‌റ്റേഷന് സമീപത്തെ റെയിൽവേ ട്രാക്കിൽ ബലാത്സംഗം ചെയ്യപ്പെട്ട നിലയിൽ ഗുരുതവരാവസ്ഥയിൽ സൗമ്യയെ കണ്ടെത്തിയത്. തീവണ്ടിയിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വച്ചാണ് സൗമ്യയെ ആക്രമിച്ച പ്രതി തള്ളിയിട്ട ശേഷമാണ് കൃത്യം നടത്തിയത്. അടുത്ത ദിവസങ്ങളിൽ പുറത്തിറങ്ങിയ മാതൃഭൂമി പത്രമാണ് കേരളത്തെ നടുക്കുന്ന വിധത്തിലുള്ള ഈ സംഭവം അതീവ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത്. തൊട്ടടുത്ത ദിവസങ്ങളിലായി മറ്റ് മാദ്ധ്യമങ്ങളും നടക്കുന്ന ഈ സംഭവത്തിന് വേണ്ടി സ്ഥലം മാറ്റിവച്ചു. ഇതോടെ സൗമ്യയ്‌ക്കൊപ്പം യാത്രചെയ്ത മറ്റുള്ളവർ നല്കിയ സൂചന അനുസരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തുകയും കോയമ്പത്തൂര് വച്ച് പ്രതിയെ അറസ്റ്റു ചെയ്യുകയും ചെയ്തു.

പ്രതിയെ അറസ്റ്റു ചെയ്യുമ്പോൾ പൊലീസിനോട് ഇയാൾ പറഞ്ഞിരുന്ന പേര് ചാർളി തോമസ് എന്നായിരുന്നു. അടുത്ത ദിവസം മാദ്ധ്യമങ്ങളിലെല്ലാം ഈ പേര് അച്ചടിച്ചു വരുകയും ചെയ്തു. പാലക്കാട് ജില്ലയിലും കോയമ്പത്തൂരിലുമായി മോഷണവും പിടിച്ചുപറിയുമായി നടന്ന ഇയാൾ പലപേരുകളിലായിരുന്നു അന്ന് അറിയപ്പെട്ടത്. ഗോവിന്ദച്ചാമി, ചാർലി, കൃഷ്ണൻ, രാജ, രമേഷ് തുടങ്ങി നിരവധി പേരുകളിലായിരുന്നു ഗോവിന്ദച്ചാമിയുടെ മോഷണങ്ങൾ. അതുകൊണ്ട് തന്നെ സൗമ്യ കേസിൽ പിടിയിലായ ഗോവിന്ദച്ചാമി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ കള്ളപ്പേരായിരുന്നു ചാർളി തോമസ് എന്ന ക്രിസ്ത്യൻ പേര്. ഈ പേരിന്റെ പിന്നാലെയാണ് മതംമാറ്റ കഥകളും ആകാശപ്പറവകളുമെല്ലാം വരുന്നത്.

എന്നാൽ വസ്തുതകൾ പരിശോധിക്കുമ്പോൾ ചാർലി തോമസ് എന്ന പേരിന് പിന്നിൽ ദൂരുഹത കാണുന്നതിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാകുകയും ചെയ്യും. പൊലീസ് നൽകിയ ആദ്യ വിവരം അനുസരിച്ച് വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങൾ നൽകിയ ചാർലി തോമസ് എന്ന പേരായിരുന്നു. പിന്നീട് പൊലീസ് അന്വേഷണത്തിൽ ഇത് കള്ളപ്പേരാണെന്ന് അറിഞ്ഞതോടെയാണ് മാദ്ധ്യമങ്ങൾ ഗോവിന്ദച്ചാമിയിലേക്ക് എത്തിയത്. പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിന്നീട് മാദ്ധ്യമങ്ങളെല്ലാം ഗോവിന്ദച്ചാമിയെന്ന പേരാണ് ഉപയോഗിച്ചത്. എന്നാൽ, ഇപ്പോൾ സുപ്രീം കോടതി വിധിയുടെ പകർപ്പ് പുറത്തുവരുമ്പോഴാണ് മാദ്ധ്യമങ്ങൾക്ക് അടക്കം ഗോവിന്ദസ്വാമിയെന്നാണ് സൗമ്യ വധക്കേസ് പ്രതിയുടെ പേരെന്ന് വ്യക്തമാകുന്നത്. ചാമിയെന്ന പേര് ഉപയോഗിച്ചത് മാദ്ധ്യമങ്ങൾക്കെല്ലാം ഒരുപോലെ പിഴവുപറ്റിയതാണോ എന്ന കാര്യത്തിൽ ചില ദുരൂഹതകൾ നിലനിൽക്കുന്നുണ്ട് താനും.

