- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇമ്രാൻ ഖാൻ നുണ പറഞ്ഞ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു; ഞാൻ ഇമ്രാനെ കൊല്ലാൻ വേണ്ടി മാത്രമാണ് വന്നത്; പരമാവധി ശ്രമിച്ചു, പക്ഷേ സാധിച്ചില്ല; അത് ഒരിക്കൽ സംഭവിക്കും'; അറസ്റ്റിലായ അക്രമിയുടെ മൊഴി പുറത്ത്; അപലപിച്ച് പാക്ക് പ്രധാനമന്ത്രിയും സൈന്യവും; പ്രതികരിച്ച് ഇന്ത്യ
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് താൻ വെടിയുതിർത്തതെന്ന് അറസ്റ്റിലായ യുവാവിന്റെ വെളിപ്പെടുത്തൽ. ''ഇമ്രാൻ ഖാൻ നുണ പറഞ്ഞ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന വ്യക്തിയാണ്. കൊല്ലാനാണ് ആഗ്രഹിക്കുന്നത്. പെരുംനുണയനാണ്. ഇമ്രാനെ കൊല്ലേണ്ടത് വളരെ അത്യാവശ്യമാണ്. പരമാവധി ശ്രമിച്ചു. പക്ഷേ സാധിച്ചില്ല. പക്ഷേ അത് ഒരിക്കൽ സംഭവിക്കും.''-പിടിയിലായ യുവാവ് പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
''ഞാൻ ഇമ്രാനെ കൊല്ലാൻ വേണ്ടി മാത്രമാണ് വന്നത്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനാലാണ് ഇത് ചെയ്തത്. എനിക്ക് ഇത് സഹിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം റാലി ആരംഭിച്ച ദിവസം തന്നെ ഇത് ചെയ്യാൻ തീരുമാനിച്ചിരുന്നു'' പൊലീസ് പകർത്തിയ വിഡിയോയിൽ ആക്രമണകാരി പറയുന്നു. ഒറ്റയ്ക്കാണ് വെടിവയ്‌പ്പ് നടത്തിയതെന്നും തന്റെ പിന്നിൽ ആരുമില്ലെന്നും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു.വെടിവെപ്പിന് പിന്നാലെ പാർട്ടി പ്രവർത്തകർ ഇയാളെ പിടികൂടിയിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
പാക്കിസ്ഥാൻ ഇ തെഹ്രിക് ഇൻസാഫിന്റെ സർക്കാർ വിരുദ്ധ പ്രതിഷേധ റാലിക്കിടെയാണ് ഇമ്രാൻ ഖാന് നേരെ വധശ്രമമുണ്ടായത്. ഇമ്രാൻ ഖാനെ ലക്ഷ്യം വച്ചായിരുന്നു ഇയാൾ ബൈക്കിൽ ഗുജ്‌റൻവാലയിൽ എത്തിയത്. റാലിയിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ബൈക്ക് ഗുജ്‌റൻവാലയിൽ അമ്മാവന്റെ വീട്ടിൽ ഉപേക്ഷിച്ച് റാലിയിലെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം, ഇയാൾക്ക് പുറമെ ഇമ്രാൻ ഖാനെ ലക്ഷ്യം വെച്ച് മറ്റൊരാൾ കൂടി തോക്കുമായി ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. രണ്ടു പേരുടെ കൈയിലും തോക്ക് ഉണ്ടായിരുന്നെന്നും ഒരാളുടെ പക്കൽ ഓട്ടോമാറ്റിക് റൈഫിൾ ആയിരുന്നെന്നുമാണ് വിവരം.
പാക് സർക്കാരിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ഇമ്രാൻ ഖാൻ നടത്തുന്ന ലോങ് മാർച്ച് വസീറാബാദിലെ സഫർ അലി ഖാൻ ചൗക്കിൽ എത്തിയപ്പോഴായിരുന്നു സംഭവം. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനിടയിൽക്കൂടി കണ്ടെയ്‌നറിൽ സഞ്ചരിക്കുകയായിരുന്നു ഇമ്രാൻ ഖാൻ. പെട്ടെന്ന് കണ്ടെയ്‌നറിന് നേരെ അക്രമി വെടിയുതിക്കുകയായിരുന്നു. ഇമ്രാൻ ഖാന്റെ കാലിനാണ് വെടിയേറ്റത്. ഉടൻ തന്നെ ഇമ്രാൻ ഖാനെ ബുള്ളറ്റ് പ്രൂഫ് വാഹനത്തിലേക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷ നൽകിയശേഷം ഉടൻ തന്നെ അദ്ദേഹത്തെ ലാഹോറിലുള്ള ഷൗക്കത്ത് ഖാനൂം ആശുപത്രിയിലെത്തിച്ചു. ഇമ്രാൻ ഖാന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കാലിൽ നാല് വെടിയുണ്ടകൾ തുളഞ്ഞുകയറിയതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പങ്കാളിയായ രണ്ടാമന് വേണ്ടി അന്വേഷണം തുടരുകയാണ്. ഒരാൾ പിസ്റ്റളുമായും മറ്റൊരാൾ റൈഫിളുമായും വന്നെന്നാണു പ്രചാരണം. ഇമ്രാന്റെ പാർട്ടി നേതാക്കളിൽ നാലു പേർക്ക് ഉൾപ്പെടെ ഏഴു പേർക്ക് പരുക്കേറ്റു. ഒരാൾ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.
