- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുമായുള്ള മുപ്പത്തി രണ്ടായിരം കോടി രൂപയുടെ ആയുധ ഇടപാട് അംഗീകരിച്ച് അമേരിക്കൻ പ്രതിരോധ വകുപ്പ്; ഇന്ത്യ വാങ്ങുന്നത് ഡ്രോണുകളും മിസൈലുകളുമടക്കം ഇന്ത്യയുടെ നാവിക സുരക്ഷിതത്വത്തിനും നിരീക്ഷണത്തിനും വേണ്ടിയുള്ള ആയുധങ്ങൾ; ഇന്ത്യാ- അമേരിക്ക ഇടപാട് തെക്കനേഷ്യൻ മേഖലയിലെ ചൈനയുടെ സ്വാധീനം മുന്നിൽ കണ്ടെന്ന് നിരീക്ഷകർ
ന്യൂഡൽഹി: തെക്കനേഷ്യൻ മേഖലയിൽ ചൈനയുറ്റെ സ്വാധീനം കുറയ്ക്കുവാൻ ഇന്ത്യയ്ക്ക് വലിയൊരു പങ്ക് നിർവഹിക്കാൻ കഴിയും എന്നതിന്റെ മറ്റൊരു സൂചനയായി ഇന്ത്യയുമായുള്ള 32 ആയിരം കോടിയുടെ ആയുധ ഇടപാടിന് അമേരിക്കൻ പ്രതിരോധ വകുപ്പ് അനുമതി നൽകി. ആയുധങ്ങളുടെ കാര്യത്തിൽ, പരമ്പരാഗതമായി റഷ്യയുടെ മേൽ ഉണ്ടായിരുന്ന ആശ്രിതത്വം കുറച്ചുകൊണ്ടു വരികയാണ് ഇന്ത്യ എന്നും നിരീക്ഷകർ വിലയിരുത്തുന്നു. നാവിക സുരക്ഷ ഏർപ്പെടുത്തുന്നതിന് മുൻഗണന നൽകുന്നതാണ് പുതിയ ആയുധ കരാർ.
ഇത് പ്രകാരം സമുദ്ര മേഖലയിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും നിരീക്ഷണം ശക്തമാക്കുന്നതിനുമായുള്ള ഡ്രോണുകളും മിസൈലുകളും ഇന്ത്യ അമേരിക്കയിൽ നിന്നും വാങ്ങും. 31 സ്‌കൈ ഗാർഡിയൻ ഡ്രോണുകളും, 170 ഹെൽഫയർ മിസൈലുകളും, 310 സ്മോൾ ഡയമീറ്റർ ബോംബുകളുമായിരിക്കും ഇന്ത്യയ്ക്ക് നൽകുക. അതോടൊപ്പം ഇൻഡോ- പസഫിക് തന്ത്രങ്ങളുടെ ഭാഗമായി മറ്റു സൈനിക സഹായങ്ങളും അമേരിക്ക നൽകും.
മേഖലയിലെ ചൈനീസ് സ്വാധീനം കുറച്ചു കൊണ്ടു വരുന്നത് ലക്ഷ്യമിട്ടുള്ളഈ കരാർ, കഴിഞ്ഞ വർഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനവേളയിലായിരുന്നു പ്രഖ്യാപിച്ചത്. ഈ കരാറിന് കോൺഗ്രസ്സിന്റെ അന്തിമാനുമതി ആവശ്യമാണ് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇക്കാര്യം ഇതിനോടകം തന്നെ കോൺഗ്രസ്സിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
അമേരിക്കയുടെ ദേശീയ സുരക്ഷയേയും വിദേശ നയത്തെയും കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഈ കരാർ എന്നാണ് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞത്. ഇതുവഴി ഇൻഡോ- യു എസ് ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ആകുമെന്നും, പ്രതിരോധ തലത്തിൽ അമേരിക്കയുടെ ഏറ്റവും പ്രധാന പങ്കാളിയെ കൂടുതൽ കരുത്തരാക്കാൻ കഴിയുമെന്നും വക്താവ് പറഞ്ഞു. ഇൻഡോ- പസഫിക് മേഖലയിലും ദക്ഷിണേഷ്യയിലും നിലനിൽക്കുന്ന രാഷ്ട്രീയ സ്ഥിരതയിലും, സമാധാനത്തിലും, സാമ്പത്തിക വളർച്ചയിലും സുപ്രധാന പങ്കാണ് ഇന്ത്യ വഹിക്കുന്നതെന്നും വക്താവ് കൂട്ടിച്ചേർത്തു.
ആളില്ലാ നിരീക്ഷണ ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യയുടെ നിരീക്ഷണവും സുരക്ഷയും ശക്തിപ്പെടുത്താനാവും. അതുപോലെ സമുദ്രത്തിലെ പട്രോളിങ് കൂടുതൽ കാര്യക്ഷമമാക്കുവാനും സാധിക്കും. ചെങ്കടലിലും, ഇന്ത്യൻ സമുദ്രത്തിലും കടൽക്കൊള്ളക്കാർക്കെതിരെ ശക്തമായി തിരിച്ചടിച്ച് അടുത്ത കാലത്ത് ഇന്ത്യൻ നേവി ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നിരീക്ഷണ ഡ്രോണുകളും മറ്റും എത്തുന്നതോടെ കടൽക്കൊള്ളക്കാർക്കെതിരെയും ശക്തമായി നിലകൊള്ളാൻ ഇന്ത്യക്ക് കഴിയും.
തുടർച്ചയായി ആധുനികവത്ക്കരണം നടത്തുന്ന ഇന്ത്യൻ സൈന്യത്തിന് ഏറ്റവും ആധുനിക സാങ്കേതിക വിദ്യയിലുള്ള ഈ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന് കാര്യമായ പ്രയാസങ്ങൾ ഒന്നും അനുഭവപ്പെടില്ല എന്ന് ഈ രംഗത്തെ വിദഗ്ധരും പറയുന്നു.
മറുനാടന് ഡെസ്ക്