- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സംശയത്തെത്തുടർന്ന് ഭാര്യയെ കൊന്നത് മൂന്നുമാസം ഗർഭിണിയായിരിക്കെ; മൃഗങ്ങളോടുപോലും മനുഷ്യന് ഇങ്ങനെ ചെയ്യാൻ കഴിയില്ലെന്ന് മൊഴി നൽകി സാക്ഷി; തലശ്ശേരിയിലെ ഭർത്താവിന് ജീവപര്യന്തം തടവ്
തലശ്ശേരി: ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ കോടതി ജീവപര്യന്തം തടവ് ശിക്ഷ. ഒന്നരലക്ഷം രൂപ പിഴയടയ്ക്കാനും വിധിയിൽ പറയുന്നു. ലോറിഡ്രൈവറായ ഇരിവേരി മൗവ്വഞ്ചേരി കണ്ണോത്ത് ഹൗസിൽ കെ.സി. അരുണിനെ (43) ആണ് തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുല ശിക്ഷിച്ചത്. വലിയന്നൂർ ബിജിനാലയത്തിൽ പി.കെ. ബിജിനയാണ് (26) കൊല്ലപ്പെട്ടത്. അതിക്രൂരമായ കൊലപാതകമാണ് പ്രതി നടത്തിയതെന്ന് കണ്ടാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ബിജിനയെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും മൂന്നുമാസം പ്രായമായ ഗർഭസ്ഥശിശുവിനെ കൊലപ്പെടുത്തിയതിന് 10 വർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴയടച്ചില്ലെങ്കിൽ നാലുമാസംകൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ ഹാജരായി. പ്രതി കുറ്റക്കാരനാണെന്ന് ചൊവ്വാഴ്ച രാവിലെ വിധിച്ച കോടതി ഉച്ചയ്ക്കുശേഷമാണ് ശിക്ഷിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയതിനും ഗർഭസ്ഥശിശുവിനെ കൊലപ്പെടുത്തിയതിനും പ്രതിയെ പ്രത്യേകം ശിക്ഷിക്കണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു.
കൊലപാതകം നടക്കുമ്പോൾ ബിജിന മൂന്നുമാസം ഗർഭിണിയായിരുന്നു. സംശയത്തെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് കേസ്. മൃഗങ്ങളോടുപോലും മനുഷ്യന് ഇങ്ങനെ ചെയ്യാൻ കഴിയില്ലെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ രണ്ടാംസാക്ഷി എം വി ഷൈജ കരഞ്ഞുകൊണ്ട് കോടതിയിൽ മൊഴിനൽകിയിരുന്നു. ബിജിനയുടെ സഹോദരൻ പി.കെ. ജയരാജന്റെ ഭാര്യയാണ് ഷൈജ. അക്രമം തടയാൻ ശ്രമിച്ച ഷൈജയ്ക്ക് പരിക്കേറ്റിരുന്നു.
2012 ജൂലായ് മൂന്നിന് രാവിലെ 10.30-നാണ് ബിജിനയെ കുത്തിപ്പരിക്കേൽപ്പിച്ചത്. വൈകിട്ട് മരിച്ചു. സംഭവശേഷം ഓട്ടോയിൽ രക്ഷപ്പെട്ട പ്രതി ആയുധം യാത്രയ്ക്കിടെ വലിച്ചെറിഞ്ഞു. ആയുധം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ മറ്റ് തെളിവുകളുണ്ടെങ്കിൽ ആയുധം കണ്ടെത്താൻ കഴിയാത്തത് പ്രോസിക്യൂഷന്റെ ന്യൂനതയായി കാണാൻ കഴിയില്ലെന്ന ഹൈക്കോടതി ഉത്തരവ് പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. ഇതുകൂടി അംഗീകരിച്ചാണ് കോടതി വിധി.
ഭാര്യ ഗർഭിണിയാണെന്നറിഞ്ഞാണ് കൊലനടത്തിയതെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി അംഗീകരിച്ചു. അമ്മയുടെയും സഹോദരന്മാരുടെ ഭാര്യമാരുടെയും മുന്നിൽവച്ചാണ് സംഭവം. സഹോദരൻ ജയരാജന്റെ പരാതിയിലാണ് കേസ്. കണ്ണൂർ സിറ്റി പൊലീസ് ഇൻസ്‌പെക്ടറുടെ ചുമതലയുണ്ടായിരുന്ന കെ.എസ്. ഷാജിയാണ് തുടക്കത്തിൽ അന്വേഷണം നടത്തിയത്. ടി.കെ. രത്‌നകുമാറാണ് കുറ്റപത്രം നൽകിയത്. കേസിൽ 22 സാക്ഷികളെ വിസ്തരിച്ചു.