കൊച്ചി: സമുദ്ര സുരക്ഷാ രംഗത്ത് വീണ്ടും ലോകത്തെ അമ്പരപ്പിച്ചു ഇന്ത്യൻ നാവിക സേനയുടെ മിന്നൽ രക്ഷാ ദൗത്യം. ഇക്കുറി പാക്കിസ്ഥാൻ പൗരന്മാരെയാണ് കടൽകൊള്ളക്കാരിൽ നിന്നും ഇന്ത്യൻ നാവിക സേന മോചിപ്പിച്ചത്. സോമാലിയൻ സായുധ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ മത്സ്യബന്ധന കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു. മത്സ്യബന്ധന കപ്പൽ അൽ നെമിയെയാണ് ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് സുമിത്ര രക്ഷപ്പെടുത്തിയത്.

കൊച്ചി തീരത്ത് നിന്ന് 800 മൈൽ അകലെ വച്ചായിരുന്നു സംഭവം. ബോട്ടിലെ 19 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇവർ പാക്കിസ്ഥാൻ സ്വദേശികളാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ നാവികസേന നടത്തുന്ന രണ്ടാമത്തെ വിജയകരമായ ആന്റി പൈറസി ഓപ്പറേഷനാണിത്. ഓപ്പറേഷനിൽ ഇന്ത്യൻ നാവികസേനയുടെ മറൈൻ കമാൻഡോകൾ പങ്കെടുത്തു.

ഇന്നലെ എഫ് വി ഇമാൻ എന്ന കപ്പൽ കടൽക്കൊള്ളക്കാരുടെ പിടിയിൽ നിന്നും മോചിപ്പിച്ചിരുന്നു. സുരക്ഷയും സുരക്ഷയും ഉറപ്പാക്കുന്നതിനായി ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ ഇന്ത്യൻ മഹാസമുദ്ര മേഖലയ്ക്ക് ചുറ്റും വിന്യസിച്ചിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്ത്യയുടെ പടക്കപ്പലായ ഐഎൻഎസ് സുമിത്രയാണു രക്ഷാദൗത്യത്തിനു നേതൃത്വത്തിലാണ് ഓപ്പറേഷൻ നടത്തിയത്.

സൊമാലിയയുടെ കിഴക്കൻ തീരം, ഏദൻ കടലിടുക്ക് എന്നിവിടങ്ങളിലെ ഓപ്പറേഷന്റെ ഭാഗമായാണ് ഇറാനിയൻ മത്സ്യബന്ധന കപ്പലായ ഇമാനെ ഇന്ത്യ രക്ഷിച്ചത്. സോമാലിൻ കടൽ കൊള്ളക്കാരെത്തി കപ്പൽ ജീവനക്കാരെ കടൽ കൊള്ളക്കാർ ബന്ദികളാക്കി വച്ചിരിക്കുകയായിരുന്നു. അപായ സന്ദേശം കിട്ടിയയുടൻ ഐഎൻഎസ് സുമിത്ര സ്ഥലത്തെത്തുകയും ഇടപെടുകയും ചെയ്തു. ഇന്ത്യയുടെ യുദ്ധക്കപ്പൽ എത്തിയതോടെ പരിഭ്രാന്തരായ കടൽ കൊള്ളക്കാർ ആദ്യം ബന്ദികളെ മോചിപ്പിച്ചു. വൈകാതെതന്നെ കൊള്ളക്കാർ കപ്പലും വിട്ടുനൽകിയതായി നാവികസേന എക്സ് പ്ലാറ്റ്‌ഫോമിൽ വ്യക്തമാക്കി.

കടൽ കൊള്ളക്കാരെ തുരത്താനും സമുദ്രസുരക്ഷയ്ക്കുമായി ഇന്ത്യൻ നാവികസേന സദാജാഗരൂകരായി നിലയുറപ്പിച്ചിട്ടുണ്ട്. സമുദ്രാതിർത്തി സുരക്ഷിതമാക്കുക, കടൽക്കൊള്ളക്കാരുടെ ഭീഷണിയും ഡ്രോൺ ആക്രമണങ്ങളും തടയുക എന്നിവയ്ക്കായി മേഖലയിൽ മുൻനിര യുദ്ധക്കപ്പലുകൾ ഇന്ത്യ വിന്യസിച്ചതായി പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു.

