- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാജിക്ക് മഷ്റും ഫംഗസെങ്കില്‍ കഞ്ചാവ് വെറുമൊരു ചെടിയല്ലേ? മഷ്റൂമല്ല രാസഘടകമായ സൈലോസൈബിനാണ് ലഹരി; കോടതി പറഞ്ഞത് മഷ്റൂമിന്റെ മൊത്തം തൂക്കം രാസഘടകത്തിന്റെ തൂക്കമായി കണക്കാനാവില്ലെന്ന്; മാജിക്ക് മഷ്റൂം നിരോധിത ലഹരി വസ്തുവല്ലെന്നത് തെറ്റായ വാര്‍ത്ത
മാജിക്ക് മഷ്റൂം നിരോധിത ലഹരി വസ്തുവല്ലെന്നത് തെറ്റായ വാര്‍ത്ത
കോഴിക്കോട്: കേരളത്തിലടക്കം ഭീകരമായ ദുരന്തങ്ങള്‍ വിതയ്ക്കുന്ന ഒരു നിരോധിത ലഹരിവസ്തുവാണ് മാജിക്ക് മഷ്റും. തമിഴ്നാട്ടിലെ കൊടൈക്കനാലിലൊക്കെ വന്‍ തോതില്‍ വളരുന്ന ഈ കൂണ്‍, കേരളത്തിലടക്കം അനധികൃതമായി എത്തുന്നുണ്ട്. നിരവധി തവണ പൊലീസും എക്സൈസും ഇത് പിടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ ഇന്നലെ വന്ന ഒരു ഹൈക്കോടതി വിധി, മാജിക് മഷ്‌റൂം, സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ് ആണെന്നും, നിരോധിത ലഹരി വസ്തുവായി കരുതാനാകില്ലെന്നും നിരീക്ഷിച്ചുവെന്ന് മാധ്യമ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ലഹരി കേസില്‍ 90 ദിവസമായി ജയിലില്‍ കഴിയുന്ന കര്‍ണാടക സ്വദേശിയുടെ കേസ് പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഇക്കാര്യം പറഞ്ഞതെന്നാണ് വാര്‍ത്ത. പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 226 ഗ്രാം മാജിക് മഷ്‌റൂമും 50 ഗ്രാം മാജിക് മഷ്‌റൂം ക്യാപ്‌സൂളുകളുമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തിരുന്നത്. 2024 ഒക്ടോബറിലാണ് കേസില്‍ പ്രതി അറസ്റ്റിലായത്.
മാതൃഭൂമി നല്‍കിയ വാര്‍ത്തയില്‍ ഇങ്ങനെ പറയുന്നു. -'കഞ്ചാവ്, ചരസ് എന്നിവയ്ക്ക് പുറമെ 226 ഗ്രാം മാജിക് മഷ്‌റൂം, 50 ഗ്രാം മാജിക് മഷ്‌റൂം ക്യാപ്‌സ്യൂളുകള്‍ എന്നിവയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. കഞ്ചാവും ചരസും ചെറിയ അളവ് മാത്രമാണ് കൈവശമുണ്ടായിരുന്നതെന്നും മാജിക് മഷ്‌റൂം എത്രയുണ്ടെന്ന് പ്രത്യേകം അളന്നില്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. പിടിച്ചെടുത്ത മാജിക് മഷ്‌റൂമിലെ ലഹരിപദാര്‍ഥത്തിന്റെ അളവ് ചെറിയ അളവിന്റെ പരിധിയില്‍ പെടുമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. തുടര്‍ന്നാണ് എന്‍.ഡി.പി.എസ്. നിയമപ്രകാരം മാജിക് മഷ്‌റൂം നിരോധിത ലഹരിവസ്തുവല്ലെന്ന് കോടതി നിരീക്ഷിച്ചത്.
സയീദി മൊസ്‌ദേ ഇഹ്‌സാനും കര്‍ണാടക സര്‍ക്കാരും തമ്മിലുള്ള കേസിലെ കര്‍ണാടക ഹൈക്കോടതിയുടേയും എസ്. മോഹനും തമിഴ്‌നാട് സര്‍ക്കാരും തമ്മിലുള്ള കേസിലെ മദ്രാസ് ഹൈക്കോടതിയുടേയും വിധികള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.''-മാതൃഭൂമി വാര്‍ത്ത പറയുന്നു. സമാനമായ രീതിയിലാണ് മറ്റ് പത്രങ്ങളും വാര്‍ത്ത എഴുതിയത്.
എന്താണ് യാഥാര്‍ത്ഥ്യം?
ഇതോടെ സോഷ്യല്‍ മീഡിയയിലും വലിയ രീതിയില്‍ ആശങ്കകള്‍ ഉയര്‍ന്നു. ലഹരി അല്ലെങ്കില്‍ ഇനി മുതല്‍, ഇത് പരസ്യമായി വിറ്റുകൂടെ എന്ന ചോദ്യം വന്നു. മാജിക്ക് മഷ്റും ഒരു ഫംഗസ് ആണെങ്കില്‍, കഞ്ചാവിനെ വെറും ഒരു ചെടിയാണെന്ന് പറഞ്ഞുകൂടെ എന്നും ചോദ്യം ഉയര്‍ന്നു.
