ഹൈദരാബാദ്: വൻ നഗരങ്ങളുടെ കോളജ് ഹോസ്റ്റലുകളിൽ മത മൗലികവാദികൾ പിടിമുറുക്കുകയാണെന്ന നേരത്തെയുള്ള ആരോപണം സാധൂകരിക്കുന്നതിനുള്ള ചില തെളിവുകൾ കൂടി ഇപ്പോൾ പുറത്തുവരുന്നു. നബിവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച്, ഹൈദരാബാദ് ഐഎഫ്എച്ച്ഇ കോളേജിലാണ് നിയമ വിദ്യാർത്ഥിയെ അതിക്രൂരമായി ആക്രമിക്കുകയും, അള്ളാഹു അക്‌ബർ വിളിപ്പിക്കുകയും, ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതി ഉയരുന്നത്. ഇതിന്റെ വീഡിയോ വൈറലായിട്ടും, വിദ്യാർത്ഥി പരാതി നൽകിയിട്ടും പൊലീസ് മെല്ലെപ്പോക്ക് തുടരുകയാണ്.

ഹിമാങ്ക് ബൻസാൽ എന്ന ബിരുദ വിദ്യാർത്ഥിയാണ് ആക്രമിക്കപ്പെട്ടത്. തന്നെക്കാളും മൂന്നര വയസ്സ് താഴെയുള്ള ഒരു പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതിന് സഹപാഠി ബൻസാലിനെ 'പീഡോഫൈൽ' എന്ന് വിളിച്ച് ആക്ഷേപിച്ചു. ആ കുട്ടിയോട് തനിക്ക് യാതൊരു തരത്തിലുമുള്ള ലൈംഗിക ആസക്തിയുമില്ലെന്ന്, സഹപാഠിയോട് പറയുന്നതോടൊപ്പം, ഹദീസുകളിലെ ചില കാര്യങ്ങളും പറഞ്ഞു. സഹപാഠിയിത് കോളേജ് മുഴുവൻ പ്രചരിപ്പിച്ചു. ഉടനെ, ഏതാണ്ട് പത്തു ഇരുപത് പേരടങ്ങുന്ന സംഘം ഹോസ്റ്റലിലേക്ക് ഇടിച്ചു കയറുകയും ബൻസാലിനെ മർദ്ദിക്കുകയും, 'അള്ളാഹു അക്‌ബർ' എന്ന് നിർബന്ധിപ്പിച്ച് വിളിപ്പിക്കുകയും ചെയ്തു.

നവംബർ 11നാണ് ഹിമാങ്ക് ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. നവംബർ ഒന്നിനാണ് സംഭവം നടന്നത്. തന്റെ ഹോസ്റ്റൽ മുറിയിലെത്തി ഇരുപത് പേരോളം അടങ്ങുന്ന സംഘം ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചെന്നാണ് ഹിമാങ്ക് പരാതിയിൽ പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ക്രൂരമായ മർദ്ദനത്തിനിരയാക്കിയതിന് പുറമേ ചില രാസപദാർത്ഥങ്ങൾ നിർബന്ധിച്ച് കഴിപ്പിച്ചു. ജനനേന്ദ്രിയത്തിനടക്കം മാരകമായി മുറിവേൽപ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ടായി എന്നും പരാതിയിൽ പറയുന്നു. അവരെന്റെ വസ്ത്രങ്ങൾ വലിച്ചുകീറി. നഗ്നനാക്കി നിർത്തി. ഓരോരുത്തരായി ക്രൂരമായി മർദ്ദിച്ചു. മരിക്കുന്നതുവരെ അടിക്കും എന്ന് ആക്രോശിച്ചായിരുന്നു മർദ്ദനം. ഹിമാങ്ക് പറയുന്നു.

മർദ്ദനത്തിന്റെ ദൃശ്യങ്ങളും വീഡിയോകളും വിദ്യാർത്ഥികൾക്കിടയിൽ പ്രചരിച്ചിരുന്നു. കോളേജ് അധികൃതർക്കും ഹിമാങ്ക് പരാതി നൽകിയിട്ടുണ്ട്. പക്ഷേ എന്നിട്ടും ഇവർ എല്ലാവരും മെല്ലോപ്പോക്ക് തുടരുകയാണെന്നാണ് ആക്ഷേപം. റാഗിങ് വിരുദ്ധ നിയമപ്രകാരമടക്കം കേസെടുത്ത് പൊലീസ് തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്. പ്രതിക ൾ ഇപ്പോൾ ഒളിവിലാണ്.

ഉത്തരേന്ത്യയിൽ നടക്കുന്ന നിർബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുന്നതും, പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളിലുമൊക്കെ ആവേശത്തോടെ പ്രതികരിക്കുന്ന കേരളത്തിലെ സാംസ്കാരിക നായകർ അടക്കം ഈ വിഷയം അറിഞ്ഞമട്ടില്ല. പ്രഭാഷകനും സ്വതന്ത്രചിന്തകനുമായ സി എസ് സുരാജ് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ''ഇതും ഇന്ത്യ തന്നെയാണ്!കോളേജ് ഹോസ്റ്റലിൽ വെച്ച് ഹിമാങ്ക് ബൻസാൽ എന്ന വിദ്യാർത്ഥിയെ മർദിക്കുകയും നിർബന്ധിപ്പിച്ച് 'അള്ളാഹു അക്‌ബർ' എന്ന് വിളിപ്പിക്കുന്നതുമാണ് നിങ്ങൾ വീഡിയോയിൽ കാണുന്നത്. നടക്കുന്നത് ക്യാമ്പസിലാണ്, ഹൈദരാബാദിലാണ്, അതിലുപരി ഇന്ത്യയിലാണ്!

ഇസ്ലാമിനെ അപമാനിച്ചു പോലും! ബൻസാൽ മതനിന്ദ നടത്തി പോലും! ഇതിൽ വിശ്വാസികളുടെ വികാരം വ്രണപ്പെടുകയും ചെയ്തുവത്രെ!കാലഹരണപ്പെട്ടുപോയ മതനിന്ദ കുറ്റവുമെടുത്ത് ആളുകളെ ആക്രമിക്കുവാനും ശിക്ഷിക്കുവാനും ഇതുതന്നെ ധാരാളമാണല്ലോ!ഒരുവശത്ത് 'ജയശ്രീ റാം' വിളിപ്പിക്കുന്നവരുണ്ടെങ്കിൽ മറുവശത്ത് 'അല്ലാഹു അക്‌ബർ' എന്ന് വിളിപ്പിക്കുന്നവരുമുണ്ട് നമ്മുടെ ഈ രാജ്യത്ത്. രണ്ടിൽ ഏതെങ്കിലും ഒന്നിനോട് മാത്രം പക്ഷം പിടിക്കുന്നതും, ഏതെങ്കിലും ഒന്നിനോട് മാത്രം മൗനം പാലിക്കുന്നതും രാജ്യത്തെ ഒറ്റു കൊടുക്കുന്നതിന് തുല്യമാണ്.മനുഷ്യത്വത്തിന് കഴുത്തിൽ കത്തി വെക്കലാണ്!''- സുരാജ് ചൂണ്ടിക്കാട്ടുന്നു.