- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടിസുനിയെ പിടിച്ചതിന്റെ ദേഷ്യത്തിന് പിണറായി സർക്കാർ മൂലയ്ക്ക് ഒതുക്കിയ കുറ്റാന്വേഷന് അർഹതയുടെ അംഗീകാരം; കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ മോദിയെ നിയമിച്ചതിന് പിന്നാലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും; ഐ ജി അനൂപ് കുരുവിള ജോൺ അംഗീകരിക്കപ്പെടുമ്പോൾ
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും സമർത്ഥനായ കുറ്റാന്വേഷനായ ഐ.ജി അനൂപ് കുരുവിള ജോണിനെ അംഗീകരിച്ച് കേന്ദ്രം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡൽ നൽകിയാണ് അനൂപിനെ കേന്ദ്രസർക്കാർ ആദരിച്ചത്. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടിസുനിയെയും സംഘത്തെയും അർദ്ധരാത്രിയിൽ മുടക്കോഴി മലയിലെ ഓപ്പറേഷനിൽ ഏറ്റുമുട്ടലിൽ കീഴടക്കി സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയതിന്റെ വിരോധത്തിന്, ട്രാഫിക്കിലേക്ക് ഒതുക്കപ്പെട്ട ഐ.ജി അനൂപ് കുരുവിള ജോണിനെ അടുത്തിടെ കേന്ദ്രസർക്കാർ കേന്ദ്രത്തിലേക്ക് വിളിപ്പിച്ചിരുന്നു.
പ്രധാനമന്ത്രിയെ ഭരണനിർവഹണത്തിൽ സഹായിക്കുന്ന കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ അനൂപിനെ നിയമിച്ചിരിക്കുകയാണിപ്പോൾ. കേരളത്തിലെ രാഷ്ട്രീയ വൈരത്തിൽ ഹോമിക്കപ്പെടേണ്ട ആളല്ല അനൂപ് എന്ന് തിരിച്ചറിഞ്ഞാണ് കേന്ദ്രത്തിന്റെ ഈ നടപടി. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കാബിനറ്റ് സെക്രട്ടേറിയറ്റ്. കേരളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേകരിൽ പ്രമുഖനും അന്താരാഷ്ട്ര തീവ്രവാദ സംഘടനകളെ ഒതുക്കാൻ പരീശീലനം സിദ്ധിച്ചയാളുമാണ് അനൂപ് കുരുവിള ജോൺ. എൻ.ഐ.എയിലുണ്ടായിരുന്നപ്പോൾ നിരവധി തീവ്രവാദക്കേസുകൾ തെളിയിക്കുകയും ആക്രമണ പദ്ധതികൾ പൊളിക്കുകയും ചെയ്തതിന്റെ ആദരവാണ് രാജ്യം അദ്ദേഹത്തിന് റിപ്പബ്ലിക് ദിനത്തിൽ നൽകിയത്.
ദേശീയ അന്വേഷണ ഏജൻസിയിലും (എൻ.ഐ.എ) തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലും പ്രവർത്തിച്ച് കാര്യക്ഷമത തെളിയിക്കുകയും നിരവധി തീവ്രവാദക്കേസുകൾ അന്വേഷിച്ച് കണ്ടെത്തുകയും അന്താരാഷ്ട്ര തീവ്രവാദ സംഘടനകളെ ഒതുക്കാൻ പ്രത്യേക പരിശീലനം നേടുകയും ചെയ്ത അനൂപ് കുരുവിള ജോണിനെ സംസ്ഥാനത്ത് ഒതുക്കി മൂലയ്ക്ക് ഇട്ടിരിക്കുകയായിരുന്നു. പൊലീസ് അക്കാഡമിയിലും ട്രാഫിക്കിലും റോഡ് സുരക്ഷയിലുമൊക്കെയായിരുന്നു അനൂപിനെ നിയോഗിച്ചത്. ഡിഐജിയായി സ്ഥാനക്കയറ്റം ലഭിച്ചപ്പോഴും ക്രമസമാധാന ചുമതല നൽകിയില്ല.
