- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യം പുതിയ സൂര്യോദയത്തിന് സാക്ഷിയായി; ആത്മനിർഭർ ഭാരതത്തിന്റെ ഉദാത്ത മാതൃക; കൊച്ചി കപ്പൽശാലയിലെ ഉദ്യോഗസ്ഥർക്ക് അഭിനന്ദനം; മെയ്ക് ഇൻ ഇന്ത്യ മാത്രമല്ല, മെയ്ക്ക് ഫോർ ദി വേൾഡ് ആണ് ലക്ഷ്യം; ഇന്ത്യ നേരിടുന്ന വെല്ലുവിളികൾക്കുള്ള ഉത്തരം; തദ്ദേശീയ വിമാന വാഹിനി കപ്പൽ ഇനി രാജ്യത്തിന്; ശിവജിയുടെ ഓർമ്മകൾക്ക് മുന്നിൽ ഐഎൻഎസ് വിക്രാന്ത് സമർപ്പിച്ച് പ്രധാനമന്ത്രി
കൊച്ചി: രാജ്യം തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. കൊച്ചി കപ്പൽശാലയിൽ കപ്പലിന്റെ ക്വാർട്ടർ ഡെക്കിൽ പ്രധാനമന്ത്രി പുതിയ നാവികസേന പതാക ഉയർത്തി സല്യൂട്ട് ചെയ്തതോടെ വിക്രാന്ത് ഇന്ത്യൻ നാവികസേനയുടെ യുദ്ധസാമഗ്രിയായി. രാജ്യത്തിന്റെ പുതിയ നാവിക പതാകയും ചടങ്ങിൽ അദ്ദേഹം അനാച്ഛാദനം ചെയ്തു.
രാജ്യം പുതിയൊരു സൂര്യോദയത്തിന് സാക്ഷിയാകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയ്ക്ക് ഇത് അഭിമാനനേട്ടമെന്ന് നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ പറഞ്ഞു. ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനു മുതൽക്കൂട്ടാകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. വിക്രാന്ത് സ്വയംപര്യാപ്തതയുടെ പ്രതീകമാണെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു. ''ആത്മനിർഭർ ഭാരതിന്റെ ഉദാത്ത പ്രതീകമാണ് ഇത്. കൊച്ചി കപ്പൽശാലയിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. മെയ്ക്ക് ഇൻ ഇന്ത്യ മാത്രമല്ല, മെയ്ക്ക് ഫോർ ദി വേൾഡ് ആണ് ലക്ഷ്യം. ഐഎൻഎസ് വിക്രാന്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികൾക്കുള്ള ഉത്തരം'' മോദി പറഞ്ഞു. മഹാരാഷ്ട്രാ മഹാരാജാവായിരുന്ന ഛത്രപതി ശിവജിക്ക് കപ്പൽ സമർപ്പിക്കുന്നുവെന്ന് മോദി പറഞ്ഞു.
ഇന്ത്യൻ സമുദ്രത്തിൽ പ്രതിരോധ കവചം തീർക്കാൻ നാവികസേനയ്ക്കു കൂട്ടായി രണ്ടാമത്തെ വിമാനവാഹിനി പടക്കപ്പൽ കൂടിയെത്തുകയാണ്. നാവികസേനയ്ക്കു മാത്രമല്ല രാജ്യത്തിനും ഇതു ചരിത്രനിമിഷം കൂടിയാണ്. വിക്രാന്തിന്റെ നിർമ്മാണം പൂർത്തിയായതോടെ തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പൽ രൂപകൽപന ചെയ്തു നിർമ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിച്ചു കഴിഞ്ഞു. നാവികസേന ഇന്നു മുതൽ പുതിയ പതാകയുടെ കീഴിലാവുകയാണ്. കൊളോണിയൽ ചരിത്രശേഷിപ്പു മാറ്റി രാജ്യത്തിന്റെ സമ്പന്നമായ സമുദ്രപൈതൃകത്തിന് അനുയോജ്യമായ പുതിയ പതാകയാണു കൊച്ചി കപ്പൽശാലയിൽ നടക്കുന്ന വിക്രാന്തിന്റെ കമ്മിഷനിങ്ങിനൊപ്പം പ്രധാനമന്ത്രി അവതരിപ്പിച്ചത്.
