- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
47 വർഷം പിന്നിട്ട ദാമ്പത്യം; ആലീസിനെക്കുറിച്ച് ഒരു കഥ പറയാതെ ഇന്നസെന്റിന്റെ ഒരു അഭിമുഖമില്ല; തനിക്ക് കാൻസർ വന്നപ്പോൾ ചിരിച്ച് തള്ളിയ ഇന്നസെന്റ് തളർന്നുപോയത് ഭാര്യക്കും അതേ അസുഖം ആണെന്നറിഞ്ഞപ്പോൾ; ഇതും മനപ്പൊരുത്തത്തിന്റെ ലക്ഷണമാണെന്ന് തമാശ; ചിരിക്കുടുക്കയില്ലാത്ത ആ വീട്ടിൽ ആലീസ് ഇനി തനിയെ
തൃശൂർ: പൊതുവേദികളിൽ അത്രയൊന്നും പ്രത്യക്ഷപ്പെടാത്ത സ്ത്രീയായിരുന്നു മുൻ എം പിയും മലയാളിയുടെ ചിരിക്കുടക്കയുമായ ഇന്നസെന്റിന്റെ ഭാര്യ ആലീസ്. പക്ഷേ ഇന്നസെന്റ് കഥകൾ കേൾക്കുന്നവർക്കെല്ലാം സുപരിചിതയാണ് ആലീസ്. 'ആലീസ് പറഞ്ഞതുപോലെ' എന്ന ഒരു ചൊല്ലുതന്നെയുണ്ട് ഈ നടന്റെ സുഹൃത്തുക്കൾക്കിടയിൽ. ഭാര്യയൊക്കൊണ്ട് തമാശകൾ പറയുക അദ്ദേഹത്തിന്റെ ഹോബിയാണ്. ഏതു ചാനലിൽ ഇന്നസെന്റ് പ്രത്യക്ഷപ്പെട്ടാലും ആലിസിനെ കുറിച്ച് പറയാതെ പോവില്ല. കേരളത്തിലെ ഒരു നടന്റെയും ഭാര്യ ആരാധകർക്കിടയിൽ ഇത്രയും പ്രശസ്തയായിട്ടില്ല. ഇപ്പോൾ 47 വർഷം നീണ്ട ആ ദാമ്പത്യം അവസാനിപ്പിച്ച് ഇന്നസെന്റ് വിടവാങ്ങുമ്പോൾ, ആലീസ് തനിച്ചാവുകയാണ്.
1976 സെപ്റ്റംബർ 6നാണ് ആലീസ്, ഇന്നസെന്റ് എന്ന ഇരിങ്ങാലക്കുടക്കാരന്റെ കൈപിടിച്ചു ദാമ്പത്യ ജീവിതം തുടങ്ങിയത്. അന്ന് ഇന്നസെന്റ് ഒന്നുമായിരുന്നില്ല. മിക്കബിസിനസുകളും പൊളിഞ്ഞ് കുത്തുപാളയെടുത്ത് നിൽക്കുന്ന സമയം എന്നാണ് തന്റെ വിവാഹ സമയത്തെ ഇന്നസെന്റ് വിശേഷിപ്പിക്കുന്നത്. പക്ഷേ അലീസ് ഭർത്താവിന് വലിയ പിന്തുണ നൽകി. ഇന്നസെന്റ് അമ്മ പ്രസിഡന്റായ സമയം. അപ്പോൾ ആലീസ് പറഞ്ഞ ഒരു കമന്റ് ഇന്നസെന്റ് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. '' നിങ്ങൾക്ക് വലിയ വിദ്യാഭ്യാസം ഒന്നും ഇല്ലാത്തതുകൊണ്ട്, ഇതിന്റെ വില പിടികിട്ടില്ല. അതിനാൽ നിങ്ങൾ തന്നൊയിയിരിക്കും നിഷ്പക്ഷനായി ഈ സംഘടനയെ നയിക്കാൻ നല്ലത്. സ്വന്തം ഭർത്താവിന്റെ വിദ്യാഭ്യാസമില്ലായ്മ അലങ്കാരമാക്കുന്ന ഒരു ഭാര്യ വേറെയുണ്ടോ''- ഇന്നസെന്റ് ചിരിച്ചുകൊണ്ട് പറയുന്നു.
