- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കിടപ്പറയിൽ സഹകരിക്കാത്തവളെ തല്ലാം; അനുവാദമില്ലാതെ പുറത്തുപോകുന്നവൾക്കും വയറുനിറച്ച് കൊടുക്കാം; നിസ്‌ക്കരിക്കാത്തവളെയും, കുളിക്കാത്തവളെയും, മണിയറയിൽ അണിഞ്ഞ് ഒരുങ്ങാത്തവളെയും തല്ലാം'; ഇതാ ഇസ്ലാമിക വിധി പ്രകാരം ഭാര്യയെ തല്ലാൻ പറ്റുന്ന അഞ്ച് അവസരങ്ങൾ; ഉസ്താദ് സിറാജ് അൽ ഖാസിമി എയറിൽ!
കോഴിക്കോട്: ആധുനിക നിയമവ്യവസ്ഥയും, ഇസ്ലാമിക മത നിയമങ്ങളും തമ്മിലുള്ള വൈരുധ്യം, ഏക സിവിൽകോഡ് അടക്കമുള്ള വിഷയങ്ങൾ സജീവമാവുന്ന ഇക്കാലത്ത്, സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്. ഗാർഹിക പീഡന നിരോധന നിയമം ശക്തമായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. ഇതുപ്രകാരം ഭാര്യയ്ക്ക് ഇഷ്ടമില്ലാത്ത സമയത്ത് ലൈംഗിക വൃത്തിക്കായി നിർബന്ധിക്കുന്നതു പോലും കുറ്റ കൃത്യമാണ്. പക്ഷേ അതൊന്നും പരിഗണിക്കാതെ, ഏതെല്ലാം സമയത്ത് ഇസ്ലാമിക വിധി പ്രകാരം ഭാര്യ തല്ലാമെന്ന് വിശദമായി ക്ലാസെടുക്കുന്ന ഒരു മൗലവിയുടെ വാക്കുകളാണ് ഇപ്പോൾ വൈറലായത്. ഇതോടെ കടുത്ത പ്രതിഷേധവുമായി സോഷ്യൽ മീഡിയ ആക്റ്റ്‌വിസ്റ്റുകൾ രംഗത്തെത്തിയതോടെ ഉസ്താദ് എയറിലാണ്.
ഇസ്ലാമിക പ്രഭാഷകൻ ഉസ്താദ് സിറാജ് അൽ ഖാസിമി ആലപ്പുഴ ജില്ലയിലെ ആദിക്കാട്ടുകുളങ്ങരങ്ങയിൽ പണ്ട് നടത്തിയ പ്രസംഗത്തിന്റെ ക്ലിപ്പാണ് വൻ വിവാദമാവുന്നത്. കിടപ്പറയിൽ സഹകരിക്കാത്തവളെയും, അനുവാദമില്ലാതെ പുറത്തുപോകുന്നവളെയും, നിസ്‌ക്കരിക്കാത്തവളെയും, കുളിക്കാത്തവളെയും മണിയറയിൽ അണിഞ്ഞൊരുങ്ങി എത്താത്തവളെയും ഭർത്താവിന് തല്ലാമെന്നാണ് ഈ ആധുനിക കാലത്തും മെക്ക് കെട്ടി ഉസ്താദ് സിറാജ് അൽ ഖാസിമി പ്രസംഗിക്കുന്നത്. ഈ പ്രസംഗത്തിന്റെ പേരിൽ ഉസ്താദിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപേർ പോസ്റ്റിടുന്നുണ്ട്.
ഭാര്യയെ എപ്പോഴൊക്കെ തല്ലാം?
ഉസ്താദ് സിറാജ് അൽ ഖാസിമി പത്തനാപുരത്തിന്റെ വിവാദ പ്രസംഗത്തിന്റെ പ്രസ്‌ക്തഭാഗങ്ങൾ ഇങ്ങനെയാണ്. ''ഭാര്യയെ തല്ലാൻ പറ്റുന്ന അഞ്ച് അവസരങ്ങൾ പറഞ്ഞുതരാം. ഒന്നാമത്ത്, രാത്രി കിടപ്പറയിൽ ഭർത്താവുമായി, സഹകരിക്കാത്ത ഭാര്യ. അവൾക്ക് മെൻസസ് ഒന്നുമല്ല. അശുദ്ധിയല്ല. അവൾക്ക് ആരോഗ്യമുണ്ട് ,രോഗിയൊന്നുമല്ല. പക്ഷേ ഭർത്താവുമായി കിടപ്പറയിൽ സഹരിക്കുന്നില്ല. അങ്ങനെ ഉള്ളവൾക്ക് ഒന്ന് കൊടുക്കുന്നതിൽ, കുഴപ്പമൊന്നുമില്ല. ഇസ്ലാം പറയുന്നുണ്ട്, കുടുംബജീവിതം എങ്ങനെയാണെന്ന്. മണിയറിൽ ശാരീരികമായി ബന്ധപ്പെടേണ്ടത് എങ്ങനെയാണെന്ന്, തന്നെ ഇസ്ലാം പറയുന്നുണ്ട്. അങ്ങനെ വേണം. അല്ലാതെ െേവറ രീതിയിൽ കിടന്നിട്ട് അടിയോ ഒന്നുമല്ല. മാന്യമായിട്ടുള്ള രീതിയിൽ...എന്റെ പ്രിയപ്പെട്ടവരേ സഹകരിക്കാത്ത ഭാര്യ, അവളെ തല്ലുന്നതിൽ കുഴപ്പമില്ല.
