ഇടുക്കി: ഇടുക്കിയിലെ ഭൂവിഷയങ്ങളിൽ എം എം മണി രണ്ടും കൽപ്പിച്ചാണ് പലപ്പോഴും മുന്നോട്ടു പോകുന്നത്. ഭീഷണിയുടെ സ്വരം എം എം മണി പുറത്തെടുത്തതോടെ ചിന്നക്കനാൽ വിഷയത്തിൽ സർക്കാർ യുടേൺ എടുത്തു. ഇടുക്കി ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ സ്ഥലം റിസർവ് വനമാക്കാനുള്ള നടപടിയാണ് സംസ്ഥാന സർക്കാർ മരവിപ്പിച്ചത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

വിജ്ഞാപനം സംബന്ധിച്ച തുടർനടപടികൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി വനം വകുപ്പ് മന്ത്രിയുടെ ഓഫീസും അറിയിച്ചു. വിജ്ഞാപനമിറങ്ങിയതിന് പിന്നാലെ ജനകീയ പ്രതിശേഷം ശക്തമായിരുന്നു. എച്ച്.എൻ.എല്ലിന് പാട്ടത്തിന് നൽകിയതും പാപ്പാത്തിച്ചോലയിൽ കയ്യേറ്റം ഒഴിപ്പിച്ചതും സൂര്യനെല്ലി ഭാഗത്തെ സ്ഥലവും ഉൾപ്പെടെ ആണ് റീസർവ് വനം ആക്കാൻ തീരുമാനിച്ചത്. അന്തിമ വിജ്ഞാപനം ഇറക്കുന്നതിനു മുന്നോടിയയുള്ള നടപടികൾ പൂർത്തിയാക്കാൻ ആണ് ഉത്തരവ് ഇറക്കിയത്.

സർക്കാർ നീക്കം ഭൂമി കൈവശം വച്ചിരിക്കുന്നവർക്ക് തിരിച്ചടിയാകും എന്ന് ആശങ്കഉണ്ടായതോടെ പ്രതിഷേധവും ശക്തമായി. ഇതോടെയാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നത്. 1996 ഡിസംബർ 12 ന് മുമ്പ് വനേതര ആവശ്യങ്ങൾക്കായി മാറ്റിയിട്ടുള്ള ഭൂമി വന സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും കേന്ദ്ര മാർഗ രേഖ വന്നാലും സെറ്റിൽമെന്റ് ഓഫീസറെ നിയമിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും യോഗം വിലയിരുത്തി. കളക്ടർക്ക് അയച്ച കത്തിൽ തുടർനടപടികൾ ആവശ്യമില്ലെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.

ചിന്നക്കനാൽ വില്ലേജിലെ 364. 39 ഹെക്ടർ ഭൂമി റിസർവ് വനമായി പ്രഖ്യാപിച്ചതിനെതിരെ കടുത്ത ഭാഷയിലാണ് എം എം മണി രംഗത്തുവന്നത്. 'ഒരു വിജ്ഞാപനവും അംഗീകരിക്കില്ല. വനം വകുപ്പ് ഇറങ്ങി നടക്കണോ എന്ന് നാട്ടുകാർ തീരുമാനിക്കും.വിജ്ഞാപനം മടക്കി പോക്കറ്റിൽ വച്ചാൽ മതി, വിജ്ഞാപനം പിൻവലിക്കണം നടപടികളുമായി മുന്നോട്ടുപോയാൽ ജനങ്ങൾ നേരിടുമെന്നും' എംഎം മണി പറഞ്ഞു.

ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സൂര്യനെല്ലി ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎം മണി. ഇക്കാര്യത്തിൽ എല്ലാ കക്ഷികളും ഒറ്റക്കെട്ടാണ്. സർക്കാർ തലത്തിൽ ഇടപെടൽ നടത്തും. ഇവിടെ താമസിക്കുന്നവർ ഇവിടെ തന്നെ താമസിക്കും. അത് തകർക്കാൻ ശ്രമിച്ചാൽ ക്രമസമാധാന നില തകരുന്നതാവും ഫലമെന്നും എംഎം മണി പറഞ്ഞു.