നാവികസേനയിലെയും കപ്പൽശാലയിലെയും ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം ഇന്ത്യയിലെ റഷ്യൻ അംബാസിഡർ ഡെനിസ് അലിപോവും ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തി. രാവിലെ ഒമ്പതോടെ പ്രധാനമന്ത്രി കൊച്ചിൻ ഷിപ്പിയാർഡിൽ എത്തി. തുടർന്ന് നാവികസേന അംഗങ്ങൾ പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്നായിരുന്നു് ഉദ്ഘാടന ചടങ്ങ്. വിക്രാന്തിന്റെ നിയുക്ത കമാൻഡിങ് ഓഫിസർ കമ്മഡോർ വിദ്യാധർ ഹർകേ വാറന്റ് വായിച്ചതോടെ ചടങ്ങ് തുടങ്ങി. പിന്നീട് പ്രധാനമന്ത്രി കപ്പലിന്റെ ഫോക്സൽ എന്ന മുൻഭാഗത്ത് ദേശീയ പതാക ഉയർത്തി. തുടർന്നാണ് നാവികസേന പതാക ഉയർത്തി സല്യൂട്ട് ചെയ്തത്.
ഈ ചടങ്ങ് കഴിഞ്ഞതോടെ രാജ്യത്തെ എല്ലാ നാവികസേനാ കപ്പലുകളിലും കൊളോണിയൽ ചിഹ്നങ്ങൾ ഉള്ള പഴയ പതാക മാറ്റി പുതിയത് ഉയർത്തി. അഞ്ച് കടൽ പരീക്ഷണങ്ങൾ കഴിഞ്ഞ കപ്പൽ ഇന്നു നാവികസേനയ്ക്കു കൈമാറിയ ശേഷം വിമാനങ്ങൾ ഇറക്കുന്നതിനും ടേക്ക് ഓഫ് ചെയ്യുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. ആദ്യ വിമാനം അടുത്ത മാസം ഇറക്കും. രണ്ടു വർഷം കൊണ്ടേ പൂർണമായി പ്രവർത്തനസജ്ജമാവൂ. രാജ്യത്തിന് തീർത്തും അഭിമാനമാണ് വിക്രാന്ത്.
20,000 കോടിരൂപ ചെലവഴിച്ച് രാജ്യത്ത് നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പലിന്റെ കമ്മീഷനിങ് വലിയ ആഘോഷമായാണ് നാട് കൊണ്ടാടുന്നത്. 76 ശതമാനം ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് 15 വർഷം കൊണ്ട് കപ്പൽ നിർമ്മാണ് പൂർത്തിയാക്കിയത്. രാജ്യത്ത് നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. രണ്ട് ഫുട്ബോൾ കളിക്കളങ്ങളുടെ വലിപ്പമുണ്ട് കപ്പലിന്റെ ഫ്ളൈറ്റ് ഡെക്കിന്. കൊച്ചി കപ്പൽ ശാലയിലാണ് രാജ്യത്തിന് അഭിമാനമായ ഈ യുദ്ധ കപ്പൽ നിർമ്മിച്ചത്.
1971ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലലാണ് ഐ എൻ എസ് വിക്രാന്ത്. ബ്രിട്ടണിൽ നിന്ന് വാങ്ങിയ ഈ കപ്പൽ ഡീ കമ്മീഷൻ ചെയ്തിരുന്നു. പഴയ വിക്രാന്തിന്റെ സ്മരണയിലാണ് പുതുതായി നിർമ്മിച്ച കപ്പലിനും അതേ പേര് നൽകിയത്. കപ്പൽ നിർമ്മാണത്തിനായി ഉപയോഗിച്ചതിൽ 76 ശതമാനവും ഇന്ത്യൻ നിർമ്മിത വസ്തുക്കളാണ്. കപ്പലിന്റെ ആകെ നീളം 262 മീറ്ററും ഉയരം 59 മീറ്ററും ആണ്. 30 എയർ ക്രാഫ്റ്റുകൾ ഒരു സമയം കപ്പലിൽ നിർത്തിയിടാം എന്ന സവിശേഷതയും ഐഎൻഎസ് വിക്രാന്തിനുണ്ട്.
2007ൽ തുടങ്ങിയതാണ് ഈ പടക്കപ്പലിന്റെ നിർമ്മാണം. 15 വർഷം കൊണ്ട് കപ്പൽ നിർമ്മിക്കാൻ ചെലവായത് 20,000 കോടി രൂപയാണ്. 2021 ഓഗസ്റ്റ് മുതൽ ഇതുവരെ അഞ്ച് ഘട്ടങ്ങളിലായി നടത്തിയ വിവിധ പരീക്ഷണങ്ങൾ വിക്രാന്ത് വിജയകരമായി മറികടന്നു. കഴിഞ്ഞ മാസം 28ന് കൊച്ചിൻ നാവിക സേനയ്ക്ക് കൈമാറി എങ്കിലും കപ്പൽ ഷിപ്പ്യാർഡിൽ നിന്ന് മാറ്റിയിട്ടില്ല. പ്രധാനമന്ത്രി കപ്പൽ രാജ്യത്തിന് സമർപ്പിച്ചതോടെ ഐ എൻ എസ് വിക്രാന്ത് ഔദ്യോഗികമായി ഇന്ത്യൻ നാവികസേനയുടെ ഭാഗമായി.
മറുനാടന് മലയാളി ബ്യൂറോ