- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എസ്എഫ്ഐ ദേശീയ സമ്മേളന റാലിയില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ സ്‌കൂളിന് അവധി; ഉപരോധ സമരം നടത്തി കെഎസ്യു; നടപടി സമരമാണെന്ന് കാണിച്ച് നോട്ടീസ് കിട്ടിയതിനാലെന്ന് പ്രിന്‍സിപ്പല്‍; മെഡിക്കല്‍ കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അനധികൃത അവധിയില്‍ നടപടിയില്ല
എസ്എഫ്ഐ ദേശീയ സമ്മേളന റാലിയില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ സ്‌കൂളിന് അവധി
കോഴിക്കോട്: എസ്എഫ്ഐയുടെ ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് റാലിയില്‍ പങ്കെടുക്കാനായി സ്‌കൂളിന് അനധികൃത അവധി നല്‍കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയില്ലെന്ന് ആക്ഷേപം. കോഴിക്കോട്ട് തിങ്കളാഴ്ച സമാപിച്ച, എസ്.എഫ്.ഐ ദേശീയ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാനായി, കോഴിക്കോട് മെഡിക്കല്‍ കോളജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ഹൈസ്‌കൂള്‍ വിഭാഗത്തിന് അവധി നല്‍കിയതാണ് വിവാദമായത്.
വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് ഈ നീക്കം എന്ന് ചൂണ്ടിക്കാട്ടി, കോഴിക്കോട് ഡിഡിഇയെ കെഎസ്യു പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ അടക്കമുള്ള അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധ സമരം. തുടര്‍ന്ന് ഡി.ഇ.ഒയോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും മേല്‍അധികാരികളുമായി കൂടിയാലോചിച്ച് രണ്ട് ദിവസത്തിനുള്ളില്‍ കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കും എന്നുള്ള ഉറപ്പിലാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ ഉപരോധ സമരം അവസാനിപ്പിച്ചത്.
വിഷയത്തില്‍ സ്‌കൂളിന് മുന്നില്‍ കെഎസ്യു പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എസ്എഫ്‌ഐയുടെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒരു സ്‌കൂളിന് അവധി നല്‍കുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ല. ഇതുവഴി നിര്‍ബന്ധിതമായി വിദ്യാര്‍ഥികളെ രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് മറുപടി പറയണം. വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കുമെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെഎസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
എന്നാല്‍,പഠിപ്പ് മുടക്ക് സമരമാണെന്ന് കാണിച്ച് എസ്എഫ്ഐ പ്രവര്‍ത്തകരെത്തി നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് അവധി നല്‍കിയതെന്നാണ് പ്രിന്‍സിപ്പല്‍ ടി. സുനിലിന്റെ വിശദീകരണം. എസ്എഫ്ഐ നേതാക്കളെത്തി ആവശ്യപ്പെട്ടത് പ്രകാരമാണ് അവധി നല്‍കിയതെന്ന് പ്രധാനാധ്യാപകന്‍ പറഞ്ഞു. വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യം നിരസിക്കാന്‍ തനിക്ക് കഴിയില്ലെന്നാണ് പ്രധാനാധ്യാപകന്റെ വിശദീകരണം. അതേസമയം അനുമതിയില്ലാതെയാണ് സ്‌കൂളിന് അവധി നല്‍കിയതെന്നും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായും ജില്ല വിദ്യാഭ്യസ ഡയറക്ടര്‍ അറിയിച്ചു. പക്ഷേ ഇപ്പോഴും കുറ്റക്കാര്‍ക്കെതിരെ നടപടിയായിട്ടില്ല.
തിങ്കളാഴ്ച സ്‌കൂളിന് അവധി നല്‍കാന്‍ സാധ്യതയുണ്ടെന്ന് പ്രധാനാധ്യാപകന്‍ കഴിഞ്ഞദിവസം രക്ഷിതാക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ചിരുന്നു. 10.30 കഴിഞ്ഞതിന് ശേഷം സ്‌കൂള്‍ വിടുന്നില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ രക്ഷിതാക്കളും ഓട്ടോ ഡ്രൈവര്‍മാരും തിരിച്ചുപോകാവൂ എന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇതെല്ലാം തെളിയിക്കുന്നത്, തീര്‍ത്തും ആസുത്രിതായിരുന്നു അവധി നല്‍കിയത് എന്നാണ് കെഎസ്യു ആരോപിക്കുന്നത്.