ന്യൂഡൽഹി: കാൺപൂരിലെ ഐഐടിയിലെ അദ്ധ്യാപകൻ സമീർ ഖണ്ഡേക്കർ(53) കുഴഞ്ഞുവീണ് മരിച്ചത് നല്ല ആരോഗ്യത്തെ കുറിച്ച് പഠിതാക്കളോട് സംസാരിക്കുന്നതിനിടെ. വെള്ളിയാഴ്ച പൂർവ വിദ്യാർത്ഥി സംഗമത്തിൽ സംസാരിക്കവെയാണ് അദ്ധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചത്. സീനിയർ പ്രൊഫസറും മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗം മേധാവിയുമായിരുന്നു.

എല്ലാവരും ആരോഗ്യം നന്നായി കാക്കണമെന്ന് പഠിതാക്കളോട് പറഞ്ഞ് നിമിഷങ്ങൾക്കകം സമീറിനെ വല്ലാതെ വിയർക്കാൻ തുടങ്ങി. എന്താണ് സംഭവിക്കുന്നത് എന്ന് ആർക്കും മനസ്സിലാകും മുമ്പേ വേദിയിൽ കുഴഞ്ഞുവീഴുകയും ചെയ്തു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഐഐടിയിൽ വിദ്യാർത്ഥി കാര്യങ്ങളുടെ ഡീനായിരുന്നു സമീർ.

മരണകാരണം ഹൃദയാഘാതമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ ശനിയാഴ്ച അറിയിച്ചു. അഞ്ച് വർഷം മുമ്പ് ഖണ്ഡേക്കറിന് ഉയർന്ന കൊളസ്ട്രോൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. മികച്ച അദ്ധ്യാപകനും ഗവേഷകനുമായ ഖണ്ഡേക്കറിന്റെ മരണത്തിൽ ക്യാമ്പസ് ഞെട്ടലിലാണ്. വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അദ്ധ്യാപകനായിരുന്നു ഇദ്ദേഹം. മികച്ച അദ്ധ്യാപകനും, ഗവേഷകനുമായിരുന്നു അദ്ദേഹമെന്ന് മുൻ കാൺപൂർ ഐഐടി ഡയറക്ടർ അഭയ് കരണ്ടികർ പറഞ്ഞു. നല്ല ഉത്സാഹശീലമുള്ള ഊർജ്ജം പ്രസരിപ്പിക്കുന്ന സഹപ്രവർത്തകനായിരുന്നുവെന്ന് അഭയ് അനുസ്മരിച്ചു.

മൃതദേഹം കാൺപൂർ ഐഐടിയിലെ ഹെൽത്ത് സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണെന്നും കേംബ്രിഡ്ജ് സർവകലാശാലയിൽ പഠിക്കുന്ന ഏക മകൻ പ്രവാഹ് ഖണ്ഡേക്കർ എത്തിയതിന് ശേഷം മാത്രമേ അന്തിമ ചടങ്ങുകൾ നടത്തുകയുള്ളൂവെന്നും അധികൃതർ പറഞ്ഞു.