വിധി പകർപ്പ് ലഭിച്ചപ്പോൾ ഗോവിന്ദസ്വാമിയെന്ന പേര് ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാദ്ധ്യമങ്ങൾ ഉപയോഗിച്ചു തുടങ്ങുകയുമുണ്ടായി. അതേസമയം ചെറിയ കാര്യത്തിൽ പോലും ശ്രദ്ധിക്കുന്ന ദ ഹിന്ദു ദിനപത്രം അടക്കം ഗോവിന്ദച്ചാമിയെന്ന പേരാണ് നൽകിയത്. സുപ്രധാനമായ കേസിൽ എല്ലാ മാദ്ധ്യമങ്ങൾക്കും ഒരുപോലെ പേരിന്റെ കാര്യത്തിൽ എങ്ങനെ പിഴവു സംഭവിച്ചു എന്ന ചോദ്യം അവിടെ പ്രസക്തമാണ് താനും. ചാർലി ഗോവിന്ദച്ചാമി ആയതും ഗോവിന്ദച്ചാമി ഗോവിന്ദസ്വാമി ആയതും ഇങ്ങനെയാണെന്ന് വ്യക്തമാകുമ്പോൾ സംഘപരിവാറുകാരും തേജസും ആകാശപ്പറവകൾക്ക് മേൽ ഉന്നയിക്കുന്ന മതംമാറ്റ ആരോപണം
പൊള്ളയെന്ന് വ്യക്തമാകും. ബോധപൂർവ്വം ചിലർ ക്രിസ്ത്യൻ നാമം പുറത്തു വരാതിരിക്കാനായി ഗോവിന്ദച്ചാമി എന്ന് പേര് ഉപയോഗിക്കുക ആയിരുന്നു എന്ന വാദമാണ് ഇവിടെ പൊളിയുന്നത്.

ആകാശപ്പറവകൾ സംശയത്തിലായത് എങ്ങനെ?

സുപ്രീം കോടതി ഗോവിന്ദച്ചാമിയെ തൂക്കുകയറിൽ നിന്നു രക്ഷിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നതോടെയാണ് ആകാശപ്പറവകളുടെ കഥയുമായി തേജസ് പത്രം രംഗത്തെത്തിയത്. ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായ വക്കീൽ ആളൂരിന് പണം എവിടുന്നു കിട്ടിയെന്ന ചോദ്യത്തിന് ഉത്തരമായാണ് തേജസ് ലേഖകനെ കെപിഎ റഹ്മത്തുള്ള ഇപ്പോൾ ആകാശപ്പറവകളിൽ ആരോപണം ഉന്നയിച്ച് വാർത്തയെഴുതുന്നത്. എന്നാൽ, പലരും കരുതുന്നത് പോലെ തേജസ് പത്രമല്ല ആദ്യമായി ഗോവിന്ദച്ചാമിയെയും ആകാശപ്പറവകളെയും സംശയ നിഴലിലാക്കി വാർത്തയെഴുതുന്നത്. സൗമ്യ കൊല്ലപ്പെട്ട വേളയിൽ ജന്മഭൂമി പത്രമാണ് ഇത്തരമൊരു വാർത്ത ആദ്യമായി എഴുതുന്നത്.

