ബെയ്‌റൂത്ത്: ഹിസ്ബുള്ളക്കെതിരായ ഇസ്രായേല്‍ നീക്കം ലെബനനുമായുള്ള സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകം. പേജര്‍ ബോംബുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിന് ശേഷം ഇന്നലെ നടത്തിയ ശക്തമായ ആക്രമണത്തിന് തൊട്ടു പിന്നാലെ ലെബനന്‍ പിടിച്ചെടുക്കേണ്ട സാഹചര്യമാണെന്ന നിലപാടിലാണ് ഇസ്രയേല്‍. ഇസ്രായേലിന്റെ ഇപ്പോഴത്തെ നീക്കത്തെ ലോകം ആശങ്കയോടെയാണ് കാണുന്നത്. ഹിസ്ബുള്ളക്കതിരായ നീക്കത്തില്‍ അറബ് രാജ്യങ്ങളും പക്ഷം പിടിച്ചാല്‍ അത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി മാറ്റും.

രണ്ട് പതിറ്റാണ്ടിന് ശേഷം ലബനനിലേക്ക് ഇസ്രയേല്‍ നടത്തിയ ഏറ്റവും ശക്തമായ ആക്രമണമാണ് ഇന്നലെ ഉണ്ടായത്. ഒരു യുദ്ധത്തിന് രാജ്യം ഒരിക്കലും താല്‍പ്പര്യം കാട്ടിയിട്ടില്ല എന്നും അതേസമയം രാജ്യത്തിന്റെ സുരക്ഷ കാത്ത് സൂക്ഷിക്കാന്‍ തങ്ങള്‍ എന്തും ചെയ്യുമെന്നും ഇസ്രയേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി മാധ്യമങ്ങളോട് പറഞ്ഞു. മാസങ്ങളായി ഹിസ്ബുള്ള ഭീകരര്‍ തങ്ങളുടെ രാജ്യത്തിന് നേര്‍ക്ക് തുടര്‍ച്ചയായി ആക്രമണം നടത്തുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു സമ്പൂര്‍ണ യുദ്ധത്തിലേക്കാണോ സ്ഥിതിഗതികള്‍ നീങ്ങുന്നതെന്ന ചോദ്യത്തിന് യുദ്ധം ചെയ്യാന്‍ ഇസ്രേയല്‍ എപ്പോഴും പൂര്‍ണ സജ്ജരാണെന്ന് ഹഗാരി വ്യക്തമാക്കി. വടക്കന്‍ അതിര്‍ത്തിയില്‍ നിന്ന് ഒഴിഞ്ഞു പോയ സ്വന്തം നാട്ടുകാരെ എങ്ങനെയും സുരക്ഷിതരായി തിരികെ എത്തിക്കുക എന്നത് ഇസ്രയേല്‍ സേനയുടെ ദൗത്യമാണെന്ന് സൈനിക വക്താവ് പറഞ്ഞു. അതേസമയം ഇസ്രയേല്‍ ഇന്നലെ നടത്തിയ ആക്രമണത്തിന് എതിരെ രൂക്ഷമായ വിമര്‍ശനവുമായി വിവിധ രാജ്യങ്ങളെത്തി.

പരക്കംപാഞ്ഞ് ലെബനീസ് ജനത, ആശങ്കയില്‍ ലോകരാജ്യങ്ങള്‍

കൊല്ലപ്പെട്ട 492 പേരില്‍ 35 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. പ്രശ്നത്തില്‍ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്ന് ഈജിപ്ത്

ആവശ്യപ്പെട്ടു. ഇസ്രയേല്‍ വടക്കന്‍ അതിര്‍ത്തി ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്തി വെയ്ക്കണമെന്ന് തുര്‍ക്കിയും ആവശ്യപ്പെട്ടു. തെക്കന്‍ ലബനനിലെ ഗ്രാമങ്ങളില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന്റെ ഭീകരമായ ദൃശ്യങ്ങള്‍ സ്‌കൈ ന്യൂസ് പുറത്ത് വിട്ടു. 2006 ലെ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് ശേഷം നടക്കുന്ന ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാണ് ഇതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലബനനിലെ ആശുപത്രികള്‍ പലതും പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും കനത്ത ഷെല്ലാക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് കുടുംബങ്ങള്‍ പല സ്ഥലങ്ങളിലും ഒറ്റപ്പെട്ടിരിക്കുന്നതായും ലബനന്‍ ആരോഗ്യ മന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു.




ഹിസ്ബുള്ളയുടെ സീനിയര്‍ കമാന്‍ഡറായ അലി കരാക്കിയെ ലക്ഷ്യമിട്ടായിരുന്നു ഇന്നലത്തെ ആക്രമണം എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ കരാക്കിക്ക് ആപത്തൊന്നും ഉണ്ടായിട്ടില്ലെന്നും അയാളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും ഹിസ്ബുള്ള വെളിപ്പെടുത്തി. അതേസമയം തെക്കന്‍ ലബനനിലെ സൈനിക വിഭാഗത്തിന്റെ കമാന്‍ഡറായ മഹമൂദ് അല്‍ നദര്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. കഴിഞ്ഞ ഇരുപത് വര്‍ഷം കൊണ്ട് ഹിസ്ബുള്ള ഭീകരര്‍ കെട്ടിപ്പൊക്കിയ സംവിധാനങ്ങളാണ് തങ്ങള്‍ തകര്‍ത്തെറിഞ്ഞത് എന്ന് ഇസിരയേല്‍ പ്രധാനന്ത്രി യവ് ഗാലന്റ് പറഞ്ഞു.

