ടെൽഅവീവ്: ഹമാസ് - ഇസ്രയേൽ യുദ്ധം മുറുകുമ്പോൾ പ്രാണഭീതിയിലാണ് ഇസ്രയേലിലെ മലയാളികൾ. എങ്കിലും നാട്ടിലേക്ക് വരാതെ അവിടെ കഴിയുന്നവർ നിരവധിയുണ്ട്. ഇസ്രയേൽ സുരക്ഷയൊരുക്കും എന്നാണ് അവർ വിശ്വസിക്കുന്നത്. ഹമാസ് തീവ്രവാദികൾക്ക് മുന്നിൽ പെട്ട നടുക്കുന്ന അനുഭവവും ചില മലയാളികൾക്കുണ്ട്. ഇസ്രയേൽ ബോർഡറിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാർക്കാണ് ഹമാസിന്റെ തോക്കിന്മുനയിൽ കഴിയേണ്ടി വന്നത്. ഭയം അരിച്ചുകേറുന്ന ഈ നിമിഷങ്ങളിൽ ഇനി വീട്ടിലേക്കൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് കരുതിയെന്നാണ് കണ്ണൂർ സ്വദേശിനി സബിതയും കോട്ടയം സ്വദേശിനി മീരയും പറയുന്നത്.

ഹമാസ് സംഘത്തിന്റെ തോക്കിൻ മുനയിൽ ഒടുവിൽ രക്ഷകരായത് ഇസ്രയേൽ സൈനികരായിരുന്നു. ഇവർ ജോലി ചെയ്തിരുന്ന സ്ഥലത്ത് 200 പേരാണ് കൊല്ലപ്പെട്ടത്. ഭാഗ്യത്തിന്റെ അകമ്പടി ഒന്നുകൊണ്ട് മാത്രമാണ് അവർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോടായിരുന്നു നടുക്കുന്ന അനുഭവം മലയാളി നഴ്‌സുമാർ പങ്കുവെച്ചത്.

ഇസ്രയേൽ-ഗസ്സ ബോർഡറിലാണ് ജോലി ചെയ്യുന്നത്. പുറത്ത് അക്രമിസംഘം തോക്കുമായി നിലയുറപ്പിച്ചു. വീടിന് ഉള്ളിൽ സബിതയും മീരയും അവർ പരിചരിക്കുന്ന രണ്ട് വൃദ്ധരും മാത്രമാണുണ്ടായിരുന്നത്. മണിക്കൂറുകൾ അക്രമി സംഘത്തിന്റെ ഭീഷണിയുണ്ടായി. വെടി വെച്ചും ഇടിച്ചും വാതിൽ തകർക്കാനായിരുന്നു ശ്രമം. എന്നാൽ മണിക്കൂറുകൾക്ക് ശേഷം സൈനികർ എത്തി ഇവരെ രക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്‌ച്ചയുണ്ടായ ആക്രമണത്തിൽ ഇവിടെയാകെ തരിപ്പണമായി. നിലവിൽ കെയർഹോമിലാണ് ജോലി ചെയ്യുന്നത്. കണ്ണൂർ കീഴ്പ്പള്ളി, കോട്ടയം സ്വദേശികളാണ് ഞങ്ങൾ. ശനിയാഴ്‌ച്ചയാണ് ആക്രമണം ഉണ്ടായത്. നാനൂറോളം പേരാണ് അവിടെയുണ്ടായിരുന്നത്. അതിൽ 200ഓളം പേർ അവർ കൊല്ലുകയും നാടുകടത്തിയവരിലും പെടുന്നുണ്ട്. രണ്ടു കിലോമീറ്ററാണ് ഗസ്സയിലേക്കുള്ളത്.

