- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗളാ ദേവി ക്ഷേത്രത്തിലെ ചിത്ര പൗർണമി ഉത്സവത്തോട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ചിറ്റമ്മ നയമോ? ഭക്തർക്ക് വേണ്ടി കേരളം ഒന്നും ചെയ്യുന്നില്ലെന്നും ക്ഷേത്രം തമിഴ്‌നാടിന് അവകാശപ്പെട്ടതെന്നും വാദം; തമിഴ്‌നാട് സർക്കാരിന്റെ ഇടപെടലിനും നീക്കം
കുമളി: മംഗളദേവി ക്ഷേത്രത്തിലെ ചിത്ര പൗണ്ണർമി ഉത്സവ ആഘോഷത്തോട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുഖം തിരിക്കുന്നതായി ആരോപണം. ഭക്തർക്കുവേണ്ടി കേരളം ഒന്നും ചെയ്യുന്നില്ലെന്നും ക്ഷേത്രം തമിഴ്‌നാടിന് അവകാശപ്പെട്ടതെന്നും ഭാരതീയ കിസാൻ സഭ തേനി ജില്ലാപ്രസിഡന്റ് സുരേഷ് ബാബു പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡും, കണ്ണകി ട്രസ്റ്റും ചേർന്നാണ് വർഷത്തിൽ ഒരിക്കൽ ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്ന പെരിയാർ ടൈഗർ റിസർവിന് ഉള്ളിലെ ചിത്രാപൗർണമി ഉത്സവം നടത്തുന്നത്.
ക്ഷേത്രം തമിഴ്‌നാട്ടിലാണ്. 1975 ലെ ഉപഗ്രഹസർവ്വെയിൽ ഇക്കാര്യം വ്യക്തമായതുമാണ്. തമിഴ്‌നാട്ടിൽ നിന്നാണ് ഭക്തർക്കായി വെള്ളവും ഭക്ഷണവും എല്ലാം എത്തിക്കുന്നത്. ശബരിമലയിൽ തമിഴ് ഭക്തർ പോകുന്നുണ്ട്. എന്നുകരുതി ക്ഷേത്രം വിട്ടുതരണമെന്ന് നമ്മളാരും ആവശ്യപ്പെട്ടിട്ടില്ല. എല്ലാം വിട്ടുകിട്ടണം എന്ന രീതി ശരിയല്ല. ഇക്കൊല്ലം ഇങ്ങനെ പോയി. അടുത്തകൊല്ലം വിപുലമായി ഉത്സവം ആഘോഷി ക്കണം. കണ്ണകി ക്ഷേത്രം മാത്രമല്ല, ഇവിടെയുള്ള 3 ക്ഷേത്രങ്ങളും പുതുക്കി പണിയണം. സമാന ചിന്താഗതിക്കാരായ തമിഴ്‌നാട്ടിലെ ഹിന്ദുസംഘടനകളുമായി ആലോചിച്ച് ഭാവി കാര്യങ്ങൾ തീരുമാനിക്കും. ഈ ആവശ്യം ഉന്നയിച്ച് തമിഴ്‌നാട് സർക്കാരിന് നിവേദനം നൽകുമെന്നും സുരേഷ് ബാബു വിശദമാക്കി.
അതേസമയം, ചിത്ര പൗണ്ണർമി ഉത്സവം കണ്ണകി ഭക്തർക്ക് ആത്മീയ സായുജ്യം പകരുന്നതെന്ന് കേരള പ്രതിനിധയായ കണ്ണകി ട്രസ്റ്റ് ഭാരവാഹി സുരേഷ് ബാബു വാഴൂർ. ഉത്സവ ആഘോഷത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ നാന ഭാഗത്തുനിന്നായി കണ്ണകി ട്രസ്റ്റിലെ 84 അംഗങ്ങൾ വ്യാഴാഴ്ച കുമളിയിൽ എത്തിയിരുന്നു. ശിക്ഷക് സദനിൽ തങ്ങിയ ഇവർ പുലർച്ചെ പൂജയും വഴിപാടുകളും കഴിഞ്ഞാണ് മല മുകളിലെ ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടത്.
പ്രത്യേക വ്രതാനുഷ്ടാനങ്ങളോടെയാണ് ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയതെന്നും ക്ഷേത്രത്തിലെ ഇഷ്ട വഴിപാടുകളായ കുംഭകൂടവും വിൽപ്പാട്ടും നടത്തി, നിണകുടം, മഞ്ഞൾ കുടം, കുങ്കുമകുടം എന്നിവ സമർപ്പിച്ചാണ് മടങ്ങുന്നതെന്നും കണ്ണകി ട്രസ്റ്റ് ഭാരവാഹി സുരേഷ് ബാബു വാഴൂർ പറഞ്ഞു.
ഉത്സവത്തോട് അനുബന്ധിച്ച് 6 കലം പൊങ്കൽ തയ്യാറാക്കുക പതിവുണ്ട്. ഇതിൽ 3 കലം പൊങ്കൽ കേരള ഭാഗത്തും നിന്നും 3 കലം പൊങ്കൽ തമിഴ്‌നാട് ഭാഗത്തുനിന്നുമാണ് തയ്യാറാക്കുന്നത്. കേരള ഭാഗത്തുനിന്നുള്ള പൊങ്കൽ തയ്യാറാക്കിയത് കണ്ണകി ട്രസ്റ്റ് അംഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ലേഖകന്.