- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇടുങ്ങിയ മുറികളും ചോർന്നൊലിക്കുന്ന മേൽക്കൂരയുമുള്ള കെട്ടിടം; മഴ പെയ്താൽ ദുരിതാവസ്ഥ; അത്യാഹിത വിളിയെത്തിയാൽ ഇടുങ്ങിയ റോഡും വെല്ലുവിളി; വാടകക്കെട്ടിടത്തിൽ വീർപ്പുമുട്ടി ഇരിട്ടി അഗ്‌നിശമന സേന; മോക്ഷപ്രാപ്തിക്ക് സ്ഥലം വിട്ടുകൊടുക്കില്ലെന്ന് പൊതുമരാമത്ത്; മുഖ്യമന്ത്രിയുടെ വകുപ്പിന് റിയാസന്റെ ഓഫീസ് സ്ഥലം നൽകാത്ത കഥ
കണ്ണൂർ ഇരിട്ടിയിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുകയാണ് അഗ്‌നിശമന സേന. ഇവർക്ക് കെട്ടിടം പണിയാനായി ഭൂമി കണ്ടെത്തിയിരുന്നു. ശ്വാസംമുട്ടിക്കഴിയുന്ന ഇരിട്ടി അഗ്‌നിശമന സേനക്കായി കണ്ടെത്തിയ ഭൂമി കൈമാറില്ലെന്ന് പൊതുമരാമത്ത് നിലപാട് എടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലാണ് ഫയർഫോഴ്‌സ്. മകളുടെ ഭർത്താവ് മുഹമ്മദ് റിയാസിന് കീഴിലുള്ളതാണ് പൊതുമരാമത്ത് വകുപ്പ്.
മുഖ്യമന്ത്രിയുടെ വകുപ്പിന് പൊതുമരാമത്ത് സ്ഥലം നൽകില്ലെന്ന് വന്നതോടെ സൗകര്യമുള്ള ആസ്ഥാന മന്ദിരം ഒരുക്കാമെന്ന അഗ്‌നിശനസേനയുടെ പ്രതീക്ഷ ആസ്ഥാനത്തായി. 2010 ൽ ആണ് ഇരിട്ടിയിൽ അഗ്‌നിശമന സേന പ്രവർത്തനം ആരംഭിക്കുന്നത്. നേരംപോക്ക് റോഡിൽ മുൻപ് ഇരിട്ടി പി എച്ച് സി പ്രവർത്തിച്ചു വന്നിരുന്ന പഴക്കം ചെന്ന കെട്ടിടത്തിലാണ് സേന 12 വർഷമായി പ്രവർത്തിച്ചു വരുന്നത്.
ഇടുങ്ങിയ മുറികളും ചോർന്നൊലിക്കുന്ന മേൽക്കൂരയുമുള്ള കെട്ടിടത്തിൽ ശ്വാസമുട്ടിയാണ് അഗ്‌നിശമന കഴിഞ്ഞു വാന്നിരുന്നത്. ഒരു നല്ല മഴപെയ്താൽ മുറ്റം മുഴുവൻ ചെളിക്കുളമാകും. വാഹനങ്ങളും മറ്റു ഉപകരണങ്ങളും സൂക്ഷിക്കാൻ പരിമിതമായ സൗകര്യങ്ങൾ മാത്രം. നാട്ടിൽ അത്യാഹിതങ്ങൾ ഉണ്ടാകുമ്പോൾ ഒരു വിളിവന്നാൽ ഇടുങ്ങിയ റോഡ് കടന്നു പോവുക എന്നത് ഏറെ സാഹസമാണ്. ഈ അവസ്ഥയിലാണ് ഇരിട്ടിയിൽ സൗകര്യ പ്രദമായ ഒരു ആസ്ഥാന മന്ദിരം എന്ന ലക്ഷ്യത്തോടെ സേന സ്ഥലം അന്വേഷിച്ചു പോകുന്നത്.
ഇരിട്ടി - പേരാവൂർ റോഡിൽ പയഞ്ചേരിയിൽ പഴയ ക്വാറിയോട് ചേർന്ന പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള 1.40 ഏക്കർ ഭൂമിയിൽ 40 സെന്റ് ഭൂമി സൗകര്യപ്രദമാണെന്ന് കണ്ടെത്തുകയും മറ്റു നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്തു. സ്ഥലം അഗ്‌നിശമനസേനക്ക് പതിച്ചു നൽകണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിനെ സമീപിക്കുകയും ബന്ധപ്പെട്ട വകുപ്പുകൾ ചേർന്ന് സ്ഥലം അളന്നു തിരിക്കൽ നടപടികൾ ഉൾപ്പെടെ പൂർത്തിയാക്കുകയും ചെയ്തു. ഒരു വര്ഷം മുൻപ് നടപടികൾ പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് അപേക്ഷ സമർപ്പിച്ചു.
എന്നാൽ മറുപടി ലഭിക്കാതായതോടെ അഗ്‌നിശമനസേനാ അധികൃതർ വകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് അപേക്ഷ തിരസ്‌കരിച്ചതായി അറിയുന്നത്. പൊതുമരാമത്തു വകുപ്പിന്റെ അധീനതയിലുള്ള ഭൂമി മറ്റ് വകുപ്പുകൾക്ക് കൈമാറേണ്ട എന്നതാണ് തീരുമാനം എന്നാണ് അറിയിച്ചത്. ഇതോടെ പ്രതീക്ഷ മുഴുവൻ അസ്തമിച്ച അവസ്ഥയിലാണ് ഇരിട്ടി അഗ്‌നിശമനസേന.
മേഖലയിൽ ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്ക് രാവും പകലുമില്ലാതെ പ്രവർത്തിക്കുന്ന അഗ്‌നിരക്ഷാ സേനക്ക് ഒന്ന് നടുനിവർന്ന് ഇരുന്ന് വിശ്രമിക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയിൽ നിന്നും ഇപ്പോഴൊന്നും മോചനം ലഭിക്കാനിടയില്ല എന്ന് തന്നെയാണ് വിലയിരുത്തൽ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്