2011 ഫെബ്രുവരി 6ന് സൗമ്യ തൃശ്ശൂർ മെഡിക്കൽ കോളേജിൽ വച്ചാണ് മരണപ്പെടുന്നത്. അതിന് ശേഷം സൗമ്യയെയും കുടുംബത്തെയും ആശ്വസിപ്പിക്കാൻ നിരവധി സംഘടനകളും വ്യക്തികളും ഷൊർണ്ണൂരിലെ അവരുടെ വീട്ടിലെത്തി. ഇങ്ങനെ സൗമ്യയ്ക്ക് ആശ്വാസവാക്കുകളുമായാണ് ഫാദർ ജോർജ്ജ് കുറ്റിക്കൽ അച്ചനും ആകാശപ്പറവകളും എത്തിയത്. കുറ്റിക്കലച്ചന്റെ സംഘടനയെ പ്രതിക്കൂട്ടിലാക്കിയ വാർത്തയിലേക്ക് എത്തിയും സംശയത്തിലാക്കിയതിനും കാരണം ഒന്നു മാത്രമാണ്. അത് മറ്റൊന്നുമല്ല, തെരുവ് തെണ്ടികൾക്കും ഭിക്ഷക്കാർക്കുമിടയിൽ പ്രവർത്തിക്കുന്ന സംഘടനയായിരുന്നു ആകാശപ്പറവകൾ എന്നതാണ് കാരണം. സ്വാഭാവികമായും സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി വികലാംഗനാണ് എന്നതിനാലാണ് ഇത്തരമൊരു വാർത്തയ്ക്ക് ഇടയായത്. ഇടംകൈയുടെ പത്തി അറ്റുപോയ വ്യക്തി പ്രതിസ്ഥാനത്തുള്ളപ്പോൾ സൗമ്യയുടെ മാതാവിനെ ആശ്വസിപ്പിക്കാൻ ആകാശപ്പറവകൾ എത്തിയതാണ് സംശയത്തിലാക്കിയത്. അതേസമയം സഹായിക്കാനും ആശ്വസിപ്പിക്കാനുമെത്തിയ മറ്റുള്ള സംഘടനക്കാർക്കെതിരെ ആരോപണം നീണ്ടില്ലെ എന്നതും ഓർക്കണം.

സൗമ്യയുടെ മാതാവിനെ സ്വാധീനിക്കാൻ ശ്രമിച്ചതിന് പിന്നിലെ രഹസ്യമെന്ത്?

ഭിക്ഷാടകരെ പുനരധിവസിപ്പിക്കുന്ന സംഘടനയായ ആകാശപ്പറവകളെ സംശയത്തിലാക്കിയ വാർത്തയ്ക്ക് കാരണം സൗമ്യയുടെ മാതാവിനെ സംഘടനയിലെ ആളുകൾ സന്ദർശിച്ചതാണ്. വീട്ടിൽ രണ്ട് തവണ താൻ സന്ദർശിച്ചിട്ടുണ്ടെന്ന് കുറ്റിക്കലച്ചൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സൗമ്യയുടെ മാതാവിനെ സ്വാധീനിക്കാൻ വേണ്ടി കണ്ടെന്നാണ് തേജസ് ലേഖകൻ ആരോപിച്ചത്. എന്നാൽ ഇത് പൂർണ്ണമായും തെറ്റാണെന്ന് സൗമ്യയുടെ മാതാവ് സുമതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഷൊർണ്ണൂരിലെ സൗമ്യയുടെ വീട്ടിലെത്തി നൽകിയ പുസ്തകത്തിന്റെ എഡിറ്റോറിയലിൽ പറഞ്ഞ വാക്ക് അടർത്തിയെടുത്താണ് കഥകൾക്ക് നിറം പകർന്നത്.

