- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്യരുതെന്ന് ശിഖർ ധവാനും; കെ എൽ രാഹുലിന് പിന്നാലെ 'ഭയാനകമായ ഈ കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന്' ആവശ്യപ്പെട്ട് ധവാനും രംഗത്ത് വന്നതോടെ വിഷയം ദേശീയ ശ്രദ്ധയിൽ; എന്നാണ് ഒടുവിൽ താരം കുട്ടികളുമായി തെരുവിൽ ഇറങ്ങിയതെന്ന് ട്രോളുകളും
ന്യൂഡൽഹി: കേരളത്തിലെ തെരുവ് നായ പ്രശ്നം ദേശീയതലത്തിലും ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ അനുമതി തേടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് വിഷയം കൂടുതൽ ചർച്ചാവിഷയമായത്. ഇതിന് പുറമേ വിവിധ സ്ഥലങ്ങളിൽ ആളുകൾക്ക് കടിയേറ്റതിനെ തുടർന്ന്, തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്ത നിലയിൽ കണ്ടെത്തിയതും മൃഗസ്നേഹികളുടെ പ്രതിഷേധത്തിന് ഇടയാക്കി. സോഷ്യൽ മീഡിയയിലും മറ്റും ഇതിനെ അനുകൂലിച്ചും, പ്രതികൂലിച്ചും, സംവാദങ്ങൾ നടക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങളും തെരുവ് നായക്ക്കളെ കൊല്ലരുതെന്ന് ആവശ്യപ്പെട്ടതാണ് പുതിയ സംഭവവികാസം.
ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ കെ.എൽ. രാഹുലിന് പിന്നാലെ കേരളത്തിൽ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ബാറ്റർ ശിഖർ ധവാനും ആവശ്യപ്പെട്ടു. മനുഷ്യന്റെ ഏറ്റവും വലിയ ചങ്ങാതിയെ കൊല്ലരുതെന്നാണ് ശിഖർ ധവാന്റെ അഭ്യർത്ഥന. കേരളത്തിൽ നായ്ക്കളുടെ കൂട്ടക്കൊല നടത്തുന്നത് ഭയാനകമായ കാര്യമാണ്. ഇത്തരം ക്രൂരമായ കൊലകൾ അവസാനിപ്പിക്കുകയും, ഇത്തരം നീക്കങ്ങളിൽ നിന്ന് പിന്മാറുകയും വേണം', ധവാൻ ട്വീറ്റ് ചെയ്തു. എന്നാൽ, സോഷ്യൽ മീഡയയിൽ വ്യത്യസ്ത പ്രതികരണങ്ങളാണ് ഉയരുന്നത്.
This is so horrifying that mass killing of dogs in #kerala is taking place. I would request to reconsider such moves and put an end to these brutal killings.
- Shikhar Dhawan (@SDhawan25) September 16, 2022
ധവാന്റെ ട്വീറ്റിന് ഏഴായിരം ലൈക്കുകളും, 250 റീട്വീറ്റുകളും കിട്ടിയെങ്കിലും, ചിലർ അദ്ദേഹത്തെ ട്രോളാൻ മടിച്ചില്ല. എന്നാണ് നിങ്ങൾ കുട്ടികളുമായി തെരുവിൽ ഒടുവിൽ ഇറങ്ങിയത്? നായ്ക്കടി ഏറ്റതുമൂലം താങ്കൾക്ക് കുട്ടികൾ നഷ്ടപ്പെട്ടിട്ടുണ്ടോ, മനുഷ്യത്വം ആദ്യം മനുഷ്യർക്ക്- ഒരു ട്വീറ്റർ ധവാനെ ചോദ്യം ചെയ്തത് ഇങ്ങനെ. ധവാൻ കാര്യം എന്താണെന്ന് ആദ്യം മനസ്സിലാക്കണമെന്നും എന്നിട്ട് മുതലക്കണ്ണീരൊഴുക്കണമെന്നും മറ്റൊരാൾ കുറിച്ചു.
നേരത്തേ കേരളത്തിലെ തെരുവുനായ വിഷയത്തിൽ പ്രതികരണവുമായി കെ.എൽ രാഹുൽ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്ന തരത്തിലുള്ള കാംപയിനു പിന്തുണയുമായാണ് താരം എത്തിയത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
തെരുവുനായ്ക്കളുടെ പരിപാലനത്തിനായി പ്രവർത്തിക്കുന്ന 'വോയ്സ് ഓഫ് സ്ട്രേ ഡോഗ്സ്' (വി.ഒ.എസ്.ഡി) പോസ്റ്റർ ഇൻസ്റ്റ സ്റ്റോറിയിൽ പങ്കുവച്ചാണ് രാഹുൽ കാംപയിനൊപ്പം ചേർന്നത്. കേരളത്തിൽ വീണ്ടും തെരുവുനായ്ക്കളെ കൂട്ടമായി കൊല്ലുന്നത് ആരംഭിച്ചിരിക്കുന്നുവെന്നും തെരുവുനായ്ക്കളും ഉപേക്ഷിക്കപ്പെട്ട വളർത്തുനായ്ക്കളും സംസ്ഥാനത്ത് അപകടത്തിലാണെന്നും പോസ്റ്ററിൽ ആരോപിക്കുന്നു. കേരളത്തിലെ തെരുവുനായ്ക്കളെ രക്ഷിക്കൂ എന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു. ടദയവായി, നിർത്തൂ' എന്ന അപേക്ഷയോടെയാണ് രാഹുൽ പോസ്റ്റർ പങ്കുവച്ചത്.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് വി.ഒ.എസ്.ഡി. തെരുവുകളിൽ നിന്നുള്ള നായ്ക്കളെ ആജീവനാന്തം സംരക്ഷിക്കുക എന്നതാണ് ഇവരുടെ രീതി. തെരുവ് നായ സംരക്ഷണത്തിനായുള്ള ലോകത്തെ വലിയ പദ്ധതിയാണിതെന്ന് ഇവരുടെ വെബ് സൈറ്റിൽ പറയുന്നു. ബെംഗളൂരിലെ വി.ഒ.എസ്.ഡിസാങ്ച്വറി & ഹോസ്പിറ്റലിൽ ഈ രീതിയിൽ രക്ഷപ്പെടുത്തിയ നൂറുകണക്കിന് നായ്ക്കളെ നിലവിൽ സംരക്ഷിക്കുന്നുണ്ട്. ഇന്ത്യയിലെ 30-ലധികം നഗരങ്ങളിൽ നിന്ന് റോഡ്, ട്രെയിൻ, വിമാനമാർഗം കൊണ്ടു വന്നതാണ് ഈ തെരുവ് നായ്ക്കളെ എന്നാണ് പറയപ്പെടുന്നത്. രാഹുലിനെ എതിർത്തും അനുകൂലിച്ചും സമൂഹമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