ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങിൽ സന്തോഷത്തോടെ പങ്കെടുക്കുമെന്ന് അയോധ്യക്കേസിലെ ഹർജിക്കാരനായ ഇക്‌ബാൽ അൻസാരി. അയോധ്യയിലുള്ളവരെല്ലാം സഹോദരങ്ങളാണെന്നും പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അയോധ്യയുടെ വികസനത്തിൽ വലിയ സന്തോഷം. മസ്ജിദ് വേഗത്തിൽ യാഥാർത്ഥ്യമാക്കണം. അല്ലെങ്കിൽ ആ സ്ഥലത്ത് കൃഷി നടത്തണം. കൃഷി നടത്തിയശേഷം വിളവ് ഹിന്ദുക്കളും, മുസ്ലീങ്ങളും പങ്കിടണമെന്നും ഇക്‌ബാൽ അൻസാരി പറഞ്ഞു. അതേസമയം, അയോധ്യയിൽ നാളെ നടക്കാനിരിക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കം പുരോഗമിക്കുകയാണ്. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ജസ്റ്റിസ് അശോക് ഭൂഷൺ പങ്കെടുക്കും.

അയോധ്യക്കേസിൽ വിധി പ്രസ്താവിച്ച അഞ്ചംഗ ബെഞ്ചിലെ അംഗമാണ് ജസ്റ്റിസ് അശോക് ഭൂഷൺ. അതേസമയം ഭരണഘടനാബെഞ്ചിൽ വിധിപ്രസ്താവിക്കുന്ന സമയത്ത് ഉണ്ടായിരുന്ന മറ്റുനാല് ജഡ്ജിമാർ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്. അന്ന് ജീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജയൻ ഗൊഗോയ്, ജസ്റ്റസിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് എസ്. അബ്ദുൽ നസീർ, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരായിരുന്നു 2019-ൽ അയോധ്യവിധി പ്രസ്താവിച്ചത്. ഇവരിൽ നാലുപേർ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

ജസ്റ്റിസ് ഗൊഗോയിയെ 2020-ൽ രാജ്യസഭയിലേക്ക് കേന്ദ്രസർക്കാർ നോമിനേറ്റ് ചെയ്തിരുന്നു. നിലവിൽ വിവിധ അനാഥാലയങ്ങളുടേയും എൻ.ജി.ഒ., ജീവകാരുണ്യപ്രവർത്തനങ്ങളുടേയും തിരക്കിലാണ്. സുപ്രീം കോടതിയിൽ പ്രവൃത്തിദിവസമായതുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പങ്കെടുക്കാത്തതെന്നാണ് വിവരം. ജസ്റ്റിസ് ബോബ്‌ഡെ നാഗ്പുരിലെ സ്വവസതിയിൽ റിട്ടയർ ജീവിതം നയിക്കുകയാണ്. അയോധ്യവിധി പ്രസ്താവിച്ച അഞ്ചംഗബെഞ്ചിലെ ഏക മുസ്ലിം ജഡ്ജിയായിരുന്നു ജസ്റ്റിസ് നസീർ. നിലവിൽ അദ്ദേഹം ആന്ധ്രാപ്രദേശ ഗവർണറാണ്. ജസ്റ്റിസ് അശോക് ഭൂഷണെ 2021-ൽ നാഷണൽ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണലിന്റെ ചെയർമാനായി നിയമിച്ചിരുന്നു.

അയോധ്യക്കേസിൽ വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലെ എല്ലാ ജഡ്ജിമാരേയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. നാളെ പത്തരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോാധ്യയിലെത്തും. ഉച്ചയ്ക്ക് 12. 05 മുതൽ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് പൊതുചടങ്ങിനെ അഭിസംബോധന ചെയ്യും. നാളെ രാവിലെ പത്തിന് പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി 50ലധികം സംഗീതോപകരണങ്ങൾ അണിനിരത്തിയുള്ള സംഗീതാർച്ചന മംഗളധ്വനി നടക്കും. 18 സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ രണ്ട് മണിക്കൂർ നീളുന്ന അർച്ചനയിൽ പങ്കെടുക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രമുഖ വ്യവസായികളും ബോളിവുഡ്, കായികതാരങ്ങളുമടങ്ങുന്ന വി.വി.ഐ.പി.കളെത്തുന്ന രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിന് മുന്നോടിയായി അയോധ്യയിൽ വൻ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഉത്തർപ്രദേശ് പൊലീസും കേന്ദ്രസേനകളും പഴുതടച്ച കാവലാണ് ഒരുക്കുന്നത്. ദുരന്തനിവാരണസേനയും (എൻ.ഡി.ആർ.എഫ്.) രംഗത്തുണ്ട്. അനുമതിയില്ലാത്ത ഒരുവാഹനംപോലും അയോധ്യയിലേക്ക് കടത്തിവിടുന്നില്ല. നേരത്തേ അയോധ്യയിലെത്തിയ, അനുമതിയില്ലാത്ത വാഹനങ്ങൾ റോഡിലിറക്കാനും അനുവദിക്കുന്നില്ല.

