സാധാരണ സെക്സും മതവും കൂട്ടിക്കലർത്തിയുള്ള രീതി ഹിന്ദു ആൾദൈവങ്ങളിലും ബാബമാരിലുമൊക്കെയാണ് കാണാറുള്ളത്. ഇസ്ലാമിക മതപ്രഭാഷകർ അവരുടെ വേദികളുടെ ഏഴ് അയലത്തേക്ക് സ്ത്രീകളെ അടുപ്പിക്കാറില്ല. എന്നാൽ തുർക്കി ഇസ്ലാമോ ഇവാഞ്ചലിസ്റ്റായ അദ്നാൻ ഒക്തർ എന്ന എഴുത്തുകാരനും പ്രഭാഷകനുമായ 69 കാരൻ ഇതിൽനിന്നെല്ലാം തീർത്തും വ്യത്യസ്തനായിരുന്നു. പൂച്ചക്കുട്ടികൾ എന്ന ഓമനപ്പേരിൽ അദ്ദേഹം വിളിക്കുന്ന യുവതികളുടെ വലയത്തിനുള്ളിലായിരുന്നു ഒക്തറിനെ മിക്കപ്പോഴും കാണാൻ സാധിച്ചിരുന്നത്. പല പ്രഭാഷണ വീഡിയോകളിലും അർധനഗ്നരായ സ്ത്രീകളുടെ സാന്നിധ്യവും കാണാമായിരുന്നു.

നോക്കണം, മതമൗലികവാദികൾക്ക് കനത്ത വേരുള്ള തുർക്കി പോലുള്ള ഒരു രാജ്യത്താണ് അദ്നാന്റെ പ്രവർത്തനം. എന്നിട്ടും അയാൾക്കെതിരെ നടപടി എടുക്കാഞ്ഞത് അയാൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ആഗോള ഇസ്ലാമിസ്റ്റുകളുടെ ഡിഫൻഡിങ്ങ് ടൂൾ ആയതുകൊണ്ടാണ്. ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിനെതിരായ രൂക്ഷ വിമർശനത്തിൽ ഊന്നിയുള്ള അദ്നാന്റെ അറ്റ്ലസ് ഓഫ് ക്രിയേഷൻ എന്ന പുസ്തകമായിരുന്നു, കേരളത്തിലെ റെറ്റ് തിങ്കേഴ്സ് ഗ്രൂപ്പ് എന്ന ഫേസ്‌ബുക്ക് കൂട്ടായ്മപോലും പരിണാമത്തിനെതിരെ ഉയർത്തിക്കാട്ടിയത്. ഹാറൂൺ യഹ്യ എന്ന പേരിലാണ് ഇയാൾ പുസ്തകം എഴുതിയത്. ഇസ്ലാമിക പ്രഭാഷകൻ എം എം അക്‌ബറും ഈ പുസ്തകത്തിൽ നിന്ന് ഉദ്ധരിക്കാറുണ്ട്. പറയുന്നതൊക്കെയും വെറും കുയുക്തികൾ ആണെങ്കിലും കേരളത്തിൽ അടക്കം ഇസ്ലാമിക ആശയ സദസിൽ ഇയാൾ പ്രിയങ്കരനായി.

എന്നാൽ ഈ പ്രശസ്തി അധികനാൾ നീണ്ടു നിന്നില്ല. ലൈംഗിക പീഡനം, ബ്ലാക്ക് മെയിൽ, സാമ്പത്തിക തട്ടിപ്പ്, ചാരവൃത്തി അടക്കമുള്ള കുറ്റങ്ങൾക്ക് അദ്നാന്, തുർക്കി കോടതി വിധിച്ച ശിക്ഷ കേട്ടാൽ ഞെട്ടിപ്പോകും. ഒന്നും രണ്ടും വർഷമല്ല. 8658 വർഷത്തെക്കാണ് തടവ് ശിക്ഷ. നേരത്തെ 1075 വർഷത്തേക്കായിരുന്നു ഒക്തറിനെ ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഈ വിധി നടപടി ക്രമങ്ങളുടെ പേരിൽ റദ്ദാക്കിയിരുന്നു. ബുധനാഴ്ച വന്ന പുതിയ വിധിയിൽ 891 വർഷത്തെ തടവ് വ്യക്തിപരമായ ചെയ്ത കുറ്റകൃത്യത്തിനും ശേഷിച്ച വർഷങ്ങൾ അനുനായികൾ ചെയ്ത കുറ്റങ്ങൾക്കുമാണ് അദ്നാൻ അനുഭവിക്കേണ്ടി വരിക. ഒരു മനുഷ്യൻ എത്രകാലം ജീവിക്കും എന്നിരിക്കെ ഈ വിധിതന്നെ എന്ത് അസംബന്ധമാണ് എന്നാണ് ലോക മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