'ഗോവിന്ദച്ചാമിയെ നാം കഠിനമായി വെറുത്തതുകൊണ്ടോ അവനെതിരെ കൊലവിളി ഉയർത്തിയതുകൊണ്ടോ വലിയ പ്രയോജനമില്ല, നാമെല്ലാവരിലും അറിഞ്ഞോ അറിയാതെയൊ ഒരു ഗോവിന്ദച്ചാമി ഒളിഞ്ഞും മറഞ്ഞും കിടക്കുന്നില്ലേ? എന്ന ചോദ്യം വായനക്കാരോടും സമൂഹത്തോടുമായി ആ എഡിറ്റോറിയലിൽ ഉന്നയിചിരുന്നു. ഇത് ഗോവിന്ദച്ചാമിക്ക് വേണ്ടി സൗമ്യയെ സ്വാധീനിക്കാനാണെന്നും അക്കാലത്് ജന്മഭൂമി എഴുതി, പിന്നാലെ ഈ വാദം മാദ്ധ്യമം ദിനപത്രവും തേജസും ഏറ്റുപിടിച്ചു. ഒരു സംഭവത്തെ അപലപിച്ചു കൊണ്ടെഴുതിയ കാര്യം എങ്ങനെ ഗോവിന്ദച്ചാമിയെ അനുകൂലിക്കുന്നതാകുമെന്നാണ് കുറ്റിക്കലച്ചൻ ചോദിക്കുന്നത്. സൗമ്യയുടെ മാതാവിന്റെ നിഷേധക്കുറിപ്പോടെ ഈ വാദങ്ങൾ പൊള്ളയാണെന്ന് വ്യക്തമാകുകയും ചെയ്യും. സഹജീവികളോട് ഏറെ കാരുണ്യത്തോടെ പ്രവർത്തിക്കുന്ന വ്യക്തിയാണ് കുറ്റിക്കലച്ചൻ. സൗമ്യയുടെ മാതാവിന്റെ വേദനയുടെ ആഴം ബോധ്യപ്പെട്ടതു കൊണ്ടാണ് ശാന്തിയാത്ര അടക്കം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ആകാശപ്പറവകളുടെ കോയമ്പത്തൂർ കേന്ദ്രത്തിൽ വച്ച് മതംമാറ്റിയെന്നാണ് മറ്റൊരു ആരോപണം. അതേസമയം ഗോവിന്ദച്ചാമി മതം മാറിയാൽ തന്നെയും അത് ആകാശപ്പറവകൾ വഴിയല്ലെന്ന കാര്യം വ്യക്തമാണ്. കാരണം കോയമ്പത്തൂരിൽ സംഘടനയുടെ കേന്ദ്രം പ്രവർത്തിക്കുന്നില്ല. മാത്രവുമല്ല, വാർത്തയിൽ പരാമർശിക്കുന്നത് പോലെ കുന്ദംകുളത്തും ആകാശപ്പറവകളുടെ സെന്റർ പ്രവർത്തിക്കുന്നില്ല. ആകാശപ്പറവകളുടെ പേരിൽ ആരെങ്കിലും സൗമ്യയുടെ വീട്ടിൽ ചെന്ന് ഗോവിന്ദച്ചാമിക്ക് വേണ്ടി മധ്യസ്ഥത്തിന് ശ്രമിച്ചോ? എന്ന സംശയത്തിന്റെ ഉത്തരം തേടുമ്പോൾ വ്യക്തമാകുന്നത് അത്തരത്തിൽ സംഭവിച്ചിട്ടില്ലെന്നതാണ്.

ആരാണ് ആളൂരിന് വക്കീൽഫീസ് നൽകുന്നത്?

സാധാരണക്കാരനായ ഒരു വ്യക്തിക്ക് ഹൈക്കോടതിയിലോ സുപ്രീംകോടതിയിലെ അപ്പീൽ തേടി പോകണമെങ്കിൽ അത് ചെറിയ കാര്യമല്ല. അതുകൊണ്ട് തന്നെ ഗോവിന്ദച്ചാമിയുടെ കേസ് സുപ്രീംകോടതിവരെ എത്തിയതിന്റെ ചെലവ് ആര് വഹിച്ചു എന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ഈ ഫീസ് നൽകിയത് ആകാശപ്പറവകളാണെന്ന വാദം തെറ്റാണെന്ന് മേൽപ്പറഞ്ഞ കാര്യങ്ങളിൽ നിന്നും തന്നെ വ്യക്തമാകുന്നതാണ്. ഗോവിന്ദച്ചാമി ട്രെയിൻ മോഷണ ശൃംഖലയിലെ കണ്ണിയാണെന്നും അവരാണ് പണം മുടക്കുന്നത് എന്നുമുള്ള ആക്ഷേപങ്ങളും നിലനിൽക്കുന്നുണ്ട്. എന്നാൽ, അത് എത്രകണ്ട് വിശ്വസനീയമാണെന്ന കാര്യം വ്യക്തമല്ല. അതുകൊണ്ട് തന്നെ ഗോവിന്ദച്ചാമിക്ക് സുപ്രീംകോടതിയെ സമീപിക്കാൻ പണം എവിടെ നിന്നു കിട്ടി എന്നതിൽ വിശദമായ അന്വേഷണം തന്നെ വേണ്ടി വന്നേക്കും. അതുവരെ ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിലനിൽക്കും.