അർബുദത്തിലും മനപ്പൊരുത്തം
ഇന്നസെന്റിനെപ്പോലെ തന്നെ അസാധാരണമായ ഹ്യൂമർ സെൻസ് ഉള്ള ആളായിരുന്നു ആലീസും. പലരും കരുതിയിരുന്നത് ഭാര്യയുടെ പേരിലുള്ള തമാശകൾ പലതും ഇന്നസെന്റ് കൈയിൽനിന്ന് ഇടുകയാണെന്നാണ്. പക്ഷേ അദ്ദേഹം അത് അവതരണഭംഗി കൂട്ടി ഒന്ന് പൊലിപ്പിക്കാറുണ്ടെന്ന് അല്ലാതെ, ആലീസ് കഥകളിൽ നല്ലൊരു ഭാഗവും അവർ ഉണ്ടാക്കിയ തമാശകൾ തന്നെയാണ്. ആ അർത്ഥത്തിൽ മാതൃകാദമ്പതികൾ ആയിരുന്നു അവർ.
ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും, അത് ഇലക്ഷനായിലും, 'അമ്മ'യുടെ തെരഞ്ഞെടുപ്പ് ആയാലും അലീസ് ഇന്നസെന്റിന് ഒപ്പം നിന്നു. കാൻസർ ബാധിതനായ ഇന്നസെന്റിന് ജീവിതത്തിലേക്ക് തിരികെ വരാനുള്ള കരുത്ത് നൽകിയതും മറ്റാരുമല്ല. അർബുദക്കിടക്കയിലും ഇന്നസെന്റ് ആലീസിനെക്കുറിച്ച് തമാശയിറക്കി. ആ കഥയിങ്ങനെ. ഒരിക്കൽ കാൻസർ രോഗമുണ്ടോ എന്ന സംശയത്തിൽ ആലീസിന് ഒരുപാട് ടെസ്റ്റുകൾ നടത്തി. പക്ഷേ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ അപ്പോൾ അലീസിന് വിഷമം ഇത്രയും ടെസ്റ്റ് നടത്തി, പണം പോയല്ലോ എന്നായിരുന്നു. 'അല്ല അസുഖം കണ്ടെത്തി ടെസ്റ്റിലെ കാശ് മുതലാവണം എന്നാണോ നീ കരുതിയത്' എന്ന് ചോദിച്ച കാര്യം, ഇന്നസെന്റ് പറയാറുണ്ട്.
അതുപോലെ ഇന്നസെന്റ് ഏറ്റവും ടെൻഷൻ അടിച്ചതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നതും ഭാര്യക്ക് കാൻസർ ബാധിച്ചപ്പോഴാണ്. പക്ഷേ പിന്നീട്് അദ്ദേഹം അതും മനപ്പൊരുത്തം എന്ന് പറഞ്ഞ് തമാശയാക്കി. കാൻസർ സ്പെഷ്യലിസ്റ്റ് ഡോ. ഗംഗാധരൻ ഇന്നസെന്റിന്റെ 'കാൻസർ വാർഡിലെ ചിരി' എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ ഇക്കാര്യം പറയുന്നുണ്ട്. ഇന്നസെന്റ് എന്നാൽ ഇപ്പോൾ കാൻസറിനുള്ള ഒരു മരുന്നാണ്' എന്നാണു അദ്ദേഹത്തിന്റെ കുറിപ്പിന്റെ തുടക്കം തന്നെ. കാൻസർ രോഗികളിൽ പൊതുവെ കാണപ്പെടുന്ന വിഷാദത്തിന്റെ അലോസരത ഇന്നസെന്റിനെ അലട്ടിയില്ല, ഒരുപക്ഷെ ഉള്ളിൽ അലട്ടിയിട്ടുണ്ടെങ്കിൽ പോലും അത് പുറത്ത് കാണിക്കാതെ സമർഥമായി മറച്ചു പിടിച്ചു. പക്ഷെ ഭാര്യ ആലീസിനും രോഗം വന്നു എന്നറിഞ്ഞപ്പോഴാണ് ഇന്നസെന്റ്് ഉലഞ്ഞു പോയതായി തനിക്ക് തോന്നിയതെന്ന് ഡോക്ടർ ഗംഗാധരൻ സാക്ഷ്യപ്പെടുത്തുന്നു. നീണ്ട ഒന്നരവർഷത്തോളമാണ് സിനിമയിൽ നിന്ന് അസുഖം അദ്ദേഹത്തെ മാറ്റി നിർത്തിയത്. പക്ഷേ അസുഖം ഭേദമായി തിരികെ പ്രിയദർശന്റെ 'ഗീതാഞ്ജലി' യിൽ തിരിച്ചുവന്നു. ഭാര്യക്കും കാൻസർ മാറി.