രണ്ട്, ഭർത്താവിന്റെ അനുവാദം ഇല്ലാതെ പുറത്തുപോവുക. ഭർത്താവ് പറഞ്ഞു, പോവണ്ടാന്ന്. പക്ഷേ ഞാൻ പോവും. പോയിട്ട് വരുമ്പോൾ ഒരു മടലും കൊണ്ട് നിന്നോ. ഭർത്താവ് പോകേണ്ട എന്ന് പറഞ്ഞാൽ പോവേണ്ട. ഭർത്താവിന്റെ അനുവാദമില്ലാതെ പുറത്ത്പോകുന്ന ഭാര്യക്ക് ചെലവിന് കൊടുക്കാൻ പോലും ദീൻ പറയുന്നില്ല. നീ പറഞ്ഞാൽ അനുസരിക്കാത്തവൾക്ക് ചെലവിന് കൊടുക്കാൻ ഇസ്ലാം പറയുന്നില്ല. അപ്പോൾ ഭർത്താവിന്റെ അനുവാദമില്ലാതെ പുറത്തുപോകുന്ന ഭാര്യയെ തല്ലാം. ചോദിച്ചു വാങ്ങുന്നതല്ലേ. കൊടുത്തേരെ വയറു നിറച്ച്.
മൂന്ന്. ബാങ്കുവിളിച്ചിട്ടും നിസ്‌ക്കരിക്കാത്തവളെ. സുബൈക്ക് നീ പെണ്ണുമ്പിള്ളയെ വിളിച്ചിട്ട് തിരിച്ചുപോവുമ്പോൾ അവിടെ കിടക്കുന്നുണ്ട്. ഒന്നും വിചാരിക്കേണ്ട, കൊടുത്തോ ഒന്ന്. ഒരു കരുണയും വേണ്ട. നിസ്‌ക്കരിക്കാത്ത ഭാര്യ, നിസ്‌ക്കാരം ഉപേക്ഷിക്കുന്ന ഭാര്യ, അവളെ നിങ്ങൾക്ക് അടിക്കാം.
നാലാമത്തെ കാര്യം. രാത്രി ഭാര്യയും ഭർത്താവും ശാരീരികമായി ബന്ധപ്പെട്ടു. നീ എഴുനേറ്റ് കുളിക്കുകയൊക്കെ ചെയ്തു. അവൾ കുളിച്ചിട്ടില്ല. പിന്നെ ചാടി എഴുനേറ്റു. അപ്പോൾ മക്കൾക്ക് സ്‌കുളിൽ പോകണം. അങ്ങനെ സമയം പത്തായി, പതിനൊന്നായി, പന്ത്രാണ്ടായി, ഒന്നായി... കുളിക്കുന്നില്ല. വലിയ അശുദ്ധിക്കാരിയാണ്, കുളി ഇങ്ങനെ നീട്ടിക്കൊണ്ടുപോവുകയാണ്. അവൾക്ക് അള്ളാഹുവിന്റെ മലക്കുകളുടെ ശാപം ഉണ്ടാവും. അപ്പോൾ കുളിക്കാതെ നടക്കുന്നവൾക്കും ഒന്ന് കൊടുക്കാം.
അഞ്ചാമത്തെ കാര്യം, മണിയറയിൽ നിന്റെ മുന്നിൽ വരുമ്പോൾ ഒരുങ്ങി വരാത്ത ഭാര്യയെയാണ്. അവൾക്ക് സ്വർണം വേണമെന്ന് പറഞ്ഞാൽ നീ വാങ്ങിക്കൊടുക്കും, ചുരിദാറ് വേണോ, സാരിവേണോ, മാക്സിവേണോ, എന്തുവേണമെങ്കിലും നീ വാങ്ങിക്കൊടുക്കും. എന്തിനാ വാങ്ങിക്കൊടുത്തേ. നിനക്ക് കാണാനല്ലേ, ഇത്. എന്നാൽ നിന്റെ ഭാര്യ മണിയറയിൽ ഇത് വല്ലതും ധരിച്ച് വന്നിട്ടുണ്ടോ. ഇല്ല. നിന്റെ മുന്നിൽ വരുമ്പോൾ കൂറ മാക്സിയുമായിട്ട് വരും, കല്യാണ വീട്ടിൽ പോകുമ്പോൾ സർവതും ഒരുങ്ങിയിട്ട് പോവും. ഇത് വാങ്ങിക്കൊടുത്താൽ മാത്രം പോരാ. നിനക്ക് കാണേണ്ടേ. എഴുന്നള്ളത്തിന് വരുന്ന ആനയെപ്പോലെ ഇതെല്ലാം നാട്ടുകാരെ കാണിക്കാൻ ഉള്ളതല്ല. നിന്നെ കാണിക്കാനാണ്. നിന്റെ മുന്നിലാണ് നിന്റെ ഭാര്യ ഒരുങ്ങേണ്ടത്.
