ഇടുക്കി;തോട്ടഭൂമി മുറിച്ചുവിൽക്കലും അനധികൃത മരംമുറിക്കലും നിർമ്മാണ പ്രവർത്തനങ്ങളും വ്യാപകം.നിയമ വിരുദ്ധപ്രവർത്തനങ്ങൾക്ക് റവന്യു-വനം വകുപ്പുകളുടെ ഒത്താശയെന്നും പരക്കെ ആക്ഷേപം.സർക്കാരിന് നഷ്ടം കോടികൾ.ചുരക്കുളം ടീ എസ്റ്റേറ്റിന്റെ ഭാഗവുമായിരുന്നതും നിലവിൽ കുമളി വില്ലേജ് സർവ്വെ നമ്പർ 65 ഡിയിൽ ഉൾപ്പെട്ടതുമായ തോട്ടഭൂമി നിലവിലെ കൈവശക്കാർ മുറിച്ച് വിൽപ്പന നടത്തിയെന്നാണ് പുറത്തുവിവരങ്ങളിൽ നിന്നും വ്യക്തമായിട്ടിട്ടുള്ളത്.

ഫ്ളോട്ടുകളായി തിരച്ചിട്ടുള്ള ഭൂമിയിലെ മരങ്ങൾ പൂർണ്ണമായി വെട്ടിമാറ്റിയിട്ടുണ്ട്.എത്ര മരങ്ങൾ മുറിച്ചുമാറ്റിയെന്ന കാര്യത്തിൽ വനംവകുപ്പിന്റെ കൈവശം കൃത്യമായ കണക്കുവിവരങ്ങൾ ഇല്ലന്നാണ് സൂചന.ഇതിനകം കോടികളുടെ മരങ്ങൾ ഇവിടെ നിന്നും മുറിച്ചുകടത്തിയെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.കുമളി പഞ്ചായത്ത് 9-ാം വാർഡ് അംഗം കെ കബീറിനെതിരെ തോട്ടഭൂമിയിൽ നിന്നും അനധികൃതമായി ഈട്ടി മുറിച്ചസംഭവത്തിൽ വനംവകുപ്പ് കേസെടുത്തിരുന്നു.മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ കഴിഞ്ഞ ദിവസം ഈട്ടിത്തടി കഷങ്ങൾ വനംവകുപ്പ് കണ്ടെടുത്തിരുന്നു.75000 രൂപ വിലമതിക്കുന്ന ഈട്ടിതടി കഷണങ്ങൾ കണ്ടെടുത്തതായിട്ടാണ് വനംവകുപ്പ്് ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടുള്ള വിവരം.

ഇത് പ്രദേശത്തുനിന്നും നഷ്ടപ്പെട്ടിട്ടുള്ള മരങ്ങളുടെ ചെറിയൊരുഭാഗം മാത്രമാണെന്നും ഇതിനകം തന്നെ ഇവിടെ നിന്നും വൻതോതിൽ മരങ്ങൾ മുറിച്ചുകടത്തിയിട്ടുണ്ടെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.ഇവിടെ വളർന്നുനിന്നിരുന്ന മരങ്ങളുടെ വലിപ്പത്തെക്കുറിച്ചോ ഇനങ്ങളെക്കുറിച്ചോ വനംവകുപ്പിന്റെ കൈവശം കൃത്യമായ കണക്കുവിരങ്ങൾ ഇല്ലന്നും ഇത്് മനസ്സിലാക്കിയാണ് കൈവശക്കാർ മരങ്ങൾ മുറിച്ചുമാറ്റുന്നതെന്നുമാണ് പൊതുവെയുള്ള വിലയിരുത്തൽ.

മരങ്ങൾ മുറിച്ചുകടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കുമളി ഫോറസ്റ്റ് റെയിഞ്ചോഫീസർ തോട്ടഭൂമിയിലെ മരങ്ങളുടെ കണക്കുവിരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് കുമളി വില്ലേജ് ഓഫീസർക്കും പീരുമേട് തഹസീൽദാർക്കും കത്ത് നൽകിയിരുന്നെങ്കിലും ഇതുവരെ മറുപിടി ലഭിച്ചിട്ടില്ലന്നാണ് അറയുന്നത്.തോട്ടഭൂമി മുറിച്ചുവിൽക്കുന്നതിന് നിലവിൽ പ്രശ്നങ്ങളില്ല.മുറിച്ചുവിൽക്കുന്ന ഭൂമി തോട്ടമായി തന്നെ നിലനിർത്തണമെന്നാണ് ചട്ടം. ചുരക്കുളം റ്റീ എസ്റ്റേറ്റിന്റെ ഭൂമി കൈവശമാക്കിയവർ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി പരിവർത്തനം നടത്തിയതായിട്ടാണ് നിലവിലെ ഭൂമിയുടെ സ്ഥിതിയിൽ നിന്നും വ്യക്തമാവുന്നത്.

