- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മുറ്റത്തോ പറമ്പിലോ ഇറങ്ങിയാൽ ശരീരം മുഴുവൻ കയറും; പിന്നെ കടിയും സഹിക്കാൻ വയ്യാത്ത ചൊറിച്ചിലും; പ്രാണിശല്യം മൂലം മാവൂർ ഊർക്കടവിൽ ജനജീവിതം ദുസ്സഹമായി; മരുന്ന് തളിച്ച് പ്രാണികളെ തുരത്താൻ ആരോഗ്യവകുപ്പ്
കോഴിക്കോട്: പ്രാണികളുടെ ശല്യം കാരണം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാതെ പ്രയാസത്തിലായിരിക്കുകയാണ് ആറോളം വീട്ടുകാർ. മാവൂർ പഞ്ചായത്തിലെ ഊർക്കടവിലാണ് ചെള്ള് വർഗ്ഗത്തിൽ പെട്ട പ്രാണികൾ ജനജീവിതം ദുസ്സഹമാക്കുന്നത്. പ്രദേശത്തെ ആറു വീട്ടുകാർ പ്രാണി ശല്യം കാരണം വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാണ്.
ഒരാഴ്ചയോളമായി പ്രാണിശല്യം രൂക്ഷമാകാൻ തുടങ്ങിയിട്ടെന്ന് വീട്ടുകാർ പറയുന്നു. മുറ്റത്തോ പറമ്പിലോ ഇറങ്ങി കഴിഞ്ഞാൽ ശരീരം മുഴുവൻ പ്രാണികൾ കയറുന്ന അവസ്ഥയാണ് ഉള്ളത്. കറുത്ത നിറത്തിലുള്ള ഈ പ്രാണികൾ ശരീരത്തിൽ കയറി കഴിഞ്ഞാൽ അസ്വസ്ഥമാക്കുന്ന വിധത്തിലുള്ള കടിയും രൂക്ഷമായ ചൊറിച്ചിലും അനുഭവപ്പെടും.
ഊർക്കടവ് തറോൽ അഷ്റഫ്, സലാം, സാമി, ഇമ്പിച്ചിക്കോയ തങ്ങൾ, ഫാറൂഖ് തുടങ്ങിയവരുടെ വീടുകളിലും പരിസരത്തുമാണ് പ്രാണിശല്യം ഏറ്റവും രൂക്ഷമായിട്ടുള്ളത്. വീട്ടുകാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമായതോടെ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചു.
ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് സ്ഥലത്തെത്തി മരുന്നടിച്ച് പ്രാണികളെ കൊല്ലാനുള്ള ശ്രമം നടത്തുന്നുണ്ട്. ഇതിനുപുറമേ ചെറൂപ്പ ആരോഗ്യ വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്.
ഈ ഭാഗത്തെ മിക്ക വീടുകളിലും ആട് കൃഷി ഉള്ളതുകൊണ്ട് ഇവയുടെ കൂടിനടിയിലെ ഈർപ്പം പ്രാണികൾക്ക് വളരാൻ സാഹചര്യമുണ്ടോ എന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. പ്ലേഗ്, ടൈഫസ് അടക്കമുള്ള രോഗകാരണമായേക്കാവുന്ന തരം പ്രാണികളാണിതെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന പ്രാഥമിക വിവരം.
പ്രാണിശല്യം ഇനിയും രൂക്ഷമാകുകയാണെങ്കിൽ വരുംദിവസങ്ങളിലും മരുന്നു തളിക്കൽ തുടരാനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം.