തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിന ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നും ആവശ്യപ്പെട്ട ഗായിക കെ എസ് ചിത്രക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. പ്രശസ്ത സാഹിത്യകാരി ഇന്ദു മേനോനും ചിത്രയെ രൂക്ഷമായി വിമർശിച്ചു കൊണ്ടു രംഗത്തുവന്നു. കുയിലാണെന്ന് വിശ്വസിച്ച ചിത്ര കള്ളിപ്പൂങ്കുയിലാണെന്ന് തെളിയിച്ചിരിക്കുന്നു എന്നാണ് ഇന്ദു മോനോന്റെ വിമർശനം.

മനുഷ്യരുടെ രക്തത്തിലും അവരുടെ പലായനങ്ങളിലും അവരുടെ വേദനകളിലും നിങ്ങൾ എത്ര കണ്ട് നാമം ജപിച്ചാലും ഒരു രാമനും വിഷ്ണുവും വരാൻ പോകുന്നില്ല. അഞ്ചല്ല 5 ലക്ഷം തിരിയിട്ട് തെളിച്ചാലും നിങ്ങളുടെ മനസ്സിൽ വെളിച്ചം നിറയാനും പോകുന്നില്ലെന്നും ഇന്ദു മേനോൻ ഫേസ്‌ബുക്ക് പോസ്റ്റിൽ വിമർശിക്കുന്നു.

ഇന്ദു മോനോന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

അമ്പലം കെട്ടുന്നതും പള്ളി പൊളിക്കുന്നതും ഒക്കെ പ്രത്യക്ഷത്തിൽ അങ്ങോട്ടുമിങ്ങോട്ടും ഉള്ള വൈരത്തിന്റെ സൂചനകളാണ്. ആദ്യം അവിടെ അമ്പലമായിരുന്നു അപ്പോൾ അവിടെ അമ്പലമായിരിക്കുന്നതാണ് ശരി എന്നെല്ലാം വാദിക്കാം. അയ്യോ പാവം അവർക്ക് ഒരു അഭിപ്രായസ്വാതന്ത്ര്യം ഇല്ലേ ? അവർ അവരുടെ അഭിപ്രായം പറഞ്ഞു നമ്മൾ എന്തിനാണ് അതിനെ രാഷ്ട്രീയവൽക്കരിച്ച് കാണുന്നത്?

ചിത്രയ്ക്ക് അഭിപ്രായസ്വാതന്ത്ര്യം ഉണ്ട് ഇഷ്ടമുള്ള പക്ഷത്ത് നിൽക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ട് മനുഷ്യഹത്യയും വംശീയോന്മൂലനവും നടന്ന ഒരു കാരണത്തെ മഹത്വവൽക്കരിക്കുന്നത് നിഷ്‌കളങ്കമായി ആണെങ്കിലും അനുഭവിക്കപ്പെടുന്നത് ക്രൂരമായാണ്. എത്ര നിഷ്‌കളങ്കനായ മനുഷ്യനാണ് നോക്കൂ ഹൃദയത്തിൽ കത്തി കുത്തി ഇറക്കുമ്പോഴും നിനക്ക് വേദനിച്ചോ വേദനിപ്പിക്കാതെ കുത്താമേ, എന്നെല്ലാം പറയുന്നത്ര നിഷ്‌കളങ്കതയുള്ള ഒരുവൾ പാട്ടുകാരി ചിത്ര, ക്ലാസിക് കലകൾക്കൊപ്പം നിൽക്കുന്നവർ രാമന്റെയും വിഷ്ണുവിന്റെയും സീതയുടെയും മുരുകന്റെയും എല്ലാം കീർത്തനങ്ങൾ പാടുകയും പദങ്ങൾ പഠിക്കുകയും ചെയ്യുമായിരിക്കും അതിനർത്ഥം സഹജീവികളായ മനുഷ്യരെ കൊല്ലുന്നതിനൊപ്പം നിൽക്കുക എന്നതല്ല.

