ബ്രിട്ടൻ: കശ്മീരിന് എതിരായ വ്യാജ പ്രചാരണങ്ങൾക്കെതിരെ യുകെ പാർലമെന്റിൽ തുറന്നടിച്ച് ജമ്മു-കശ്മീരിൽ നിന്നുള്ള മാധ്യമ പ്രവർത്തകയായ യാന മിർ. 'ഞാൻ ഒരു മലാല അല്ല. എന്റെ മാതൃരാജ്യമായ ഇന്ത്യയുടെ ഭാഗമായ കശ്മീരിൽ സ്വതന്ത്രയും സുരക്ഷിതയുമാണ്. എനിക്കൊരിക്കലും എന്റെ ജന്മനാട്ടിൽ നിന്ന് പലായനം ചെയ്ത് നിങ്ങളുടെ രാജ്യത്ത് അഭയം തേടേണ്ടി വരില്ല', എന്നിങ്ങനെ യാന മിറിന്റെ ശക്തമായ വാക്കുകൾക്ക് വലിയ കയ്യടിയാണ് കിട്ടിയത്.

ജമ്മു-കശ്മീർ മേഖലയിൽ വൈവിധ്യത്തിലൂന്നിയ പ്രവർത്തനങ്ങളിലൂടെ കാഴ്ച വച്ച മികച്ച സംഭാവനകളെ മാനിച്ചുള്ള യുകെ പാർലമെന്റിലെ ഡൈവേഴ്‌സിറ്റി അംബാസഡർ പുരസ്‌കാരം യാന മിറിന് ലഭിച്ചിരുന്നു. ഈ പുരസ്‌കാരം എംപി തെരേസ വില്ലിയേഴ്‌സിൽ നിന്നും സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. താൻ ഭാരതത്തിൽ സ്വതന്ത്രയും സുരക്ഷിതയുമാണെന്നും മലാലയെ പോലെ മാതൃരാജ്യത്തു നിന്നും ഒളിച്ചോടേണ്ടി വരില്ലെന്നും യാന മിർ തുറന്നടിച്ചു.

"ഞാനൊരു മലാല യൂസഫ്സായി അല്ല. എന്തെന്നാൽ എന്റെ മാതൃരാജ്യമായ ഇന്ത്യയിൽ ഞാൻ സ്വതന്ത്രയും സുരക്ഷിതയുമാണ്. ഞാൻ ജനിച്ച കശ്മീർ ഇന്ത്യയുടെ അഭിമാനമാണ്. എനിക്ക് ഒരിക്കലും എന്റെ മാതൃരാജ്യത്ത് നിന്ന് ഒളിച്ചോടി നിങ്ങളുടെ രാജ്യത്ത് അഭയം തേടേണ്ടിവരില്ല. ഞാൻ ഒരിക്കലും ഒരു മലാലയാകാനും പോകുന്നില്ല. ഞാൻ മലാല യൂസഫ്സായിയുടെ എല്ലാ വാദങ്ങളെയും ശക്തമായി എതിർക്കുകയാണ്".

"കശ്മീരിൽ ജനങ്ങൾ പ്രതിഷേധം നടത്തുന്നുണ്ടെന്ന അവരുടെ വാദം തെറ്റാണ്. ഇത്തരത്തിൽ സോഷ്യൽമീഡിയയിൽ നടക്കുന്ന പ്രചാരണങ്ങളിൽ ആരും വീഴരുത്. ഇത്തരം പ്രചാരണങ്ങൾ നിർത്തണം. ഇന്ത്യൻ മണ്ണിനെ വിഭജനത്തിലൂടെ തകർക്കാൻ ഞങ്ങൾ അനുവദിക്കില്ല. പാക്കിസ്ഥാൻ ഇത് നിർത്തണമെന്ന് യുകെ പാർലമെന്റിൽ വച്ച് ഞാൻ ഉറക്കെ പറയുന്നു. നിങ്ങളുടെ ഇത്തരം പ്രചാരണങ്ങൾ കാരണം കശ്മീരിലെ നിരവധി അമ്മമാർക്കാണ് അവരുടെ മക്കളെ നഷ്ടപ്പെട്ടത്"- യാന മിർ പറഞ്ഞു. യാന മിറിന്റെ ഓരോ വാക്കും യുകെ പാർലമെന്റ് കയ്യടികളോടെയാണ് സ്വീകരിച്ചത്.

യുകെ പാർലമെന്റ് അംഗങ്ങൾ, പ്രാദേശിക കൗൺസിലർമാർ, സമുദായ നേതാക്കൾ, വിവിധ സംഘടനകളുടെ പ്രതിനിധികൾ, തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ ഉള്ളവരാണ് ചടങ്ങിൽ പങ്കെടുത്തത്. എംപിമാരായ ബോബ് ബ്ലാക്മാൻ, തെരേസ വില്ലിയേഴ്‌സ്, ഏലിയട്ട് കോൾബേൺ, വീരേന്ദ്ര ശർമ തുടങ്ങിയ വിശിഷ്ടാതിഥികൾ പങ്കെടുത്തു.

യാന മിറിനെ കൂടാതെ പ്രൊഫസർ സാജദ് രാജയും മുഖ്യപ്രഭാഷകനായിരുന്നു. കശ്മീരി ആക്റ്റിവിസ്റ്റും, ഭാരത് എക്സ്‌പ്രസ് ന്യൂസ് നെറ്റ് വർക്കിന്റെ മുതിർന്ന അവതാരകയുമാണ് യാന മിർ.