എന്നാല്‍, മാജിക് മഷ്റൂം ലഹരി അല്ലെന്ന് കേരള ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നാണ്, ശാസ്ത്ര പ്രഭാഷകനും സോഷ്യല്‍ മീഡിയാ ആക്റ്റീവിസിറ്റും, ഫോറന്‍സിക്ക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ രാഗേഷ് ചൂണ്ടിക്കാട്ടുന്നത്. ഡോ രാഗേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്:
'മാജിക് മഷ്റൂം ലഹരി അല്ലെന്ന് കേരള ഹൈക്കോടതി പറഞ്ഞോ?
ഇല്ലേയില്ല അങ്ങനെ പറഞ്ഞിട്ടേ ഇല്ല! ഒരാളെ ലഹരി മരുന്നോട് കൂടി അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കുന്നതു മുതല്‍ ശിക്ഷ വിധിക്കുന്നതുവരെയുള്ള വിവിധ ഘട്ടങ്ങളില്‍ പിടിച്ചെടുത്ത ലഹരി മരുന്നിന്റെ അളവ് പ്രധാനമാണ്. കുറഞ്ഞ അളവ് ആണെങ്കില്‍ ജാമ്യം കിട്ടാന്‍ താരതമ്യേന ബുദ്ധിമുട്ടുണ്ടാവില്ല, പിന്നെ ശിക്ഷയും കടുത്തതാവില്ല. വളരെ കൂടിയ അളവ് ആണെങ്കില്‍ ജാമ്യം കിട്ടാന്‍ ബുദ്ധിമുട്ടും, കൂടാതെ ശിക്ഷയും കടുത്തതായിരിക്കും.
ഏതെല്ലാം ആണ് ലഹരി വസ്തുക്കള്‍ എന്നും അവ ഏതേത് അളവില്‍ കുറവും കൂടുതലും ആവും എന്നും ഒക്കെ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ ലിസ്റ്റില്‍ മാജിക് മഷ്റൂം അല്ല അതിന്റെ രാസഘടകമായ സൈലോസൈബിന്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കേസില്‍ പിടിച്ചെടുത്ത മാജിക് മഷ്റൂമിന്റെ അളവ് വെച്ച് അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന രാസഘടകം കണക്കു കൂട്ടിയാല്‍ അത് നിയമപ്രകാരമുള്ള കുറഞ്ഞ അളവായി വരും. അങ്ങനെ ആവുമ്പോള്‍ മൂന്ന് മാസമായി ജയിലില്‍ കിടക്കുന്ന പ്രതിക്ക് നിയമപ്രകാരം ജാമ്യം നല്‍കുന്നതില്‍ തെറ്റില്ല.
അങ്ങനെയിരിക്കെ മാജിക് മഷ്റൂമിനെ ഒരു ലഹരി മിശ്രിതമായി കണക്കാക്കണമെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു. ഒരു ലഹരി മറ്റേതെങ്കിലും വസ്തുവുമായി ചേര്‍ത്ത് ഒരു മിശ്രിതം ഉണ്ടാക്കിയാല്‍ മൊത്തം മിശ്രിതത്തിന്റെ അളവിനെ ലഹരിയുടെ അളവായി കണക്കാക്കി അതു പ്രകാരം ജാമ്യമോ ശിക്ഷയോ നിര്‍ണയിക്കാം. അങ്ങനെ ഈ കേസില്‍ മഷ്റൂമിന്റെ മൊത്തം തൂക്കം രാസഘടകത്തിന്റെ തൂക്കമായി കണക്കാക്കിയാല്‍ കൂടിയ അളവായി വരികയും നിയമനടപടി കടുത്തതാവുകയും ചെയ്യും.
അപ്പോഴാണ് കോടതി പറഞ്ഞത്, മഷ്റൂം സ്വാഭാവികമായി ഉള്ള ഒരു ഫംഗസ് ആണ് - ആരെങ്കിലും കൃത്രിമമായി ഉണ്ടാക്കിയെടുത്ത മിശ്രിതമല്ല. അതിനാല്‍ മിശ്രിതത്തിനു ബാധകമായ തത്വം ഇവിടെ പ്രയോഗിക്കാന്‍ പറ്റില്ല. തുടര്‍ന്ന് പിടിച്ചെടുത്ത മഷ്റൂമിന്റെ അളവ് നേരത്തേ പറഞ്ഞ പോലെ കുറഞ്ഞ അളവായി കോടതി കണക്കാക്കുകയും മറ്റു സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കുകയും ചെയ്തു.