നിങ്ങൾ നിഷ്‌കളങ്കമായി കുത്തിയിറക്കുന്ന ഈ കഠാര കൊണ്ട് മനുഷ്യർ കൊല്ലപ്പെടുക തന്നെ ചെയ്യും. മനുഷ്യരുടെ രക്തത്തിലും അവരുടെ പലായനങ്ങളിലും അവരുടെ വേദനകളിലും നിങ്ങൾ എത്ര കണ്ട് നാമം ജപിച്ചാലും ഒരു രാമനും വിഷ്ണുവും വരാൻ പോകുന്നില്ല അഞ്ചല്ല 5
ലക്ഷം തിരിയിട്ട് തെളിച്ചാലും നിങ്ങളുടെ മനസ്സിൽ വെളിച്ചം നിറയാനും പോകുന്നില്ല. കുയിൽ ആയിരുന്നു എന്ന് ശബ്ദം കൊണ്ട് മാത്രമാണ് ലോകം വിശ്വസിച്ചിരുന്നത് എന്നാൽ നിങ്ങൾ യഥാർത്ഥത്തിൽ കള്ളിപ്പൂങ്കുയിലാണെന്ന് തെളിയിച്ചിരിക്കുന്നു. ആചാരവും വിളക്കും സംരക്ഷണവും സ്വന്തം വീട്ടിൽ അങ്ങ് നടപ്പിലാക്കിയാൽ മതി.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിന ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നുമാണ് ചിത്ര വീഡിയോയിൽ ആവശ്യപ്പെട്ടത്. ഇതോടെയാണ് സൈബറിടത്തിൽ വ്യാപകമായി കുരുപൊട്ടൽ. ഇടതു അനുഭാവികളടക്കമുള്ളവരാണ് ചിത്രക്കെതിരെ രംഗത്തു വന്നത്.

'അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചയ്ക്ക് 12, 20ന് ശ്രീരാമ ജയരാമ'എന്ന് രാമമന്ത്രം ജപിച്ചു കൊണ്ടിരിക്കണം. അതുതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാ ഭാഗത്തും തെളിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ട എന്ന് പരിപൂർണമായി പ്രാർത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു' ചിത്ര പറയുന്നു.

കഴിഞ്ഞ ദിവസം അയോദ്ധ്യയിൽ നിന്നുള്ള അക്ഷതം കെ.എസ് ചിത്ര സ്വീകരിച്ചിരുന്നു. വീഡിയോ വിമർശിച്ചും അനുകൂലിച്ചും നിരവധി ആളുകൾ എത്തി. ഇടതു സൈബർ ഇടങ്ങളിൽ പ്രമുഖനായ ശ്രീചിത്രൻ അടക്കമുള്ളവരാണ് ചിത്രക്കെതിരെ രംഗത്തുവന്നിരുന്നു. എണ്ണമറ്റ കൂട്ടക്കൊലകളുടെ രക്തത്തിൽ കുതിർത്തി ചുട്ടെടുത്ത കല്ലുകളാണ് പ്രിയപ്പെട്ട വാനമ്പാടീ, താങ്കൾ ദീപം തെളിയിച്ച് സ്വാഗതമരുളുന്ന രാമക്ഷേത്രത്തിനുള്ളതെന്ന് ശ്രീചിത്രൻ പറയുന്നു.

നമ്മുടെ നാട്ടിലെ സംഗീതലോകം താങ്കളെപ്പോലെ ചരിത്രശൂന്യമായ നാദങ്ങളെ ശൂന്യാകാശത്തിലെ വാനമ്പാടിയായി നിലനിർത്തുന്നു. സുഖദമല്ലാത്ത സത്യങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള സമസ്തലോകസുഖീമന്ത്രം പോലെ അസുഖകരമായ അപശ്രുതി മറ്റൊന്നുമില്ല.
വാനമ്പാടീ, ശ്രുതിയസൂയപ്പെടും ശ്രുതിയിൽ പാടുന്ന നിങ്ങളുടെ തൊണ്ടയിൽ നിന്ന് ഇതുവരെക്കേട്ട ഏറ്റവും ഭീകരമായ അപശ്രുതിയിൽ അനുശോചനങ്ങൾ എന്നാണ് ശ്രീചിത്രൻ പങ്കുവച്ചത്.

നേരത്തെ നടൻ മോഹൻലാലും ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറും രാമക്ഷേത്രത്തിന്റെ അക്ഷതം സ്വീകരിച്ചിരുന്നു. ക്ഷേത്രത്തിൽ ഈ മാസം 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യാതിഥി. ചടങ്ങിനായി അയോധ്യയിലേക്ക് വരാൻ തിരക്കുകൂട്ടരുതെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ജനുവരി 22 ന് രാജ്യം മുഴുവൻ എല്ലാവരും വീടുകളിൽ ദീപങ്ങൾ തെളിയിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ജനുവരി 14 മുതൽ ജനുവരി 22 വരെ രാജ്യത്തുടനീളമുള്ള തീർത്ഥാടന കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും ശുചീകരണ യജ്ഞങ്ങൾ ആരംഭിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.