നബിക്ക് മൈലാഞ്ചിയിടാതെ കിടപ്പറയിൽ വരുന്ന ഭാര്യയെ ഇഷ്ടമായിരുന്നില്ല. നിന്റെ ജീവിതത്തിൽ ഇന്നുവരെ പെണ്ണുംപിള്ള സുറുമയിട്ടിട്ടുണ്ടോ. കല്യാണത്തിന്റെ ആദ്യരാത്രി ഇട്ടെങ്കിൽ ഇട്ട്. എന്റെ പ്രിയപ്പെട്ട പെങ്ങളേ, നിനക്ക് ഇതൊക്കെ വാങ്ങിത്തന്നിരിക്കുന്നത് ഓരോ ദിവസും, ഒരോ ജോടി പുതിയ വസ്ത്രങ്ങൾ ധരിച്ച് മണിയറയിൽ പോവാനാണ്. നിന്റെ ഭർത്താവിന്റെ ഇഷ്ടത്തിന്, നിന്റെ ഭർത്താവിന് നിന്നോട് ആഗ്രഹം തോനുന്ന രീതിയിൽ എല്ലാം ധരിച്ചുകൊണ്ട് മണിയറയിലേക്ക് കടന്ന് ചെല്ലണം. അങ്ങനെ വരാത്തവളെയും, ഒന്ന് കൊടുക്കുന്നതിൽ ഒരു കുഴപ്പവുമില്ല.''- ഇങ്ങനെയാണ് ഉസ്താദ് പറയുന്നത്.
കേസെടുക്കണമെന്ന് സോഷ്യൽ മീഡിയ
അതേസമയം ഉസ്താദിന്റെ പ്രസംഗത്തിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം വൻ പ്രതിഷേധം ഉയരുകയാണ്. സിനിമാനടനും, അഭിഭാഷകനും, ഈയിടെ സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം സ്വന്തം ഭാര്യയെ വീണ്ടും വിവാഹ കഴിച്ച്, ഇസ്ലാമിലെ സ്വത്തവകാശ നിയമത്തിനെതിരെ പ്രതിഷേധിക്കയും ചെയ്ത ഷുക്കുർ വക്കീൽ ഇങ്ങനെ എഴുതുന്നു. ''ഗാർഹിക പീഡന നിരോധന നിയമ പ്രകാരം ഭാര്യയെ / പാർട്ണറെ അടിക്കുന്നതു കുറ്റ കൃത്യമാണ്. വൈകാരികമായോ, ശാരീരികമായോ, സാമ്പത്തികമായോ, ലൈംഗികമായോ ഉള്ള എല്ലാ ദുരുപയോഗങ്ങളിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നതിനാണ് 2005 ൽ പാർലിമെന്റ് ഗാർഹിക പീഡന നിരോധന നിയമം പാസ്സാക്കിയത്. ഭാര്യയ്ക്ക് ഇഷ്ടമില്ലാത്ത സമയത്ത് ലൈംഗിക വൃത്തിക്കായി നിർബന്ധിക്കുന്നതു പോലും കുറ്റ കൃത്യമാണ്. ഭാര്യയെ അനുസരിപ്പിക്കുവാൻ അടിക്കണമെന്നാണ് ഉസ്താദിന്റെ കൽപന.
സ്ത്രീകൾക്ക് നേരെ ആക്രമത്തിനു മത വിശ്വാസത്തിന്റെ പിൻബലത്തിൽ ആഹ്വാനം ചെയ്യുന്ന മുസ്ല്യാർക്കെതിരെ നടപടി സ്വീകരിക്കുവാൻ വനിതാ കമ്മീഷൻ തയ്യാറാകണം. സ്ത്രീ വിരുദ്ധമായ അശ്ലീല പ്രസംഗങ്ങൾക്ക് നമ്മുടെ നാട്ടിൽ തിരശ്ശീല വീഴണം.''- ഷുക്കുർ വക്കീൽ തന്റെ എഫ് ബി പോസ്റ്റിൽ ചൂണ്ടിക്കാട്ടി. അതുപോലെ ഉസ്താദ് സിറാജ് അൽ ഖാസിമിക്കെതിരെ എക്സ് മുസ്ലീങ്ങളും വനിത ആക്റ്റീവിസ്റ്റുകളുമെല്ലാം ശക്തമായി രംഗത്ത് എത്തുന്നുണ്ട്. വൈകാതെ തന്നെ ഇയാൾക്കെതിരെ പൊലീസിലും പരാതിയുണ്ടാവുമെന്നാണ് അറിയുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