മാത്രമല്ല മഷ്റൂമുമായി പിടിയിലായവന് തല്‍ക്കാലം ജാമ്യം കിട്ടി എന്നേ ഉള്ളൂ. അവന്റെ വിചാരണക്കുള്ള നടപടികള്‍ തുടരുകയും ശിക്ഷ പിന്നീട് കിട്ടുകയും ചെയ്യും. ഇതാണ് മഷ്റൂം ലഹരിയല്ല എന്നു ഹൈക്കോടതി പറഞ്ഞു എന്നും പറഞ്ഞ് വാര്‍ത്ത വന്നിരിക്കുന്നത്. ഈ വാര്‍ത്തയും വിശ്വസിച്ച് മഷ്റൂം അടിച്ചേക്കാം എന്ന് ആരെങ്കിലും വിചാരിച്ചാല്‍ പണി കിട്ടും, ഉറപ്പ്.''- ഡോ രാഗേഷ് ചൂണ്ടിക്കാട്ടുന്നു.
എന്താണ് മാജിക് മഷ്റൂം ?
പരിസ്ഥിതിയില്‍ തനിയേ വളരുന്ന വളരെ ഉയര്‍ന്ന ശക്തിയുള്ള ഒരു തരം ലഹരി പദാര്‍ത്ഥമാണ് മാജിക് മഷ്റൂം. സൈലോസൈബിന്‍ എന്ന തരം രാസപദാര്‍ത്ഥമാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. ഇത്തരത്തിലുള്ള ഇരുന്നൂറോളം ഫംഗസുകള്‍ക്കാണ് മാജിക് മഷ്റൂം എന്ന പേരുള്ളത്. കാഴ്ചയില്‍ സാധാരണ രീതിയിലുള്ള കൂണ്‍ പോലെയാണ് ഇത് ഇരിക്കുന്നത്. എന്നാല്‍ ലോകമെമ്പാടും ഇത് ഒരു അനധികൃത ലഹരി പദാര്‍ത്ഥം ആയി ഉപയോഗിക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള ലഹരി ആണിത്. മന്ദത, ഹാലൂസിനേഷന്‍, ശ്രദ്ധയില്ലായ്മ, അതിയായ ഉത്കണ്ഠ തുടങ്ങിയവ ഇത് ശരീരത്തില്‍ ചെന്നാല്‍ ഉണ്ടാകും.
ഇന്ത്യയുള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും നിരോധിച്ചിട്ടുള്ള തരം ലഹരി പദാര്‍ത്ഥം ആണിത്. എന്നാല്‍ ഇത് പലയിടങ്ങളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഭക്ഷണത്തിലും മറ്റും കലര്‍ത്തിയാണ് സാധാരണയായി ഇത് ഉപയോഗിക്കുന്നത്. വളരെ വിലയേറിയ തരത്തിലുള്ള ഒരു ലഹരി പദാര്‍ത്ഥം കൂടിയാണ് ഇത്. ആര്‍ദ്രത കൂടിയ തരം കാടുകളിലാണ് ഇത് കണ്ടുവരുന്നത്. മാജിക് മഷ്റൂമില്‍ അടങ്ങിയിരിക്കുന്ന സൈലോസൈബിന്‍, സൈലോസിന്‍, ബെയോസിസ്റ്റിന് തുടങ്ങിയ രാസപദാര്‍ത്ഥങ്ങളാണ് ഇത്തരത്തിലുള്ള ലഹരി കാരണം.
6000 വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ പല മതാചാരങ്ങളിലും, യാഗങ്ങളിലും മാജിക് മഷ്റൂം ഉപയോഗിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിലാണ് ഒരു ലഹരി പദാര്‍ത്ഥം എന്ന രീതിയില്‍ ഇതിന്റെ ഉപയോഗം വ്യാപകമായത്. തലച്ചോറിനെ ബാധിക്കുന്ന ഇതിലെ രാസപദാര്‍ത്ഥങ്ങള്‍ നീണ്ടു നില്‍ക്കുന്ന വ്യക്തിത്വ മാറ്റങ്ങള്‍ക്ക് വരെ കാരണമാകാം. വളരെ നിയന്ത്രിതമായ രീതിയില്‍ ഇത് മരുന്നായി ഉപയോഗിക്കാറുണ്ടെങ്കിലും ഇതിന്റെ കൃത്യമല്ലാത്ത ഉപയോഗം വളരെയേറെ അപകടകരമാണ്. തെക്കേ ഇന്ത്യയിലെ മലയോര പ്രദേശങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മാജിക് മഷ്റൂമിന്റെ അനധികൃതമായ വില്‍പ്പന വ്യാപകമാണ്. കൊടൈക്കനാല്‍ ഈ കാര്യത്തില്‍ കുപ്രസിദ്ധമാണ്. കേരളത്തില്‍നിന്ന് വന്‍ തോതില്‍ ഇത് ലഹരി ആവശ്യങ്ങള്‍ക്കായി കൊണ്ടുവരുന്നുണ്ട്.