പക്ഷേ മത ആൾദൈവത്തിന്റെ പരിവേഷമിട്ട് അദ്നാൻ ചെയ്ത കുറ്റങ്ങളുടെ ആഴം വെളിപ്പെടുത്താനാണ് ഇത്രയും വർഷത്തെ തടവ് എന്നാണ്, തുർക്കിയിലെ നിയമവിദഗ്ദ്ധർ പറയുന്നത്. ഇതോടെ ലോക ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ശിക്ഷ വധിക്കപ്പെട്ട വ്യക്തിയെന്ന പദവിയും ഈ ഹോളിവുഡ് ഫാഷൽ മോഡൽ സ്റ്റെലിൽ ജീവിച്ചിരുന്നു ഇസ്ലാമിസ്റ്റിനെ തേടിയെത്തി.

ഇയാളുടെ ആരാധനാ ഗ്രൂപ്പിലെ അംഗങ്ങളുടെ ലൈംഗികാതിക്രമം അടക്കമുള്ള ആരോപണങ്ങളിലെ പുനർവിചാരണയിലാണ് ഇസ്താംബൂളിലെ കോടതിയുടെ വിധി.
അക്തറിനെ പിന്തുടരുകയും ഇയാളുടെ ശൃംഖലയുടെ ഭാഗമായവുകയും ചെയ്ത കുറ്റാരോപിതരായ 236 പേർക്കൊപ്പം നടന്ന വിചാരണയിലായിരുന്നു ഇത്. സ്വന്തം ചാനലിലൂടെ നടത്തിയ പ്രഭാഷണങ്ങളിലൂടെ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ തുർക്കിയിൽ ഏറെ പ്രശസ്തനായിരുന്നു ഇയാൾ.

മതപരമായും രാഷ്ട്രീയപരമായും ഒക്തർ അഭിപ്രായം പറയുന്ന സമയത്ത് അൽപ വസത്രധാരികളായ ഈ യുവതികളുടെ സാന്നിധ്യം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒക്തറിന്റെ നൂറ് കണക്കിന് അനുനായികളേയാണ് 2018ൽ അറസ്റ്റ് ചെയ്തത്. ഇസ്ലാം മതത്തിന്റെ പേരിൽ ക്രിമിനൽ കുറ്റകൃത്യങ്ങളുടെ ഭാഗമായെന്നതിന്റെ പേരിലായിരുന്നു അറസ്റ്റ്. വ്യാപക റെയ്ഡിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇയാളുടെ ചാനലും അടച്ച് പൂട്ടിയിരുന്നു.

എഴുത്തുകാരനായ ഹാറൂൺ യഹ്യ എന്നയാളും അദ്നാൻ ഒക്തറും ഒരാൾ ആണെന്ന് കേരളത്തിൽ പലർക്കും അറിയില്ലായിരുന്നു. കോവിഡ് മഹാമാരി കാലത്ത് ഇദ്ദേഹത്തിന്റെ ഡാർവിൻ വിമർശനം ആയിരക്കണക്കിന് പ്രതികളാണ് പലർക്കും സൗജന്യമായി അയച്ച് നൽകിയത്. ഫ്രെഞ്ച് വിദ്യാഭ്യാസ വകുപ്പ് ഈ പുസ്തകം വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്ന് നീക്കാൻ ഉത്തരവിട്ടിരുന്നു.

ഇസ്ലാമിക മതപ്രഭാഷകൻ എന്ന പരിധിയെല്ലാം വിട്ടുകൊണ്ട്, സ്വയം ഒരു ആൾദൈവം ആവാൻ ശ്രമിച്ചതാണ് അദ്നാന് വിനയായത്. ഇയാളുടെ പല ശിഷ്യകളെയും പ്രവാചകചര്യ എന്നൊക്കെപ്പറഞ്ഞ് അയാൾ ലൈംഗിക ചൂഷണത്തിനും വിധേയമാക്കിയിരുന്നു. അങ്ങനെ ഒരു പ്രമുന്റെ മൂന്നാം ഭാര്യ ഇയാളുടെ ശിഷ്യത്വം സ്വീകരിച്ച് ലൈംഗിക അടിമയായതോടെയാണ് പൊലീസിൽ പരാതി പോയത്. തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിൽ ഇയാളുടെ വസതിയിൽ നിന്ന് ആയുധങ്ങളും സുരക്ഷാ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു.