- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുടെ ഒളിച്ചോട്ടം പുറത്തുപറഞ്ഞാൽ തട്ടിക്കളയുമെന്ന് ഭർത്താവിന് കാമുകന്റെ ഭാര്യയുടെ ഭീഷണി; ചുണയുണ്ടെങ്കിൽ നേരിൽ വരാൻ വെല്ലുവിളിച്ചതോടെ സഹിച്ചില്ല; ഭർത്താവിനെയും സംഘത്തെയും വളഞ്ഞിട്ടാക്രമിച്ച് കാമുകന്റെ ഭാര്യയും സംഘവും; സംഭവം കോതമംഗലം ഊന്നുകല്ലിൽ
കോതമംഗലം: ഭാര്യയുടെ ഒളിച്ചോട്ടം സംബന്ധിച്ച് വിവരങ്ങൾ പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി. ചുണയുണ്ടെങ്കിൽ നേരിൽ വരാൻ വെല്ലുവിളിയും. ഏതിർവിഭാഗത്തെ അടിച്ചൊതുക്കാൻ പുറപ്പെട്ട ഭർത്താവിനെയും കൂട്ടരെയും സ്ത്രീകൾ ഉൾപ്പെട്ട സംഘം വളഞ്ഞിട്ട് മർദ്ദിച്ച് അവശരാക്കി. തല പൊട്ടി അവശനിലയിൽ രണ്ടുപേർ ആശുപത്രിയിലായി. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചെന്നും അന്വേഷിച്ചുവരികയാണെന്നും ഊന്നുകൽ പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി വൈകി ഊന്നുകൽ പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ നെല്ലിമറ്റം കോളനിപ്പടിയിലാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്. ഒളിച്ചോട്ടം പതിവാക്കിയ യുവതിയുടെ ഭർത്താവ് നേര്യമംഗലം സ്വദേശിയാണ്. യുവതിയെയും കൊണ്ട് ആദ്യം നാടുവിട്ടത് കോളനിപ്പടി സ്വദേശിയാണ്. ഇയാളും ഭാര്യയും ഭാര്യസഹോദരിയും കൂട്ടരും ചേർന്നാണ് നേര്യമംഗലം സ്വദേശിയെയും കൂട്ടരെയും പഞ്ഞിക്കിട്ടതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.
കോളനിപ്പടി സ്വദേശിയുടെ ഭാര്യ, നേര്യമംഗലം സ്വദേശിയെ മൊബൈലിൽ വിളിച്ച് അസഭ്യം പറയുകയും തന്റെ ഭർത്താവിനെ ഉൾപ്പെടുത്തി ഒളിച്ചോട്ടം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയാൽ വിവരം അറിയുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.ഇവർ തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ നേര്യമംഗലം സ്വദേശി കൂട്ടുകാർക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.
ഇത്രയും ഭീകരമായ പൂരപ്പാട്ട് ആണുങ്ങളുടെ ഭാഗത്തുനിന്നുപോലും ഉണ്ടാവാനിടയില്ലെന്നാണ് സംഭാഷണം കേട്ടവർ പങ്കുവയ്ക്കുന്ന വിവരം. ഞങ്ങൾ കോളനിപ്പടിയിലെ വെയിറ്റിങ് ഷെഡിൽ ഉണ്ടെന്നും ധൈര്യം ഉണ്ടെങ്കിൽ ഇവിടേയ്ക്ക് വരാനും സ്ത്രി വെല്ലുവിളിച്ചതോടെ നേര്യമംഗലം സ്വദേശിക്ക് പിടിച്ചുനിൽക്കാനായില്ല.
വെല്ലുവിളി ഏറ്റെടുത്ത്, കൂട്ടുകാരായ ഏതാനും പേരെ വിളിച്ച് ഇയാൾ ഉടൻ കോളനിപ്പടിയിലേയ്ക്ക് പുറപ്പെട്ടു. ഇതിനിടയിൽ തന്നെ വെയിറ്റിങ് ഷെഡ്ഡിലുണ്ടായിരുന്ന സ്ത്രീയുടെ ഭർത്താവും കൂട്ടരും നേര്യമംഗലത്തുനിന്നെത്തുന്നവരെ നേരിടാൻ സജ്ജരായി. നേര്യമംഗലം സ്വദേശികൾ വന്നിറങ്ങിയ പാടെ പട്ടികയും മറ്റുമായി കോളനിപ്പടിയിൽ കാത്തുനിന്നവർ ആക്രമണം തുടങ്ങി. പിടിച്ചുനിൽക്കാനാവാതെ വന്നതോടെ ഒളിച്ചോട്ടക്കാരിയുടെ ഭർത്താവും സുഹൃത്തുക്കളിൽ ഒരാളും ഓടി രക്ഷപെട്ടു.
ബഹളം കേട്ട് ഓടിക്കൂടിയവർ ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ടുപേരെ വളഞ്ഞിട്ട് ആക്രമിച്ചു. നിലത്തിട്ട് ചവിട്ടിക്കൂട്ടിയെന്നാണ് സൂചന. ഈ സമയം ഇതുവഴി എത്തിയ നേര്യമംഗലം സ്വദേശികളായ ജീപ്പുയാത്രക്കാരുടെ ഇടപെടലിലാണ് ഇവർക്ക് ജീവൻ തീരിച്ചുകിട്ടിയതെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. ഇവർ വിവരം ഊന്നുകൽ പൊലീസിൽ അറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് ഇതുവഴിയെത്തിയ ഓട്ടോയിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പറഞ്ഞുവിട്ട ശേഷം തിരിച്ചുപോയി.
കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികത്സ തേടിയെ ഇവരെ ആക്രമിക്കാൻ കോളനിപ്പടി സംഘം ആശുപത്രിയിൽ എത്തിയെന്നും ഇതെത്തുടർന്ന് പരിക്കേറ്റവർ പ്രാണരക്ഷാർത്ഥം ഇവിടെ നിന്നും രക്ഷപെട്ടന്നും മറ്റുമുള്ള ഊഹൈപോഹങ്ങളും പിന്നാലെ പ്രചരിച്ചിരുന്നു.
തലയ്ക്ക് മുറിവേറ്റതിനാൽ വിദഗ്ധ ചികത്സ ആവശ്യമായതിനാൽ പരിക്കേറ്റവർ മറ്റ് ആശുപത്രികളിൽ ചികിത്സ തേടുകയായിരുന്നെന്നു.പരാതി ലഭി്ക്കുന്നതനുസരിച്ച് കേസിൽ നടപടികളുണ്ടാവുമെന്നും ഊന്നുകൽ സി ഐ അറിയിച്ചു.
മറുനാടന് മലയാളി ലേഖകന്.