ന്യൂഡൽഹി: ഇന്ത്യയിൽ യാത്രചെയ്യുന്ന ഇസ്രയേൽ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഡൽഹിയിലെ ഇസ്രയേൽ എംബസിക്കടുത്ത് പൊട്ടിത്തെറി ഉണ്ടായ പശ്ചാത്തലത്തിലാണഅ നീക്കം. ഇസ്രയേലി നാഷണൽ സെക്യൂരിറ്റി കൗൺസിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. പൊതു സ്ഥലങ്ങളിൽ ഇടപെടുമ്പോൾ ശ്രദ്ധിക്കണമെന്ന് സർക്കുലറിൽ വിശദീകരിക്കുന്നു. മാളുകളിലും ആൾക്കൂട്ടങ്ങളിലും ഇടപെഴുകുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശം.

ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപത്തുനിന്ന് സ്‌ഫോടന ശബ്ദം കേട്ടതായി ഡൽഹി പൊലീസിന് ഫോൺ സന്ദേശം ലഭിച്ചിരുന്നു. എന്നാൽ പൊലീസ് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ടയർ പൊട്ടുന്നത് പോലുള്ള ശബ്ദമാണ് കേട്ടതെന്നാണ് ഒരു ദൃക്‌സാക്ഷി മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാൽ, ഇസ്രയേലി അംബാസഡറിനെ അഭിസംബോധന ചെയ്യുന്ന കത്ത് ഏംബസി വളപ്പിന് അടുത്ത് നിന്ന് കിട്ടിയതായി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കത്തിനൊപ്പം ഒരു കൊടിയും പൊതിഞ്ഞ നിലയിൽ കണ്ടെത്തി. കത്ത് പൊലീസ് പിടിച്ചെടുത്തു. ചാണക്യപുരിയിലെ ഏംബസിക്ക് അടുത്ത് വൈകിട്ട് അഞ്ചുമണിയോട സ്ഫോടനം ഉണ്ടായെന്ന് ഏംബസി വക്താവും സ്ഥിരീകരിച്ചു.

'സ്ഫോടന ശബ്ദം കേട്ടെങ്കിലും എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ല. ഞങ്ങളുടെ സുരക്ഷാ ടീമും, പൊലീസും സംഭവം അന്വേഷിക്കുകയാണ്', വക്താവ് പറഞ്ഞു. ഏംബസി ജീവനക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും, ഇന്ത്യൻ, ഇസ്രയേലി ഏജൻസികൾ അന്വേഷണവുമായി സഹകരിച്ചുവരികയാണെന്നും, വിദേശ മന്ത്രാലയം ഡപ്യൂട്ടി മേധാവി ഒഹാദ് നാകാഷ് കെയ്നാർ അറിയിച്ചു. ഡൽഹി പൊലീസിന്റെ ക്രൈം യൂണിറ്റ് സംഘവും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി. പ്രദേശത്തു കനത്ത ജാഗ്രതയാണ്. 2021ൽ ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് പുറത്ത് ചെറിയ സ്‌ഫോടനം നടന്നിരുന്നു. ഈ കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുകയാണ്.