പകരം മതിയായ സംവിധാനങ്ങളും തസ്തികകളുമില്ലാത്ത തീവ്രവാദ വിരുദ്ധ സേനയിലാണ് നിയമിച്ചത്. ഐ.ജിയായപ്പോഴും കാക്കിയിടുന്ന തസ്തികകളൊന്നും അനൂപിന് നൽകാതെ ഒതുക്കി. ടെലികമ്മ്യൂണിക്കേഷൻ അടക്കം അപ്രധാന തസ്തികകളാണ് നൽകിയത്. ഇതേത്തുടർന്ന് നിരാശനായിരുന്ന അനൂപിന്റെ രക്ഷയ്ക്ക് കേന്ദ്രസർക്കാർ എത്തുകയായിരുന്നു. ഇത്രയും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനെ കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ നിയമിക്കാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. 2004ബാച്ച് കേരളാ കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അനൂപ് കുരുവിള ജോൺ.
സംസ്ഥാന പൊലീസിലെ ഏറ്റവും സമർത്ഥനായ കുറ്റാന്വേഷകനായിട്ടും പാർട്ടിക്കെതിരേ പ്രവർത്തിച്ചെന്ന കുറ്റം പറഞ്ഞ്, സ്വന്തം ജോലി നിർവഹിച്ച അനൂപിനെ സർക്കാർ ക്രൂശിക്കുകയായിരുന്നു. അനൂപ് കുരുവിളയുടെ കരിയർ നശിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രം തടഞ്ഞത്. ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ റിക്രൂട്ടിങ് ഗ്രൗണ്ടായി കേരളം മാറിയെന്ന് സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ തുറന്നുസമ്മതിച്ചിട്ടു പോലും അനൂപ് കുരുവിളയെ സുപ്രധാന തസ്തികയിൽ നിയമിച്ചതേയില്ല. തീവ്രവാദക്കേസുകൾ അന്വേഷിക്കുകയും, തീവ്രവാദ ബന്ധമുള്ളവരെ നിരീക്ഷിക്കുകയും ചെയ്തിരുന്ന ഇന്റേണൽ സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ (ഐ.എസ്ഐ.ടി) വിഭാഗത്തിലൊന്നും അനൂപിനെ നിയമിച്ചില്ല.
പകരം മാവോയിസ്റ്റുകളെ വേട്ടയാടാൻ കാട്ടിലേക്ക് വിടുകയായിരുന്നു. അനൂപിന്റെ നിർദ്ദേശപ്രകാരം 2012 ജൂലൈ 14ന് മുടക്കോഴിമലയിൽ വച്ച് ടി.പി. വധക്കേസ് കൊലയാളി സംഘാംഗങ്ങളെ സൈലന്റ് നൈറ്റ് ഓപ്പറേഷനിലൂടെ പിടികൂടിയതാണ് അദ്ദേഹത്തെ സിപിഎമ്മിന്റെയും സർക്കാരിന്റെയും ശത്രുവാക്കിയത്. കൊടി സുനിയെയും സംഘത്തെയും മുടക്കോഴി മലയിൽ അർധരാത്രിയെത്തി സാഹസികമായി പിടികൂടി. കൊലയ്ക്ക് ഉപയോഗിച്ച വാൾ കിണറ്റിലിട്ട ലംബു പ്രദീപനെ കുടുക്കിയത്,
കൊലയാളി സംഘാംഗമായ ടി.കെ. രജീഷിനെ തിരഞ്ഞ് മുംബൈയിലേക്കുള്ള യാത്ര, ടി.പി. കേസിൽ കോളിളക്കം സൃഷ്ടിച്ചു നടന്ന പി. മോഹനന്റെ അറസ്റ്റ് എന്നിവയും അനൂപിനെ പാർട്ടിയുടെ കണ്ണിലെ കരടാക്കി. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനാണ് അനൂപ്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്