ഞങ്ങൾ രണ്ടുപേരും അവിടെ ജോലി ചെയ്യുന്നവരാണ്. ഡ്യൂട്ടി ഷിഫ്റ്റ് ചെയ്യുമ്പോഴാണ് സൈറൺ മുഴങ്ങുന്നത്. അപ്പോഴാണ് ഫോൺ കോൾ വന്നത്. ഡോർ രണ്ടുവശത്തും പൂട്ടാൻ നിർദ്ദേശം ലഭിച്ചു. സാധാരണ താഴെയിരിക്കുന്നതാണ് പതിവ്. അതിനിടെ, ഡോർ തല്ലിപ്പൊളിക്കാൻ തുടങ്ങി. പിന്നീട് ഡോർ അടക്കിപ്പിടിച്ചു. ഏഴര മുതൽ ഞങ്ങൾ തീവ്രവാദികളുമായി പോരാടി. അതിനിടയിൽ പ്രാർത്ഥനയും ചൊല്ലി. വൈകുന്നേരം വരെ അവിടെ പെട്ടു. പിന്നീട് ഇസ്രയേൽ ആർമി വന്ന് രക്ഷിച്ചതിന് ശേഷമാണ് പുറത്തിറങ്ങിയത്.

പുറത്തിറങ്ങിയപ്പോഴാണ് എല്ലാം നശിച്ചതായി കണ്ടത്. എമർജൻസി ബാഗും സ്വർണവും പണവും അവർ എടുത്തു കൊണ്ടുപോയി. ജീവിതത്തിൽ ഇനി നാടുകാണാൻ കഴിയുമെന്ന് കരുതിയില്ല. -മീരയും സബിതയും പറയുന്നു. ഇവിടെ തുടരുന്നത് സുരക്ഷിതമല്ല, നിങ്ങൾ നാട്ടിലേക്ക് പോകണമെന്ന് ഇസ്രയേൽ ഭരണകൂടെ പറയുന്നത് വരെ ഇസ്രയേലിൽ തുടരുമെന്ന് ഇവർ പറയുന്നു.

നേരത്തെ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ ഒരു മലയാളി യുവതിക്ക് പരിക്കേറ്റിരുന്നു. കണ്ണൂർ പയ്യാവൂർ സ്വദേശി ഷീജ ആനന്ദിനാണ് (41) പരിക്കേറ്റത്. വടക്കൻ ഇസ്രയേലിലെ അഷ്‌കിലോണിൽ ഏഴ് വർഷമായി കെയർ ടേക്കറായി ജോലി ചെയ്യുകയാണ് ഷീജ. ഇസ്രയേൽ സമയം ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഈ സമയം ഷീജ വീട്ടിലേക്ക് വീഡിയോ കോളിൽ സംസാരിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ പൊട്ടിത്തെറി നടന്നു. ഉടൻ ഫോൺ സംഭാഷണം നിലച്ചു. പിന്നീട് ഇവരെ വീട്ടുകാർക്ക് ബന്ധപ്പെടാൻ സാധിച്ചില്ല. ഇവർ ജോലി ചെയ്യുന്ന വീട്ടുകാർക്കും പരിക്കുണ്ട്.

ഷീജയ്ക്ക് കാലിനാണ് പരിക്ക്. ഷീജയെ ഉടൻ തന്നെ സമീപത്തുള്ള ബെർസാലൈ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ടെൽ അവീവിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി. 'ഓപറേഷൻ അജയ്'യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ട് വിമാനങ്ങൾ കൂടി ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിരുന്നു. ആദ്യ വിമാനത്തിൽ 198ഉം രാവിലെ എത്തിയ രണ്ടാം വിമാനത്തിൽ 197ഉ പേരുമാണ് ഉണ്ടായിരുന്നത്.

രണ്ടു യാത്രാസംഘങ്ങളിലുമായി രണ്ട് വയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ 18 വീതം മലയാളികളാണുണ്ടായിരുന്നത്. തിരിച്ചുവന്ന മലയാളികളിൽ അധികവും വിദ്യാർത്ഥികളാണ്. ഇതുവരെ നാല് വിമാനങ്ങളാണ് ഓപറേഷൻ അജയിയുടെ ഭാഗമായി ഇസ്രയേലിൽനിന്ന് ഇതുവരെ എത്തിയത്. കേന്ദ്രസഹമന്ത്രി വി.കെ. സിങ് യാത്രക്കാരെ വിമാനത്താവളത്തിൽ സ്വീകരിച്ചു. സ്ഥിതിഗതികൾ കൂടുതൽ വഷളാകാൻ കാത്തുനിൽക്കാതെ പൗരന്മാരെ കഴിയുന്നതും വേഗത്തിൽ ഒഴിപ്പിക്കുന്നതിനാണ് രാജ്യം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.