കൊണ്ടും കൊടുത്തും അവർ
കഴിഞ്ഞ പ്രണയദിനത്തിൽ ആലീസും ഇന്നസെന്റും ചേർന്ന് ഒരു അഭിമുഖം നൽകിയതും വലിയ വാർത്തയായിരുന്നു. പ്രണയത്തെക്കുറിച്ചും ഭാര്യയും ഭർത്താവും തമ്മിലുള്ള സ്നേഹത്തെക്കുറിച്ചും ചോദിച്ചപ്പോൾ അലീസ് ഇങ്ങനെ പറഞ്ഞു. ''പണ്ടെത്തെ വിവാഹ ജീവിതവുമായി തട്ടിച്ചുനോക്കുമ്പോൾ, ഇന്നത്തെ കാലത്ത് ഒരുപാട് വിവാഹ മോചനങ്ങൾ സംഭവിക്കാറുണ്ട്. പക്ഷേ അറേഞ്ച്ഡ് മാര്യേജിനേക്കാൾ നല്ലത് ലൗ മാരേജ് ആണ്. കുറച്ചുകൂടി പരസ്പരം മനസ്സിലാക്കി ജീവിക്കാൻ കഴിയും.'. അവർ പറഞ്ഞു.
അലീസ് പറഞ്ഞു നിർത്തിയതും ഇന്നസെന്റ് ഇടപെട്ടു. പരസ്പരം മനസ്സിലാക്കിയിരുന്നെങ്കിൽ താൻ ആലീസിനെ വിവാഹം കഴിക്കില്ലായിരുന്നു ചിരിച്ചുകൊണ്ട് ഇന്നസെന്റിന്റെ കമന്റ്. ആലീസിന്റെ സംശയം ഒരിക്കലും തീരാറില്ല എന്നും തമാശയായി ഇന്നസെന്റ് പറയാറുണ്ട്. '' ചില സിനിമയിലെ സീനുകൾ കണ്ട് കഴിയുമ്പോൾ ആലീസ് ചോദിക്കും. നിങ്ങൾ വീട്ടിൽ എന്റെ അടുത്ത് പറയുന്ന ഡയലോഗുകൾ ആണെല്ലോ സിനിമയിൽ, കെപിഎസി ലളിതക്ക് ഒപ്പമോ സുകുമാരിക്ക് ഒപ്പമോ അഭിനയിക്കുമ്പോൾ പറയാറുള്ളത്. അപ്പോൾ നിങ്ങൾ യഥാർഥത്തിൽ അഭിനയിക്കുന്നത് സിനിമയിലാണോ ജീവിതത്തിലാണോ. ''- തുടർന്ന് ഇന്നസെന്റ് ഇങ്ങനെ പറയുന്നു. ''അലീസിന്റെ സംശയങ്ങൾ തീരില്ല. കുഴിയിലേക്ക് എടുക്കാവുന്ന സമയം ആയാലും അവൾക്ക് സംശയങ്ങളാണ്. ''- ഇന്നസെന്റ് പൊട്ടിച്ചിരിച്ചുകൊണ്ട് പറയുന്നു.
ഇങ്ങനെ പരസ്പരം കൊണ്ടും കൊടുത്തും പ്രണയിക്കാൻ അവർക്ക് മാത്രമേ കഴിയുമായിരുന്നുള്ളു. ഇപ്പോൾ 47 വർഷത്തെ ദാമ്പത്യം പുർത്തിയാക്കി ഇന്നസെന്റ് ഈ ലോകത്ത് നിന്ന് മടുങ്ങുമ്പോൾ, ഇവിടെ ആലീസ് തനിച്ചാവുകയാണ്. ഒരു നൂറ്റാണ്ട് കാലത്തേക്ക് ചിരിക്കാനുള്ള നർമ്മങ്ങൾ ബാക്കിയാക്കിയാണ് തന്റെ ഭർത്താവ് മടങ്ങുന്നതെന്ന് അലീസിനും അഭിമാനിക്കാം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