സുൽത്താൻ ബത്തേരി: വയനാട്ടിലെ വാകേരിയിലെ കൂടല്ലൂരിൽ യുവാവിന്റെ ജീവനെടുത്ത കടുവക്കായുള്ള തിരച്ചിൽ ഇന്നും തുടരും. മുത്തങ്ങ ആനപ്പന്തിയിൽ നിന്നെത്തിച്ച കുങ്കിയാങ്കളെ ഉപയോഗിച്ചും ക്യാമറ ട്രാപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചും ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചുമാണ് മയക്കുവെടി വിദഗ്ധരടക്കമുള്ള ആർ.ആർ.ടി. സംഘത്തിന്റെ തിരച്ചിൽ.

ഇരുട്ടു വീണതോടെ ഇന്നലെ തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും രാത്രിയും പെട്രോളിങ്ങുമായി മേഖലയിൽ വനംവകുപ്പിന്റെ സംഘമുണ്ടായിരുന്നു. വയനാട് വന്യജീവി സങ്കേതത്തിലെ 'ഡബ്ല്യുഡബ്ല്യുഎൽ 45' എന്ന 13 വയസ്സ് പ്രായമുള്ള ആൺ കടുവയാണ് കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ഇന്നലെ സർവ സന്നാഹങ്ങളോടെയും നടത്തിയ തിരച്ചിലും ഫലം കണ്ടിരുന്നില്ല.

മനുഷ്യനെ ആക്രമിക്കുന്ന കടുവയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് വെടിവെച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്. കടുവ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ പൂതാടി പഞ്ചായത്തിലെ 11ാം വാർഡിലെ നിരോധനാജ്ഞ ഈ മാസം 19 വരെ നീട്ടിയിട്ടുണ്ട്. കടുവയെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായി രണ്ട് കുങ്കിയാനകളെ കളത്തിലിറക്കിയിരിക്കുകയാണ് ഇപ്പോൾ വനംവകുപ്പ്.

ഒരുകാലത്ത് വയനാടൻ മലനിരകളിൽ ഭീതി പടർത്തിയ വടക്കനാട് കൊമ്പൻ എന്ന വിക്രവും കല്ലൂർ കൊമ്പൻ എന്ന ഭരതുമാണ് കടുവയെ പിടിക്കാനായി എത്തിയ കുങ്കിയാനകൾ.ക്ഷീരകർഷകനായ പ്രജീഷ് പുല്ലരിയാൻ പോയപ്പോഴാണ് കടുവയുടെ ആക്രമണമുണ്ടായത്. കാട്ടുപന്നിയോ മറ്റോ ആണെന്ന് കരുതിയാണ് കടുവ യുവാവിനെ ആക്രമിച്ചതെന്നാണ് വനംവകുപ്പ് കരുതുന്നത്.

ഈ പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യം ഇപ്പോഴുമുണ്ടെന്ന് അധികൃതർ പറയുന്നു. ധാരാളം കുറ്റിക്കാട് നിറഞ്ഞ പ്രദേശമായതിനാൽ കടുവ ഇതിനിടയിൽ ഇരിപ്പുറപ്പിച്ചാൽ കണ്ടെത്തുക ബുദ്ധിമുട്ടാണ്. അത് പരിഹരിക്കാൻ ആനപ്പുറത്ത് ഇരുന്നും തിരച്ചിൽ നടത്തും.ആനപ്പുറത്ത് തിരച്ചിൽ നടത്തുമ്പോൾ കടുവയെ കണ്ടത്തിയാൽ മയക്കുവെടി വെക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കടുവയുടെ അക്രമണത്തിൽ ശനിയാഴ്ചയാണ് ബത്തേരി വാകേരിയിൽ കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷ് കൊല്ലപ്പെട്ടത്.

പുല്ലരിയാൻ പോയ പ്രജീഷിനെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് മൃതദേഹം വയലിൽ കണ്ടെത്തിയത്.നരഭോജിക്കടുവയെ കണ്ടെത്താൻ വനം വകുപ്പ് 80 പേരടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡോക്ടർമാർ, ഷൂട്ടേഴ്‌സ്, പട്രോളിങ് സംഘം എന്നിവർ ഇതിൽ ഉൾപ്പെടും. ലൈവ് ട്രാപ് ക്യാമറ ഉൾപ്പെടെ 25 ക്യാമറകൾ, കൂടുകൾ, തോക്ക് എന്നിവയും ടീമിന്റെ ആവശ്യത്തിനായി അനുവദിച്ചതായി മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. വനം വകുപ്പ് പ്രദേശത്ത് ജാഗരൂകരായി പ്രവർത്തിക്കുകയാണെന്നും പ്രദേശവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.