കോഴിക്കോട്: നാദാപുരത്തിനടുത്ത് വാണിമേൽ ഗ്രാമ പഞ്ചായത്തിലെ റിസർവ് വനത്തോട് ചേർന്നുള്ള ചിറ്റാരിമലയിൽ നടക്കുന്ന അനധികൃത കരിങ്കൽ ഖനനം ഒരു പ്രദേശത്തെ ജനങ്ങളെയാകെ ഭീതിയിലാക്കുന്നു. ഈ പ്രദേശത്തെ ആദിവാസികളുൾപ്പെടെയുള്ളവരുടെ ജീവനു പോലും ഭീഷണി ഉയർത്തിക്കൊണ്ടാണ് എറണാകുളം ആസ്ഥാനമായുള്ള മലയോരം റോക്ക് പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി കരിങ്കൽ ഖനനവുമായി മുന്നോട്ട് പോകുന്നത്.

മയ്യഴിപ്പുഴയുടെ ഉദ്ഭവ കേന്ദ്രത്തോടടുത്ത പ്രദേശത്ത് നടക്കുന്ന ഖനനം ഗുരുതര പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന് നാട്ടുകാർ പറയുന്നു. ആദിവാസി കോളനികൾ ഉൾപ്പെടുന്ന ജനവാസ മേഖലയാണിത്. ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശം കൂടിയാണിത്. കുടിവെള്ളം ഉൾപ്പെടെ പ്രദേശവാസികളുടെ ഏക ആശ്രയമാണ് ചിറ്റാരി മല.

മേഖലയിലെ കുടുംബങ്ങൾ ശുദ്ധജലത്തിനായി ആശ്രയിക്കുന്നത് ഈ മലയോരത്തെ പ്രകൃതി ദത്തമായ നീരുറവകളെയാണ്. ക്വാറി പരിസരത്ത് നടത്തിയ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ കാരണം ജലസ്രോതസ്സുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കുടിവെള്ളം പോലും കിട്ടാത്ത സ്ഥിതിയിലേക്കാണ് ഖനനം പ്രദേശത്തെ എത്തിക്കുകയെന്നും നാട്ടുകാർ പറയുന്നു.

2010 ലാണ് ചിറ്റാരിമലയിലെ നൂറിലധികം ഏക്കർ ഭൂമി ഉയർന്ന പൊലീസുദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള മലബാർ റോക്ക് പ്രൊഡക്ട്‌സ് കമ്പനി വാങ്ങിയത്. സിനിമാ നിർമ്മാതാവ് ഉൾപ്പെടെയുള്ളവരുടെ പേരിലും ബിനാമി പേരിലുമാണ് ഇവിടെ ഹെക്ടർ കണക്കിന് ഭൂമി വാങ്ങി രജിസ്റ്റർ ചെയ്തിട്ടുള്ളത്. കടലിൽ കല്ലിടാനെന്ന പേരിൽ വൻതോതിൽ സീ ബോൾ കടത്തിക്കൊണ്ടുപോയപ്പോഴാണ് ജനങ്ങൾ രംഗത്തിറങ്ങിയത്.

കണ്ണവം ഫോറസ്റ്റിനോട് ചേർന്ന് നടക്കുന്ന ഖനനം പ്രവർത്തനം വന്യമൃഗങ്ങളെ ബാധിക്കുമെന്ന് നേരത്തെ തന്നെ ഫോറസ്റ്റ് അധികൃതർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേരത്തെ ഉരുൾപൊട്ടലുണ്ടായ പ്രദേശത്താണ് ഖനനം നടക്കുന്നതെന്നതാണ് ഭയപ്പെടുത്തുന്ന കാര്യം. 2000 ത്തിൽ മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ പ്രദേശവാസികളായ രണ്ട് പേരാണ് മരണപ്പെട്ടത്.

പരിസ്ഥിതി സംരക്ഷണ സമിതിയുടെ ഇടപെടലിലൂടെ വനം പരിസ്ഥിതി മന്ത്രാലയം ക്വാറിക്ക് സ്റ്റോപ്പ് മെമോ നൽകിയിരുന്നു. അന്ന് താത്ക്കാലികമായി പിന്മാറിയ സംഘം വീണ്ടും ഖനന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്‌ഐ തുടങ്ങിയ സംഘടനകളെല്ലാം അനധികൃത കരിങ്കൽ ഖനനത്തിനെതിരെ രംഗത്ത് വന്നിരുന്നു.

ജനജീവിതത്തെ സാരമായി ബാധിക്കുന്ന ചിറ്റാരിമലയിലെ കരിങ്കൽ ഖനനം നിർത്തലാക്കണമെന്ന് പ്രദേശം സന്ദർശിച്ച അഖിലേന്ത്യാ കിസാൻസഭ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഖനന മേഖല നിയമസഭാ പരിസ്ഥിതി കമ്മിറ്റി പരിശോധിക്കണമെന്നും ഭാരവാഹികൾ വ്യക്തമാക്കി. ജില്ലാ വൈസ് പ്രസിഡന്റ് രാജു തോട്ടും ചിറ, മണ്ഡലം സെക്രട്ടറി സി എച്ച് ദിനേശൻ എന്നിവരുടെ നേതൃത്വത്തിലാണ് കിസാൻസഭ ഭാരവാഹികൾ പ്രദേശത്ത് സന്ദർശനം നടത്തിയത്.