- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഖുറാൻ മറ്റ് മതസ്ഥർക്ക് പഠിപ്പിച്ച് കൊടുക്കാൻ പാടില്ല, അത് നിഷിദ്ധമാണ്, ഹറാമാണ്; ഇസ്ലാം മതം സ്വീകരിക്കാൻ വരുന്നവർക്കേ അത് പഠിപ്പിച്ചു കൊടുക്കാൻ പാടുള്ളൂ'; ഖുറാൻ ഓതി ഉപജില്ലാ കലോത്സവത്തിൽ ഒന്നാമതെത്തിയ പാർവതിക്കെതിരെ ഇസ്ലാമിക പണ്ഡിതൻ; പണ്ഡിതനെതിരെ രോഷത്തോടെ പ്രതികരിച്ച് സോഷ്യൽ മീഡിയയും
കോഴിക്കോട്: കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിലുടെ വൈറൽ ആയ ഒരു വീഡിയോ ആയിരുന്നു പാർവതി എന്ന നാലാംക്ലാസ് പെൺകുട്ടിയുടേത്. സബ്ജില്ലാ കലോത്സവത്തിൽ ഈ കുട്ടി ഖുറാൻ പരായണ മത്സരത്തിൽ വിജയിച്ചതാണ് വാർത്തയായത്. ഖുർആൻ ഓതി മനം കവർന്ന പാർവതി, എന്ന പേരിലാണ് വീഡിയോ പ്രചരിച്ചത്. തോടന്നുർ സബ്ജില്ലാ കലോത്സവം, ഖുറാൻ പാരായണ മത്സരത്തിൽ, എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയ, പാർവ്വതി, ചെമ്മരത്തുർ വെസ്റ്റ് എൽ പി സ്‌കൂൾ നാലാം തരം വിദ്യാർത്ഥിയാണ്. ചെമ്മരുത്തുർ പ്രഭാലയത്തിൽ ദിനപ്രഭയുടെയും, നളീഷ് ബോബിയുടെയും മകൾ ആണ്. പാർവതിയുടെ അദ്ധ്യാപിക എം റുഖിയ ആണ്, കലോത്സവത്തിൽ പരിശീലനം നൽകിയത്. ഈ കാര്യങ്ങളൊക്കെ പറഞ്ഞാണ് വീഡിയോ പ്രചരിച്ചത്.
'ബിസ്മില്ലാഹി റഹ്മാനുൽ റഹീം' എന്ന് തുടങ്ങി ഖുറാൻ ഓതിക്കൊണ്ട് ഒരു ഹിന്ദു പെൺകുട്ടി വിജയിച്ചത് മതസൗഹാർദത്തിന്റെ പ്രതീകമായും, കേരളം ഇങ്ങനെയാണെന്നും പറഞ്ഞാണ്, പലരും ഷെയർ ചെയ്തത്. എന്നാൽ ഇസ്ലാമിക പണ്ഡിതരെന്ന് വിളിക്കുന്നവർ പക്ഷേ ഇതിനെ കണ്ടത് അങ്ങേയറ്റം നെഗറ്റീവ് ആയാണ്. ഇത് തീർത്തും അനിസ്ലാമികം ആണെന്നാണ് അവരുടെ വിലയിരുത്താൽ. ഇതാണ് ഇപ്പോൾ കേരളത്തിലെ മുസ്ലിം ഫാമിലി വാട്സാപ്പ് ഗ്രൂപ്പുകളിലൊക്കെ വൈറൽ ആവുന്നത്.
അനിസ്ലാമികമെന്ന് മതപണ്ഡിതൻ
മതപണ്ഡിതൻ തന്റെ വീഡിയോയിൽ ഇങ്ങനെ പറയുന്നു. 'സബ്ജില്ലാ കലോത്സവത്തിൽ പാർവതി എന്ന യുവതി ഖുർആൻ ഓതി, മനം കവർന്നു എന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്, ആ വീഡിയോ വെച്ച് ഒരുപാട ്പേര് സന്തോഷം പ്രകടിപ്പിക്കുന്നതും കണ്ടു. ആ വീഡിയോ നിങ്ങൾക്ക് ഒന്ന് കാണാം അതിന്റെ ഇസ്ലാമിക വിധിയെന്താണെന്ന്, നിങ്ങൾക്ക് കേൾക്കാം. ( കുട്ടി ഖുറാൻ പരായണം നടത്തുന്നതിന്റെ വീഡിയോ കാണിക്കുന്നു.)