കാട് വെട്ടിത്തെളിച്ച് ,നിർമ്മാണപ്രവർത്തനങ്ങൾക്കായി സ്ഥലം അളന്നുതിരച്ച് കുറ്റിവച്ചിട്ടുള്ളതും ഇവിടെ കാണാം. ബിടിആറിൽ പുരയിടം എന്ന രേഖപ്പെടുത്തിയിരിക്കുന്നതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നതിന് തടസ്സമില്ലന്നും അതിനാലാണ് കൈവശക്കാർക്ക് നിർമ്മാണ പ്രവർത്തനങ്ങൾ നൽകാൻ അനുമതി നൽകിയതെന്നുമാണ് ഇക്കാര്യത്തിൽ റവന്യൂവകുപ്പ അധികൃതരുടെ വിശദീകരണം.

നിസ്സാര വിലയ്ക്ക് സ്വന്തമാക്കിയ ഭൂമി മുറിച്ചുവിറ്റ് കോടികൾ സമ്പാദിക്കുന്നതിന് കൈവശക്കാർ നീക്കം നടത്തുന്നതെന്നും ഇതിന് ചട്ടങ്ങൾ മറികടന്ന് വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായിട്ടാണ് പരക്കെ ഉയർന്നിട്ടുള്ള ആക്ഷേപം.അടുത്തിടെ വികസന പ്രവർത്തനങ്ങൾക്കായി കുമളി പഞ്ചായത്ത് സ്ഥലം വാങ്ങാൻ തീരുമാനിച്ചിരുന്നു.5 ഏക്കോളം സ്ഥലം ഏറ്റെടുക്കാൻ പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുണ്ടെന്നാണ് സൂചന.

ചട്ടം ലംഘിച്ച് മരം മുറിക്കലും നിർമ്മാണ പ്രവർത്തനങ്ങളും നടത്തിയിട്ടുള്ള തോട്ടഭൂമി പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങൾക്കായി ഏറ്റെടുപ്പിക്കുന്നതിന് പിന്നണിയിൽ ചരടുവലികൾ ശക്തമായിട്ടുണ്ട്.ഈ ഒറ്റ ഇടപാടിൽ മാത്രം കൈവശക്കാരുടെ കീശയിൽ കോടികൾ എത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും റിയൽ എസ്റ്റേറ്റ് മോഖലയിലെ ചിലരുമാണ് ഈ നീക്കത്തിന് ചുക്കാൻ പിടിക്കുന്നതെന്നാണ് സൂചന.

ഏക്കറിന് 63 ലക്ഷത്തോളം രൂപ നിശ്ചയിച്ചായിരുന്നു പഞ്ചായത്തിന് ഭൂമി വിൽക്കുന്നതെന്നാണ് കൈവശക്കാർ തന്നെ പ്രചരിപ്പിച്ചിരുന്നത്.ഇപ്പോൾ കരാർ ഉറപ്പിക്കുന്നതിനുള്ള നീക്കം ആരംഭിച്ചിട്ടുണ്ടെന്നും വില ഏക്കറിന് 1.28 ലക്ഷം രൂപയോളം ഉയർന്നിട്ടുണ്ടെന്നും മറ്റുമുള്ള വിവരങ്ങളും പ്രചരിക്കുന്നുണ്ട്.നിയമകുരുക്കിവൽ ഉൾപ്പെട്ടില്ലന്ന് ഉറപ്പുവരുത്തി ,ബന്ധപ്പെട്ട അധികൃതരുടെ അനുമതിയോടെ മാത്രമെ പഞ്ചായത്ത് സ്ഥലം ഏറ്റെടുക്കുകയുള്ളുവെന്നും സ്ഥലത്തിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് പീരിമേട് തഹസീൽദാർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ അറയിച്ചു.