ഇമ്രാൻ ഖാനെ വകവരുത്താൻ മറ്റൊരു ഷൂട്ടർ എ.കെ. 47 തോക്കുമായി പ്രദേശത്തുണ്ടായിരുന്നുവെന്നും എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ലെന്നും എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ഒരു പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടതായി സെനറ്റർ ഫൈസൽ ജാവേദ് പറഞ്ഞു. വെടിവെപ്പിൽ ഫൈസൽ ജാവേദിനും പരിക്കേറ്റിരുന്നു. അദ്ദേഹത്തിന്റെ മുഖത്താണ് ബുള്ളറ്റ് കൊണ്ടത്. ആക്രമണത്തിൽ സിന്ധ് മുൻ ഗവർണർ ഇമ്രാൻ ഇസ്മായിൽ, പാർട്ടി മുതിർന്ന നേതാവ് ഫൈസൽ ജാവേദ് അടക്കം പത്തോളം നേതാക്കൾക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. ലഹോറിൽനിന്ന് ഇസ്ലാമാബാദിലേക്ക് നടത്തുന്ന മാർച്ചിനിടെയാണ് മുൻ പാക്ക് ക്രിക്കറ്റ് താരം കൂടിയായ ഇമ്രാനുനേരെ ആക്രമണമുണ്ടായത്.
ഇസ്ലാമാബാദിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള ഗുജ്റൻവാല ജില്ലയിലായിരുന്നു ആക്രമണം. കണ്ടെയ്നർ ട്രെക്കിന് മുകളിൽ നിൽക്കുകയായിരുന്ന ഇമ്രാൻ ഖാനെ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഇമ്രാൻ നിന്നിരുന്ന സ്ഥലത്തിന്റെ ഇടതുവശത്ത് നിന്നാണ് ആക്രമണകാരി വെടിയുതിർത്തത്. അക്രമിയെ പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇമ്രാന്റെ കാലിനാണ് വെടിയേറ്റത്.
ഇമ്രാൻ ഖാനെതിരെയുണ്ടായ വെടിവയ്പിനെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അപലപിച്ചു. സംഭവത്തിൽ ഉടൻ റിപ്പോർട്ട് തേടാൻ ആഭ്യന്തര മന്ത്രി റാനാ സനാഉല്ലയോട് നിർദ്ദേശിച്ചു. ആക്രമണത്തെ പാക്ക് സൈന്യവും അപലപിച്ചു. അതേസമയം, ആക്രമണത്തിൽ പ്രതികരണവുമായി ഇമ്രാൻ ഖാൻ രംഗത്തെത്തി. തന്റെ മരണം ആഗ്രഹിക്കുന്നവർക്കെതിരെ ശക്തമായി പോരാടുമെന്ന് ഇമ്രാൻ പറഞ്ഞു. ''അവർ എന്നെ കൊല്ലാൻ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. പക്ഷേ അവർക്കറിയില്ലരക്ഷിക്കാൻ അള്ളാഹുവുണ്ടെന്ന്. ഞാൻ തിരിച്ചു പോരാടുക തന്നെ ചെയ്യും.''-ഇമ്രാൻ ഖാൻ പറഞ്ഞു.
പാക്കിസ്ഥാനിൽ നടക്കുന്ന സംഭവങ്ങളേക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാക്കിസ്ഥാനിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കേട്ടു. ആ വിഷയത്തിൽ ശ്രദ്ധപുലർത്തുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.2007-ൽ റാലിക്കിടെ വെടിയേറ്റു മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട സംഭവത്തെ ഓർമ്മിപ്പിക്കും വിധത്തിലായിരുന്നു ഇമ്രാനു നേരെയുണ്ടായ ആക്രമണമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ന്യൂസ് ഡെസ്ക്