ന്യൂഡൽഹി: ഹൂതി വിമതരുടെ ആക്രമണത്തെ തുടർന്ന് തീപിടിച്ച ബ്രിട്ടീഷ് എണ്ണക്കപ്പലിനെ വൻ ദുരന്തത്തിൽ നിന്നും രക്ഷിച്ചത് ഇന്ത്യൻ നാവിക സേനയുടെ ഇടപെടലാണ്. അതി സാഹസികയാണ് ഇന്ത്യൻ നാവിക സേന കപ്പലിനെ സഹായിച്ചത്. തീപ്പിടിച്ച ബ്രിട്ടീഷ് എണ്ണക്കപ്പലിലെ തീ കെടുത്താൻ സഹായിച്ച ഇന്ത്യൻ നാവികസേനയിലെ അഗ്‌നിരക്ഷാസംഘത്തിന് നന്ദിയറിയിച്ച് കപ്പലിന്റെ ക്യാപ്റ്റനും രംഗത്തുവന്നു.

തീയണയ്ക്കാൻ സഹായിച്ചതിന് ക്യാപ്റ്റൻ നന്ദി പ്രകാശിപ്പിക്കുന്നതിന്റെ വീഡിയോ നാവികസേന എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചു. ഇന്ത്യൻ നാവികസേനയുടെ ശ്രമങ്ങളെ പ്രകീർത്തിച്ചു കൊണ്ടായിരുന്നു കപ്പലിന്റെ ക്യാപ്ടനും പ്രതികരിച്ചത്.

'ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണത്തിന് നന്ദി. കപ്പലിൽ പടർന്ന തീയണയ്ക്കാമെന്ന പ്രതീക്ഷ ഞങ്ങൾക്ക് നഷ്ടമായിരുന്നു. തീ കെടുത്താനെത്തിയ ഇന്ത്യൻ നാവികസേനയിലെ എല്ലാ വിദഗ്ദ്ധർക്കും അഭിനന്ദനമറിയിക്കുന്നു. ഞങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യൻ നാവികസേനയ്ക്ക് ബുദ്ധിമുട്ടേണ്ടി വന്നു', മാർലിൻ ലുവാൻഡയുടെ ക്യാപ്റ്റൻ അഭിലാഷ് റാവത്ത് വീഡിയോസന്ദേഷത്തിൽ പറഞ്ഞു.

ശനിയാഴ്ച രാത്രിയാണ് ഏദൻ കടലിടുക്കിൽവെച്ച് ബ്രിട്ടീഷ് ചരക്കുകപ്പലായ മാർലിൻ ലുവാൻഡയ്ക്ക് നേരെ മിസൈലാക്രമണമുണ്ടായത്. കപ്പലിൽ 22 ഇന്ത്യാക്കാരും ഒരു ബംഗ്ലാദേശി പൗരനുമുണ്ടായിരുന്നു. സഹായഭ്യർഥിച്ചുള്ള സന്ദേശത്തെ തുടർന്ന് ഇന്ത്യൻ നാവികയുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണം സഹായവുമായെത്തുകയായിരുന്നു. ആദ്യം നിയന്ത്രണവിധേയമായ തീ പിന്നീട് പൂർണമായും കെടുത്താൻ അഗ്‌നിരക്ഷാസേനയ്ക്ക് സാധിച്ചു.

ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പത്ത് പേരടങ്ങുന്ന അഗ്‌നിരക്ഷാസംഘം കപ്പലിലുണ്ടായ തീ പൂർണമായും കെടുത്തിയതായി ഇന്ത്യൻ നാവികസേന പ്രസ്താവനയിലൂടെ അറിയിച്ചു. വീണ്ടും തീപിടിത്തമുണ്ടാകാൻ സാധ്യതയുണ്ടോയെന്ന കാര്യം സംഘം പരിശോധിച്ചുവരികയാണെന്നും നാവികസേന കൂട്ടിച്ചേർത്തു. സഹായം തേടിയുള്ള സന്ദേശത്തോട് യുഎസ്, ഫ്രഞ്ച് യുദ്ധക്കപ്പലുകളും പ്രതികരിച്ചിരുന്ന കാര്യവും നാവികസേന വ്യക്തമാക്കി.

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലിനുനേരെ മിസൈലാക്രമണം നടത്തിയത് യെമനിലെ ഹൂതി വിമതരാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു. ഇസ്രയേൽ-ഹമാസ് സംഘർഷത്തെ തുടർന്ന് ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്കുകപ്പലുകളെ ഹൂതി വിമതർ ആക്രമിക്കുന്നത് പതിവാണ്.

ജനുവരി 18ന് മറ്റൊരു ചരക്കുകപ്പലിനുനേർക്ക് ഡ്രോണാക്രമണമുണ്ടായപ്പോഴും ഐഎൻഎസ് വിശാഖപട്ടണം സഹായവുമായെത്തിയിരുന്നു. 21 ഇന്ത്യാക്കാരുമായി ലൈബീരിയൻ ചരക്കുകപ്പലിനുനേരെയും 2023 ഡിസംബർ 23ന് ഡ്രോണാക്രമണം നടന്നിരുന്നു.