ലണ്ടൻ: തൊട്ടതെല്ലാം പൊന്നാക്കുന്ന ചിലരുണ്ട്. ഭാഗ്യത്തോടൊപ്പം കഠിനാദ്ധ്വാനവും, വിവേകപൂർവ്വമായ നീക്കങ്ങളും, കൃത്യസമയത്തുള്ള ഇടപെടലുകളും ഒക്കെയാണ് അവരെ തുണയ്ക്കുന്നത്. അത്തരത്തിലുള്ള ഒരു വ്യക്തിയാണ് ജെയിംസ് കൂപ്ലാൻഡ് എന്ന 29 കാരൻ. തന്റെ പത്തൊമ്പതാം വയസ്സിൽ വിദ്യാഭ്യാസ വായ്പ ഉപയോഗിച്ചായിരുന്നു ഇയാൾ തന്റെ ആദ്യ വീട് വാങ്ങുന്നത്. യോർക്കിൽ താമസിക്കുന്ന ഇയാൾ തന്റെ യൂണിവേഴ്സിറ്റി ഫ്ളാറ്റിന്റെ ശോചനീയാവസ്ഥ കണ്ടിട്ടാണ് ഇതിന് തുനിഞ്ഞതെന്ന് പറയുന്നു.

എക്കാലവും പണം സമ്പാദിക്കണം എന്ന് അതിയായി ആഗ്രഹിക്കുന്ന ഇയാൾ, പഠനം കഴിഞ്ഞുള്ള സമയങ്ങളിൽ ജോലി ചെയ്തായിരുന്നു ഒരു ശരാശരി വീടിന്റെ ഡെപ്പോസിറ്റ് തുക നൽകാൻ 53,000 പൗണ്ട് സ്വരൂപിച്ചത്. ലോകത്തിലെ തന്നെ വിലമതിക്കാനാകാത്ത ഒരു ആസ്തിയാണ് ഇന്നും തനിക്കതെന്ന് അയാൾ പറയുന്നു. അത് വിൽക്കാൻ ശ്രമിച്ചിട്ടില്ല. മൂലധനത്തിൽ നിന്നും ധനം സമ്പാദിക്കാൻ കഴിയുക ദീർഘകാലാടിസ്ഥാനത്തിലായിരിക്കും എന്നും അയാൾ പറയുന്നു. വീടുകളുടെ വില സ്വാഭാവികമായി ഉയരുമ്പോഴായിരിക്കും അത് സംഭവിക്കുക.

അടുത്ത കാലത്ത് മോർട്ട്ഗേജ് നിരക്കിലുണ്ടായ വർദ്ധനവ് തന്നെ ചില രീതികളിലെങ്കിലും സഹായിച്ചിട്ടുണ്ട് എന്നാണ് ജെയിംസ് പറയുന്നത്. പലിശ നിരക്ക് വർദ്ധിച്ചതോടെ വീടുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ബാദ്ധ്യത ഏറുമെന്ന ആശങ്ക വന്നു, അത് വീടുകളുടെ ആവശ്യക്കാരുടെ എണ്ണം കുറച്ചു. ഇത് വീടുകളുടെ വിലയിടിവിൽ അവസാനിക്കുകയും അതുവഴി തനിക്ക് വിപണി വിലയിലും കുറഞ്ഞ വിലക്ക് വീടുകൾ വാങ്ങാൻ സഹായകമായി എന്ന് അയാൾ പറയുന്നു.

ഏറ്റവും അവസാനമായി ജെയിംസ് ഒരു വീട് വാങ്ങുന്നത് ഒരു ലേലത്തിലൂടെയായിരുന്നു. ജെയിംസും മറ്റൊരാളും മാത്രമായിരുന്നു അതിൽ പങ്കെടുത്തത്. മുൻപായിരുന്നെങ്കിൽ 50 ൽ അധികം ആളുകൾ ഇത്തരത്തിലുള്ള ലേലങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നു. ഈ നിരീക്ഷണത്തെ പിന്താങ്ങുന്നതാണ് അടുത്തിടെ പുറത്തു വന്ന സൂപ്ലയുടെ പഠനഫലം. യു കെയിൽ വീടുകളുടെ വില തൊട്ട് മുൻപത്തെ വർഷത്തിലേതിനേക്കാൾ 80 ശതമാനം വരെ ഇടിഞ്ഞു എന്നായിരുന്നു അതിൽ പറഞ്ഞിരുന്നത്.

നാല് വീടുകൾ വാടകക്ക് കൊടുത്തിരുന്ന ജെയിംസ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മൂന്ന് വീടുകൾ കൂടി സ്വന്തമാക്കി. വീടുകൾ വാങ്ങാൻ കാത്തു നിൽക്കാതെ വീടുകൾ വാങ്ങിയശേഷം കാത്തു നിൽക്കൂ എന്നാണ് ജെയിംസ് നൽകുന്ന ഉപദേശം. വിദ്യാഭ്യാസ വായ്പകൊണ്ട് വീടു വാങ്ങി നിക്ഷേപം ആരംഭിച്ച ജെയിംസ് തന്റെ അടിസ്ഥാനം മറന്നിട്ടില്ല. യൂണിവേഴ്സിറ്റികൾക്ക് സമീപമായി വീടുകൾ വാങ്ങാൻ ശ്രദ്ധിക്കുന്ന ഇയാൾ, വീടുകൾ വിദ്യാർത്ഥികൾക്ക് വാടകയ്ക്ക് നൽകാനാണ് താത്പര്യപ്പെടുന്നത്.