പ്രശസ്തിക്ക് വേണ്ടി മാത്രമാണ് ആളൂർ ഗോവിന്ദച്ചാമിയുടെ കേസെടുത്തതെന്ന വാദവും നിലനിൽക്കുന്നുണ്ട്. തമിഴ്‌നാട് കടലൂർ ജില്ലയിലെ വിരുതാചലം സമത്വപുരം ഐവതക്കുടി സ്വദേശിയാണ് ഗോവിന്ദച്ചാമി. അമ്മയും അച്ഛനും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഗോവിന്ദച്ചാമിയുടെ ഏകബന്ധുവായി പൊലീസ് രേഖകളിലുള്ളത് സഹോദരൻ സുബ്രഹ്മണിയാണ്. ഇയാളാണ് ആളൂരിനെ കൂടാതെ ജയിലിൽ ഗോവിന്ദച്ചാമിയെ സന്ദർശിച്ച ഏക വ്യക്തിയും.

ആളൂരിന്റെ വക്കീൽ ഫീസും അതിലേക്ക് ആകാശപ്പറവകൾ വലിച്ചഴക്കപ്പെട്ട സംഭവം മുമ്പുണ്ടായപ്പോൾ അത് വലിയ തോതിൽ ക്ലച്ചു പിടിക്കാത്തതിന് ആധാരം. അന്ന് കീഴ്‌ക്കോടതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചതു കൊണ്ടാണ്. ജന്മഭൂമിക്ക് പിന്നാലെ ഡെക്കാൺ ക്രോണിക്കിളും മാദ്ധ്യമവും ഈ വാർത്ത അക്കാലത്ത് ഏറ്റുപിടിച്ചു. പിന്നീട് ഇപ്പോൾ സുപ്രീംകോടതി വിധി വന്നപ്പോഴാണ് തേജസ് ലേഖകൻ ആകാശപ്പറവകളിലെ വാർത്താ സാധ്യത തേടിയത്. സംഘപരവാർ കേന്ദ്രങ്ങളിലും ഈ കഥ പ്രചരിച്ചതോടെ ആകാശപ്പറവകൾക്ക് മേൽ സംശയം വിതറി റിപ്പോർട്ടും എഴുതി. സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ഏറ്റുപിടിച്ചതോടെ പ്രചരണം കൊഴുക്കുകയും ചെയ്തു.

തനിക്ക് ഫീസ് എത്രകിട്ടിയെന്നും ആരാണ് തന്നതെന്നും അഡ്വ. ആളൂർ ആരോടും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, വാർത്തകളിൽ നിറഞ്ഞ പല കാര്യങ്ങൾക്കും വസ്തുതയുമായി ബന്ധമില്ലെന്ന കാര്യം കുറ്റിക്കലച്ചൻ അവരയിട്ട് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. മതം മാറിയെന്ന റ്റക്കാരണം കൊണ്ട് കൊടും ക്രിമനിലായ ഒരാൾക്ക് വേണ്ടി നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു സംഘടന രംഗത്തിറങ്ങുമോ എന്ന ചോദ്യത്തിന്റെ ഉത്തരം സാമാന്യ ബുദ്ധിയോടെ പരിശോധിച്ചാൽ മാത്രം മതി ഇതിലെ പൊള്ളത്തരം വ്യക്തമാകാനും.