- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഹമാസിന്റെ ഭീകരാക്രമണങ്ങൾ കൊടും തിന്മയെന്ന് വിശേഷിപ്പിച്ചു ഫേസ്‌ബുക്ക് പോസ്റ്റ്; ഒപ്പം ഹമാസിനെ വാഴ്ത്തുന്ന പോസ്റ്റിട്ടാൽ പണി കിട്ടുമെന്ന് മുന്നറിയിപ്പും; സക്കർബർഗിന്റെ ഹമാസിനെതിരായ പോസ്റ്റിൽ മെറ്റക്ക് നന്ദിയറിയിച്ച് ഇസ്രയേൽ
ടെൽ അവീവ്: ഹമാസിനെതിരായി ശക്തമായ നിലപാടെത്ത ഫേസ്‌ബുക്ക് സ്ഥാപകൻ സക്കർബർഗിനും മെറ്റയ്ക്കും നന്ദി അറിയിച്ചു ഇസ്രയേൽ. മെറ്റ സിഇഒ മാർക് സക്കർബർഗ് ഹമാസിന്റെ ആക്രമണങ്ങളെ കൊടുംതിന്മയെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് മെറ്റക്ക് നന്ദിയറിയിച്ച് ഇസ്രയേൽ രംഗത്തുവന്നത്. തങ്ങളുടെ ഔദ്യോഗിക 'എക്‌സ്' അക്കൗണ്ടിലൂടെയാണ് ഇസ്രയേൽ ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ മാതൃസ്ഥാപനമായ മെറ്റയോട് നന്ദി പറഞ്ഞത്.
കഴിഞ്ഞ ദിവസം സക്കർബർഗ് ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടാണ് ഇസ്രയേൽ എന്ന പ്രൊഫൈൽ എക്‌സിൽ പങ്കുവെച്ചത്. ''ഹമാസിന്റെ ഭീകരാക്രമണങ്ങൾ കൊടും തിന്മയാണ്. നിരപരാധികളായ ജനങ്ങൾക്കെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഒരിക്കലും ന്യായീകരണമില്ല. അതിന്റെ ഫലമായുണ്ടായ വ്യാപകമായ ദുരിതം വിനാശകരമാണ്. ഇസ്രയേലിലെയും പ്രദേശത്തെയും ഞങ്ങളുടെ ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷയിലാണ് എന്റെ ശ്രദ്ധ''- സക്കർബർഗ് കുറിച്ചു.
അതേസമയം, ഹമാസിനെ വാഴ്‌ത്തുകയും അവർക്ക് പിന്തുണ നൽകുകയും ചെയ്യുന്ന ഉള്ളടക്കങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യുമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിനെതിരെ സോഷ്യൽ മീഡിയാ സ്ഥാപനങ്ങൾ ഒന്നും കാര്യമായി ചെയ്യുന്നില്ലെന്ന് യൂറോപ്യൻ യൂണിയന്റെ വിമർശനത്തിനും താക്കീതിനും പിന്നാലെയായിരുന്നു മെറ്റയുടെ നീക്കം. ഹീബ്രു, അറബിക് ഭാഷകളിലുള്ള എട്ട് ലക്ഷത്തോളം ഉള്ളടക്കങ്ങൾ നീക്കം ചെയ്തിട്ടുണ്ടെന്നും, മെറ്റ അറിയിച്ചു.
ഒക്ടോബർ ഏഴിന് ഇസ്രയേലിനു നേരെ ഹമാസ് അഴിച്ചുവിട്ട ആക്രമണത്തിന് പിന്നാലെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും ചിത്രങ്ങളും ഫേസ്‌ബുക്കിലും മറ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലും പ്രചരിക്കാൻ തുടങ്ങിയിരുന്നു. ഹീബ്രു, അറബിക് ഭാഷകളിലുള്ള 7,95,000 ഉള്ളടക്കങ്ങൾ നീക്കം ചെയ്തിട്ടുണ്ടെന്നും നിയന്ത്രിച്ചിട്ടുണ്ടെന്നും മെറ്റ പറഞ്ഞു.
ഹമാസ് ബന്ദികളാക്കിയ ആളുകളുടെ മുഖം തിരിച്ചറിയുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യും. ഹമാസിന്റെ ചെയ്തികളെ അപലപിക്കുക എന്ന ഉദ്ദേശത്തോടെ പങ്കുവെച്ചവ ആണെങ്കിൽ പോലും അവ നീക്കം ചെയ്യും. ബന്ദികളാക്കപ്പെട്ടവരുടെ മുഖം മറച്ച ചിത്രങ്ങൾ അനുവദിക്കുന്നുണ്ട്. എങ്കിലും തട്ടിക്കൊണ്ടുപോയ ആളുകളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കുമാണ് പ്രാധാന്യം നൽകുക.
ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ നിരവധി ഇസ്രയേൽ പൗരന്മാരെ ഗസ്സയിലേക്ക് കടത്തിക്കൊണ്ടുപോയി ഹമാസ് ബന്ദികളാക്കിയിട്ടുണ്ട്. ഇവരുടെ വീഡിയോകൾ പങ്കുവെച്ച് ഹമാസ് ഭീഷണി മുഴക്കുന്നുണ്ട്. അത്തരം ഉള്ളടക്കങ്ങളും അവയുടെ പകർപ്പുകളും ഉടനടി നീക്കം ചെയ്യുമെന്നും മെറ്റ വ്യക്തമാക്കുന്നു.
ഹമാസിന് മെറ്റ പ്ലാറ്റ്ഫോമുകളിൽ വിലക്കുണ്ടെങ്കിലും ഹമാസുമായി ബന്ധപ്പെട്ട സാമൂഹിക, രാഷ്ട്രീയ സംവാദങ്ങൾക്ക് അനുവാദം നൽകുന്നുണ്ട്. അതിൽ വാർത്തകളും, മനുഷ്യാവകാശ പ്രശ്നങ്ങളും, അക്കാദമിക വിഷയങ്ങളും ഉൾപ്പെടും. ഡിജിറ്റൽ സർവീസസ് ആക്ടിന് വിധേയമായി നിയമവിരുദ്ധമായതും ദോഷകരമായതുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് യൂറോപ്യൻ കമ്മീഷന്റെ മുന്നറിയിപ്പു നൽകിയിരുന്നു.