ഹിസ്ബുള്ള സ്ഥാപിക്കപ്പെട്ടതിന് ശേഷം അവര്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണ് ഇന്നലെ നേരിട്ടതെന്നും ഗാലന്റ് ചൂണ്ടിക്കാട്ടി. ഹിസ്ബുള്ളയുടെ ആയുങ്ങളും മറ്റ് സംവിധാനങ്ങളും സൂക്ഷിച്ചിരിക്കുന്ന കെട്ടിടങ്ങളില്‍ നിന്ന് എത്രയും വേഗം ഒഴിഞ്ഞു പോകമമെന്ന്‌െേ തക്കന്‍ ലബനനിലെ ജനങ്ങളേ്ാട് ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് ജനങ്ങള്‍ കൂട്ടത്തോടെ പലായനം ആരംഭിച്ചിട്ടുണ്ട്. കൈക്കുഞ്ഞുങ്ങളും പ്രായമായ കിടപ്പ് രോഗികളും ഉള്‍പ്പെടെ ഉള്ളവരുമായിട്ടാണ് പലരും രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്.

രക്ഷാ സമിതിയുടെ യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കണമെന്ന് ഫ്രാന്‍സ്

അതിനിടയില്‍ ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര പൊതുസഭയില്‍ സംസാരിക്കുമ്പോള്‍ ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ നോയല്‍ ബാരോയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവിലെ സ്ഥിതിഗതികള്‍ പ്രകാരം ഒരു സമ്പൂര്‍ണ യുദ്ധത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നതെന്ന് യൂഫോപ്യന്‍ യൂണിയന്‍ വിദേശകാര്യ നയ മേധാവി ബോറല്ലും ചൂണ്ടിക്കാട്ടി.

ആയുധപ്പുര പോലുളള സൈനിക ആവശ്യങ്ങള്‍ക്കായി ഹിസ്ബുല്ല ഉപയോഗിക്കുന്ന കെട്ടിടങ്ങളിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവരോട് സുരക്ഷിതമായ ഇടങ്ങളിലേക്ക് ഉടന്‍ മാറണമെന്ന് മുന്നറിയിപ്പ് നല്‍കുന്നതായി ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലബനനില്‍ ആക്രമം കടുപ്പിക്കുമെന്നും ഹഗാരി പറഞ്ഞു. ലബനനിലേക്ക് കടന്നുകയറി തിരിച്ചടി നല്‍കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച ഹിസ്ബുള്ള ഇസ്രയേലിനുനേരേ വിപുലമായ റോക്കറ്റാക്രമണം നടത്തിയതിനുപിന്നാലെയാണ് ഈ നടപടി. 150-ഓളം റോക്കറ്റും മിസൈലും ഡ്രോണും വടക്കന്‍ ഇസ്രയേലിലേക്ക് ഹിസ്ബുള്ള തൊടുത്തിരുന്നു. ഹിസ്ബുള്ളയുടെ ഉന്നത കമാന്‍ഡര്‍ ഇബ്രാഹിം ആഖില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനുള്ള തിരിച്ചടിയായിരുന്നു ഇത്.




ലെബനനില്‍ കരയാക്രമണത്തിന് ഇസ്രയേലിന് പദ്ധതിയില്ലെന്നും വ്യോമാക്രമണത്തിലൂടെ ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണം നടത്താനുള്ള ശേഷി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഗലീലിയിലെ ഇസ്രയേലി സൈനിക പോസ്റ്റുകള്‍ക്കുനേരേ റോക്കറ്റാക്രമണം നടത്തിയെന്ന് ഹിസ്ബുള്ള അറിയിച്ചു. ഹൈഫയില്‍ സ്ഥിതിചെയ്യുന്ന റഫാല്‍ പ്രതിരോധ കമ്പനി ലക്ഷ്യമിട്ടും ആക്രമണമുണ്ടായി.

പേജര്‍, വാക്കി-ടോക്കി സഫോടനങ്ങള്‍ക്ക് പിന്നാലെ ഇസ്രായേലും ഹിസ്ബുല്ലയും പരസ്പരം ആക്രമണം ശക്തമാക്കിയിരുന്നു. ഹിസ്ബുല്ല വടക്കന്‍ ഇസ്രായേലില്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വടക്കന്‍ ഇസ്രായേലില്‍ കുടിയൊഴിപ്പിക്കപ്പെട്ട താമസക്കാരെ സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരാന്‍ ആവശ്യമുള്ളതെല്ലാം തങ്ങള്‍ ചെയ്യുമെന്ന് ഇസ്രായേല്‍ സൈനിക വക്താവ് പറഞ്ഞതായി, റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍ ആക്രമണത്തെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ പുക ഉയരുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെ ഇസ്രായേലില്‍ നിന്ന് പൗരന്മാരോട് ഉടന്‍ മടങ്ങാന്‍ ചൈന നിര്‍ദേശം നല്‍കി. 'എത്രയും വേഗം' ഇസ്രായേല്‍ വിടണമെന്നാണ് ചൈനീസ് എംബസിയുടെ അറിയിപ്പിലുള്ളത്. പൗരന്മാര്‍ തല്‍ക്കാലം ഇസ്രായേലിലേക്ക് യാത്ര ചെയ്യരുതെന്നും ചൈനീസ് എംബസി കൂട്ടിച്ചേര്‍ത്തു. ഇസ്രായേലിലെ നിലവിലെ സുരക്ഷാ സാഹചര്യം സങ്കീര്‍ണ്ണവും പ്രവചനാതീതവുമാണ്. അതിനാല്‍ ചൈനീസ് പൗരന്മാര്‍ എത്രയും വേഗം നാട്ടിലേക്ക് മടങ്ങണം. അല്ലെങ്കില്‍ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറുകയോ വേണമെന്നാണ് അറിയിച്ചിരിക്കുന്നത്.