മിയാമി: ടൈറ്റാനിക്ക് എന്ന ആത്യാഢംബര കപ്പലിനെ കുറിച്ചു ലോകത്തെങ്ങും ചർച്ചകൾ നടന്നിട്ടുള്ളതാണ്. അന്നത്തെ കാലത്ത് ശരിക്കുമൊരു വിസ്മയമായിരുന്നു ഈ കപ്പൽ. ഇന്നിതാ ആ ടൈറ്റാനിക്കിന്റെ അഞ്ചിരട്ടി വലിപ്പമുള്ള ആഡംബര കപ്പൽ കന്നിയാത്രക്ക് ഒരുങ്ങുന്നു. അക്ഷർത്ഥത്തിൽ ഒഴുകുന്ന കൊട്ടാരമെന്ന് വിശേഷിപ്പിക്കാവുന്ന ഐക്കൺ ഓഫ് ദ സീസ് എന്ന കപ്പലാണ് യാത്രക്കൊരുങ്ങുന്നത്. ഈ കപ്പലിന്റെ നിർമ്മാണ ഘട്ടം മുതൽ തന്നെ വിശേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

റോയൽ കരീബിയനാണ് കപ്പലിന്റെ ഉടമസ്ഥർ. ഇന്നുവരെ നിർമ്മിച്ചതിൽ ഏറ്റവും വലിയ കപ്പലാണ് ഇതെന്നതാണ് പ്രത്യേക. മൂന്ന് ഫുട്‌ബോൾ മൈതാനങ്ങളുെ വലിപ്പമാണ് 'ഐക്കൺ ഓഫ് ദി സീസ്' കപ്പലിനുള്ളത്. പരീക്ഷണ ഘട്ടങ്ങളെല്ലാം പലവിധത്തിൽ പൂർത്തിയാക്കി കപ്പിൽ ഈ മാസം 27ന് കന്നിയാത്രക്ക് ഒരുങ്ങുകയാണ്. അമേരിക്കയിലെ മിയാമിയിൽനിന്നാണ് കന്നിയാത്ര തുടങ്ങുന്നത്. ഏഴുരാത്രി നീളുന്ന യാത്രയുടെ ടിക്കറ്റ് നിരക്ക്, 1,859 ഡോളർ മുതലാണ്. ഏകദേശം ഒന്നര ലക്ഷം രൂപ വരുമിത്. ഏറ്റവും കൂടിയ നിരക്ക് 2,109 ഡോളറും.

ടൈറ്റാനിക്കിന്റെ അഞ്ചിരട്ടി വലിപ്പം, ഈഫൽ ടവറിനേക്കാൾ ഉയരം

കപ്പലിന്റെ സവിശേഷതകൾ പരിശോധിച്ചാൽ എല്ലാം കൊണ്ടും ഒരു ഒരു അത്ഭുതമാണ് ഈ കപ്പലെന്ന് വ്യക്തമാകും. ഏകദേശം 1,200 അടി (366 മീറ്റർ) നീളവും 19- 20 നിലകളുമുള്ള ഈ കപ്പലിൽ ഒരേ സമയം 5,610 അതിഥികൾക്കും 2,350 ജീവനക്കാർക്കും യാത്ര ചെയ്യാനും സാധിക്കും. ആഡംബര പൂർണമായ ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രാ അനുഭവം ഇത് യാത്രക്കാർക്ക് നൽകുമെന്നതിൽ സംശയമില്ല. ഉയരം കൊണ്ട് ഈഫൽ ടവറിനേക്കാൾ പൊക്കമുണ്ട് ഈ കപ്പലിന്.

കന്നിയാത്രക്ക് വേണ്ടിയും വലിയ മുന്നൊരുക്കങ്ങൾ കപ്പലിലുണ്ട്. പല രാജ്യങ്ങളിൽനിന്നുള്ള വ്യത്യസ്തമായ ഭക്ഷണവിഭവങ്ങൾ ഇതിൽ ലഭിക്കും. 40 ബാറുകളുമുണ്ട്. ടൈറ്റാനിക്കിന്റെ ഭാരം 46,329 ടൺ ആയിരുന്നുവെങ്കിൽ, ഇതിന്റേത് 2,50,800 ടൺ ആണ്. ഏഴ് സ്വിമ്മിങ് പൂളുകളാണ് കപ്പലിൽ ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം വെള്ളച്ചാട്ടവും ഒരുക്കി അത്ഭുതം സൃഷ്ടിച്ചിരിക്കുന്നു.

ആക്ടിവിറ്റി സെന്ററുകൾ, ലൈവ് മ്യൂസിക് ഷോ...തുടങ്ങി ഒരു ആഡംബര റിസോർട്ടിലേതുപോലുള്ള ഒട്ടനവധി വിനോദസൗകര്യങ്ങളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. ഒരു വാട്ടർ തീം പാർക്കിലേതുപോലുള്ള ആറ് വാട്ടർ സ്ലൈഡുകൾ കപ്പലിന്റെ മറ്റൊരു പ്രത്യേകതയാണ്. അതിലൊന്ന് ഏറ്റവും ഉയരമുള്ള വാട്ടർ സ്ലൈഡായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ആദ്യത്തെ ഓപ്പൺ ഫ്രീ ഫോൾ വാട്ടർ സ്ലൈഡും കപ്പലിലുണ്ട്. കുട്ടികൾക്ക് കളിക്കാനായി പ്രത്യേകം പാർക്കുകളും ഒരുക്കിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ ഈ കപ്പൽ യാത്ര പുതിയ അനുഭവം നതന്നെയായിരിക്കും എന്ന കാര്യം ഉറപ്പാണ്.

റോയൽ കരീബിയനാണ് കപ്പലിന്റെ ഉടമസ്ഥർ. ലോകത്ത് ഏറ്റവും വലിയ കപ്പലുകളിറക്കുന്നതിൽ മുൻപന്തിയിലുള്ള കമ്പനിയാണ് റോയൽ കരീബിയൻ. 900 ദിവസം കൊണ്ട് ഫിൻലാൻഡിലാണ് 'ഐക്കൺ ഓഫ് ദ സീസ്' നിർമ്മിച്ചത്. ഏകദേശം 200 കോടി രൂപയാണ് നിർമ്മാണച്ചെലവെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ജൂണിൽ തന്നെ പരീക്ഷണ ഓട്ടം പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഈ കപ്പൽ യാത്ര തുടങ്ങുന്നതോടെ, നിലവിലെ വലിയ കപ്പലായ 'വണ്ടർ ഓഫ് ദ സീസി'ന്റെ റെക്കോർഡ് തകർക്കപ്പെടും.

ക്ലബ്-തീം ഹൈഡ്വേയും കപ്പൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ട്രേഡ് മാർക്ക് പൂൾ ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. അതേസമയം, ടൈറ്റാനിക്കുമായി ഏറെ സാമ്യതകൾ ഉള്ളതുകൊണ്ടുതന്നെ ട്വിറ്ററിൽ അടക്കം ഭീമാകാരമായ ഈ കപ്പലിനെ കുറിച്ച് നിരവധി ചർച്ചകളാണ് നടക്കുന്നത്. നിരവധി സംശയങ്ങൾ ആളുകൾ പങ്കുവെക്കുന്നുണ്ടെങ്കിലും ഇതൊരു മികച്ച കാഴ്ചാ അനുഭവം തന്നെയായിരിക്കും എന്നതിൽ ആളുകൾക്ക് സംശയമില്ല.