എണ്ണായിരംപേരെയാണ് തിങ്കളാഴ്ചത്തെ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ക്ഷണം ലഭിക്കാത്തവർക്ക് മുറികൾ നൽകേണ്ടതില്ലെന്ന കർശന നിർദേശമാണ് ഹോട്ടലുകൾക്ക് അധികൃതർ നൽകുന്നത്. അനുമതിയുള്ളവർ തന്നെയാണോ ഹോട്ടലുകളിൽ താമസിക്കുന്നതെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ ഇന്നലെയും പരിശോധന നടത്തി. ഈയിടെ ഡൽഹിയിൽ നടന്ന ജി-20 ഉച്ചകോടിയിൽ സുരക്ഷയുറപ്പാക്കാൻ ഉപയോഗിച്ച് ഹസ്മത് (ഹസാർഡസ് മെറ്റീരിയൽ) വാഹനങ്ങളും അയോധ്യയിലെത്തിച്ചിട്ടുണ്ട്. പ്രാണപ്രതിഷ്ഠ കഴിഞ്ഞാലും അയോധ്യയിൽ വൻജനത്തിരക്ക് കുറയുന്നതുവരെ എൻ.ഡി.ആർ.എഫ്. സംഘം തുടരും.

ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ചടങ്ങുകളും പൂജകളുമാണ് അയോധ്യയിൽ പ്രതിഷ്ഠയോടനുബന്ധിച്ച് നടക്കുന്നത്. ജനുവരി 16-ന് ഉച്ചയ്ക്ക് സരയൂനദിയിൽ ആരംഭിച്ച ചടങ്ങുകൾ 22-ന് പ്രാണപ്രതിഷ്ഠവരെ തുടരും. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20-ന് അഭിജിത് മുഹൂർത്തത്തിലാണ് പ്രതിഷ്ഠാചടങ്ങ്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.28-നാണ് ബാലരാമവിഗ്രഹം ക്ഷേത്രത്തിന്റെ ശ്രീകോവിലിലെത്തിച്ചത്. അഞ്ചുവയസ്സുകാരന്റെ നിൽക്കുന്ന രൂപത്തിലുള്ള വിഗ്രഹത്തിന് 51 ഇഞ്ച് ഉയരവും 200 കിലോഗ്രാമിനടുത്ത് ഭാരവുമുള്ളതിനാൽ എൻജിനിയർമാരുടെകൂടി സാന്നിധ്യത്തിലാണ് ഇത് ശ്രീകോവിലിൽ സ്ഥാപിച്ചത്. വിഗ്രഹത്തിൽ വിവിധ 'അധിവാസ'ങ്ങൾ നടന്നുവരുകയാണ്. വിഗ്രഹത്തെ നനഞ്ഞതുണികൊണ്ട് ചുറ്റി 'ജലാധിവാസ'വും ചന്ദനവും കുങ്കുമപ്പൂവും അരച്ചുതേച്ചുകൊണ്ട് 'ഗന്ധാധിവാസ'വും നടത്തി.

ശനിയാഴ്ച ആദ്യം ശർക്കരകൊണ്ടും പഴങ്ങൾ കൊണ്ടും അധിവാസം നടത്തി. അതിനുശേഷം വിവിധ പുണ്യസ്ഥലങ്ങളിൽനിന്ന് ശേഖരിച്ച് 81 കലശങ്ങളിലായി നിറച്ച ഔഷധമൂല്യമുള്ള ജലാഭിഷേകത്തിനുശേഷം പുഷ്പാധിവാസം നടത്തി. ഇത് മൂന്നുമണിക്കൂർ നീണ്ടു. ഞായറാഴ്ച മധ്യാധിവാസ്, ശയ്യാധിവാസ് എന്നിവയുണ്ടാകും. തിങ്കളാഴ്ച ഉച്ചയ്ക്ക് നടക്കുന്ന പ്രാണപ്രതിഷ്ഠയ്ക്ക് ഹ്രസ്വമായ ചടങ്ങുകളാണുണ്ടാവുക. മുഹൂർത്തം നിശ്ചയിച്ച കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിലാണ് ചടങ്ങുകൾ. കാശിയിലെ ലക്ഷ്മീകാന്ത് ദീക്ഷിത് ചടങ്ങിന്റെ മുഖ്യകാർമികനാകും. ക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ് ഉൾപ്പെടെയുള്ളവരും പങ്കെടുക്കും.