മുസ്ലിമീങ്ങൾ വളരെ ബഹുമാനത്തോടും ആദരവോടും കാണുന്ന ഖുറാൻ. ആ ഖുറാൻ മറ്റ് മതസ്ഥർക്ക് കൊടുക്കാൻ പാടില്ല, അത് നിഷിദ്ധമാണ് ഹറാമാണ് എന്നാണ്, ഇമാം ഷെർവാനി റഹ്മത്തുള്ളാവിയുടെ ഒന്നാം വാള്യം 154ാം പേജിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നുമാത്രമല്ല ഖുറാൻ പഠിപ്പിച്ചുകൊടുക്കലും ഹറാമാണ്. മുസ്ലിമീങ്ങളോട് ശത്രുതവെക്കുന്ന മറ്റ് മതസ്ഥരാണെങ്കിൽ അവർക്ക് ഖുറാൻ പഠിപ്പിച്ചുകൊടുക്കൽ ഹറാമാണ്. മുസ്ലീങ്ങളോട് ശത്രുതയൊന്നും വെക്കുന്നവർ അല്ല മറ്റ് മതസ്ഥർ എന്നാൽ പോലും, അവർ പ്രത്യേക താൽപ്പര്യത്തോടും ഇസ്ലാംമതത്തെ പഠിക്കാനും, അതേപോലെ ഇസ്ലാം മതം സ്വീകരിക്കുക എന്ന വലിയ പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ട് വരികയാണെങ്കിൽ മാത്രമേ, ഖുറാൻ പഠിപ്പിച്ച് കൊടുക്കൽ അനുവദനീയം ആവുകയുള്ളു. അതല്ലെങ്കിൽ മറ്റ് മതസ്ഥർക്ക് ഖുറാൻ പഠിപ്പിച്ച് കൊടുക്കുന്നത്, നിഷ്ദ്ധമാണ് ഹറാമണ് എന്നാണ്, ഷർവാനി റഹ്മത്തുള്ളാഹി അലൈവി ഒന്നാം വാള്യം 154ാം പേജിൽ രേഖപ്പെടുത്തുന്നത്.''- ഈ വീഡിയോ ആണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.
രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ
എന്നാൽ കുട്ടിയെ വിമർശിച്ചുകൊണ്ട് വീഡിയോ ചെയത പണ്ഡിതനെ രൂക്ഷമായി പരിഹസിച്ച് സോഷ്യൽ മീഡിയയിൽ പലരും രംഗത്ത് എത്തി. ഇസ്ലാമിക ലിബറൽ വിശ്വാസികൾ തന്നെയാണ് ഇതിനെതിരെ ശക്തമായി പ്രതികരിക്കുന്നത്. കേരളത്തിന്റെ മതസൗഹാർദം തകർക്കാൻ ശ്രമിക്കുന്ന ഈ ഉസ്താദിനെതിരെ കേസ് എടുക്കണം എന്നുവരെ പലരും പറയുന്നു. കുട്ടിയെ മാനസികമായി തളർത്തിയതിന് പോക്‌സോ വകുപ്പും ചുമത്തണമെന്നും ചിലർ രൂക്ഷമായി പറയുന്നുണ്ട്. ഡോ അരവിന്ദാക്ഷൻ കരുമത്ത് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. 'മതേതരത്വം ആരുടെ ബാധ്യതയാണ് ? ആരുടെ പ്രിവിലേജാണ് മതം ? ഈ ചെറിയ കുട്ടിയെ വച്ച് മതേതരത്വം തള്ളി മറിച്ചവർക്കൊക്കെ സന്തോഷായില്ലേ ....നിങ്ങൾ കൂടുതൽ കൂടുതൽ വെളിവാക്കപ്പെടുകയാണ് ഷഗോധരങ്ങളേ''. പക്ഷേ ഇസ്ലാമോ ഇടതുപക്ഷം എന്ന് പറയുന്ന ലെഫ്റ്റ് ലിബറൽ സർക്കിളുകൾ മതപണ്ഡിതന്റെ വിദ്വേഷ വീഡിയോക്കെതിരെ മൗനം പാലിക്കയാണ്.
പക്ഷേ ഈ മൗലവി പറയുന്നത് വിദ്വേഷമല്ലെന്നും യഥാർഥ ഇസ്ലാം തന്നെയാണെന്ന് പറയുന്നവരുമുണ്ട്. സ്വതന്ത്ര ചിന്തകനായ ഇഖ്ബാൽ മൂസ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. 'അമ്പലത്തിന് പരിവ് കൊടുക്കുന്നത് വ്യഭിചാരമാണെന്ന് പരസ്യമായി സ്റ്റേജിൽ കയറി പ്രസംഗിച്ചാരാണ് ഇവിടെയുള്ള മുജാഹിദ് ബാലുശ്ശേരിമാർ. ഇസ്ലാമിനെ സംബന്ധിച്ച് അപരൻ എന്നത് നരകമാണ്. സ്വന്തം മതവിശ്വാസി അല്ലാത്തവനൊക്കെ അവിശ്വാസിയാണ്. അതിൽ സഹിഷ്ുണതയും സമാധാനവും ഇല്ല. അതുകൊണ്ടുതന്നെ ഇത് പാർവതി എന്ന കൂട്ടിയെ വിമർശിച്ച മൗലവിയുടെ പ്രശ്നം അല്ല. ഇസ്ലാമിന്റെതാണ്. ഈ പണ്ഡിതൻ പറയുന്നതാണ് യാഥർഥ ഇസ്ലാം. പൊൽറ്റിക്കൽ ഇസ്ലാമിനെ ഭയക്കണം എന്ന് നാം പറയുന്നത് ഇതുകൊണ്ടാണ് ''. ഈ രീതിയിൽ വലിയ ചർച്ചകൾ സോഷ്യൽ മീഡിയയിൽ പുരോഗമിക്കയാണ്. അതേസമയം ഖുറാൻ പരായണം എന്ന ഒരു മത്സരം തന്നെ നടക്കുന്നത് മതേതര കേരളത്തിൽ മോശമാണെന്നും, രാമായണ പരായാണവും, ഭാഗവത പാരായണവും എന്തുകൊണ്ട് നടക്കുന്നില്ല എന്നും സോഷ്യൽ മീഡിയയിൽ സംഘ പരിവാർ അനുകൂലികളും ചോദിക്കുന്നുണ്ട്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