രണ്ട് ദിവസം മുമ്പ് ഹൂതി വിമതരുടെ ആക്രമണത്തെ തുടർന്ന് തീപിടിച്ച ബ്രിട്ടീഷ് എണ്ണക്കപ്പലിനെ വൻ ദുരന്തത്തിൽ നിന്നും രക്ഷിച്ചത് ഇന്ത്യൻ നാവിക സേനയുടെ ഇടപെടലായിരുന്നു. അതിസാഹസികയാണ് ഇന്ത്യൻ നാവിക സേന കപ്പലിനെ സഹായിച്ചത്. തീപ്പിടിച്ച ബ്രിട്ടീഷ് എണ്ണക്കപ്പലിലെ തീ കെടുത്താൻ സഹായിച്ച ഇന്ത്യൻ നാവികസേനയിലെ അഗ്‌നിരക്ഷാസംഘത്തിന് നന്ദിയറിയിച്ച് കപ്പലിന്റെ ക്യാപ്റ്റനും രംഗത്തുവന്നിരുന്നു.

തീയണയ്ക്കാൻ സഹായിച്ചതിന് ക്യാപ്റ്റൻ നന്ദി പ്രകാശിപ്പിക്കുന്നതിന്റെ വീഡിയോ നാവികസേന എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചു. ഇന്ത്യൻ നാവികസേനയുടെ ശ്രമങ്ങളെ പ്രകീർത്തിച്ചു കൊണ്ടായിരുന്നു കപ്പലിന്റെ ക്യാപ്ടനും പ്രതികരിച്ചത്.

'ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണത്തിന് നന്ദി. കപ്പലിൽ പടർന്ന തീയണയ്ക്കാമെന്ന പ്രതീക്ഷ ഞങ്ങൾക്ക് നഷ്ടമായിരുന്നു. തീ കെടുത്താനെത്തിയ ഇന്ത്യൻ നാവികസേനയിലെ എല്ലാ വിദഗ്ദ്ധർക്കും അഭിനന്ദനമറിയിക്കുന്നു. ഞങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യൻ നാവികസേനയ്ക്ക് ബുദ്ധിമുട്ടേണ്ടി വന്നു', മാർലിൻ ലുവാൻഡയുടെ ക്യാപ്റ്റൻ അഭിലാഷ് റാവത്ത് വീഡിയോസന്ദേഷത്തിൽ പറഞ്ഞു.

ശനിയാഴ്ച രാത്രിയാണ് ഏദൻ കടലിടുക്കിൽവെച്ച് ബ്രിട്ടീഷ് ചരക്കുകപ്പലായ മാർലിൻ ലുവാൻഡയ്ക്ക് നേരെ മിസൈലാക്രമണമുണ്ടായത്. കപ്പലിൽ 22 ഇന്ത്യാക്കാരും ഒരു ബംഗ്ലാദേശി പൗരനുമുണ്ടായിരുന്നു. സഹായഭ്യർഥിച്ചുള്ള സന്ദേശത്തെ തുടർന്ന് ഇന്ത്യൻ നാവികയുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണം സഹായവുമായെത്തുകയായിരുന്നു. ആദ്യം നിയന്ത്രണവിധേയമായ തീ പിന്നീട് പൂർണമായും കെടുത്താൻ അഗ്‌നിരക്ഷാസേനയ്ക്ക് സാധിച്ചു.

ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പത്ത് പേരടങ്ങുന്ന അഗ്‌നിരക്ഷാസംഘം കപ്പലിലുണ്ടായ തീ പൂർണമായും കെടുത്തിയതായി ഇന്ത്യൻ നാവികസേന പ്രസ്താവനയിലൂടെ അറിയിച്ചു. വീണ്ടും തീപിടിത്തമുണ്ടാകാൻ സാധ്യതയുണ്ടോയെന്ന കാര്യം സംഘം പരിശോധിച്ചുവരികയാണെന്നും നാവികസേന കൂട്ടിച്ചേർത്തു. സഹായം തേടിയുള്ള സന്ദേശത്തോട് യുഎസ്, ഫ്രഞ്ച് യുദ്ധക്കപ്പലുകളും പ്രതികരിച്ചിരുന്ന കാര്യവും നാവികസേന വ്യക്തമാക്കി.

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലിനുനേരെ മിസൈലാക്രമണം നടത്തിയത് യെമനിലെ ഹൂതി വിമതരാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു. ഇസ്രയേൽ-ഹമാസ് സംഘർഷത്തെ തുടർന്ന് ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്കുകപ്പലുകളെ ഹൂതി വിമതർ ആക്രമിക്കുന്നത് പതിവാണ്.