ടെൽഅവീവ്: ഹമാസ് നേതാക്കളെ ഒന്നൊന്നായി തീർക്കുമെന്ന് പ്രതിജ്ഞ എടുത്തിരിക്കയാണ് ഇസ്രയേൽ. അതുകൊണ്ട് തന്നെ ഗസ്സയിൽ കാലുകുത്താതെ സുരക്ഷിത രാജ്യങ്ങളിൽ ഒളിച്ചു കഴിയുകയാണ് ഹമാസ് നേതാക്കൾ. ഓരോ നേതാക്കളെയും തീർക്കാൻ വേണ്ടി തീവ്ര് ശ്രമത്തിലാണ് ഇസ്രയേൽ ചാരസംഘടനയായ മൊസാദും. ഇപ്പോൾ യുദ്ധാനന്തര ഗസ്സ എങ്ങനെ ആയിരിക്കണമെന്ന വിധത്തിലുള്ള ചർച്ചകളിലേക്കാണ് ഇസ്രയേൽ കടന്നിരിക്കുന്നത്.

ഗസ്സ ഇനി ഒരിക്കലും ഹമാസ് ഭരിക്കില്ലെന്ന് ഉറപ്പുവരുത്താനാണ് ഇസ്രയേൽ നീക്കം. യുദ്ധാനന്തരം ഗസ്സ പുനർനിർമ്മിക്കാൻ അറബ് -പാശ്ചാത്യ രാഷ്ട്രങ്ങളുടെ ബഹുരാഷ്ട്ര കൂട്ടായ്മ ഒരുക്കാവുമാണ് ഇസ്രയേൽ പദ്ധതി. ഇതേക്കുറിച്ച് ഇസ്രയേൽ പ്രതിരോധ മന്ത്രി വെളിപ്പെടുത്തൽ നടത്തി. പുനർനിർമ്മിക്കുന്ന ഗസ്സയിൽ ഹമാസിനെ ഭരണം ഏൽപ്പിക്കില്ലെന്നാണ് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കിയത്. പുതിയ ഗസ്സയിൽ ഹമാസിന് യാതൊരു സ്ഥാനവും ഉണ്ടികില്ലെന്നും അദ്ദേഹം അടിവരയിട്ടു വ്യക്തമാക്കി.

'യുദ്ധാനന്തര ഗസ്സയിലെ കാര്യങ്ങളിൽ ഇസ്രയേലിന് പൂർണ സ്വാതന്ത്ര്യം ഉണ്ടായിരിക്കും. എന്നാൽ, ഇസ്രയേലി കുടിയേറ്റം ഉണ്ടാകില്ല. ഗസ്സ നിവാസികൾ ഫലസ്തീൻകാരാണ്. അതിനാൽ ഇസ്രയേലിനെതിരെ ശത്രുതാപരമായ നടപടികളോ ഭീഷണികളോ ഉണ്ടാകില്ലെന്ന വ്യവസ്ഥയോടെ ഫലസ്തീനികൾക്കായിരിക്കും ഗസ്സയുടെ ഭരണചുമതല'' -ഗാലന്റിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രയേലിന്റെ സമാധാനവും സുരക്ഷിതത്വവും ഉറപ്പിക്കാൻ ഗസ്സയുടെ അതിരുകളിൽ ഈജിപ്തും ഇസ്രയേലും യു.എസും ചേർന്ന് കർശന നിരീക്ഷണം ഏർപ്പെടുത്തും. ഇപ്പോൾ വെസ്റ്റ് ബാങ്കിൽ ചെയ്യുന്നത് പോലെ ഏത് സമയവും ഗസ്സയിൽ എവിടെയും ഇസ്രയേൽ സൈനിക പരിശോധന നടത്തും. തങ്ങളുടെ മുന്നിലുള്ള നിരവധി പദ്ധതികളിൽ ഒന്നാണിതെന്നും ഇതുസംബന്ധിച്ച് ഇസ്രയേൽ വിശദമായ ചർച്ച നടത്തുമെന്നും ഗാലന്റ് വ്യക്തമാക്കി.

ഗസ്സയിൽ നിലവിലുള്ള ആക്രമണം രൂക്ഷമാക്കാനാണ് ഇസ്രയേൽ നീക്കം. തെക്കൻ ഗസ്സയിലും വടക്കൻ ഗസ്സയിലും വെവ്വേറെ യുദ്ധ തന്ത്രങ്ങൾ പ്രയോഗിക്കുമെന്ന് ഗാലന്റ് പറഞ്ഞു. വടക്കൻ മേഖലയിൽനിന്ന് ഹമാസ് പോരാളികളെ ഇല്ലാതാക്കാനും തെക്കൻ ഗസ്സയിലെ തുരങ്കങ്ങൾ തകർക്കാനും വ്യോമ, കര ആക്രമണങ്ങൾ ശക്തിപ്പെടുത്താനുമാണ് തീരുമാനം. തുരങ്കങ്ങളെല്ലാം തകർത്ത് ഹമാസിന്റെ നേതാക്കളെ ഒന്നൊന്നായി തീർക്കുകയാണ് ഇസ്രയേൽ.

ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഡ്രോൺ ആക്രമണത്തിൽ ഹമാസ് ഉപമേധാവി സാലിഹ് അൽ അരൂരി കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ മറ്റ് നേതാക്കളെയും വകവരുത്തുമെന്നാണ് ഇസ്രയേൽ ആവർത്തിക്കുന്നത്. ഹമാസ് നേതാക്കൾ എവിടെപ്പോയി ഒളിച്ചാലും പിന്തുടർന്ന് വധിക്കുമെന്ന പ്രഖ്യാപനവുമായി മൊസാദ് വീണ്ടും രംഗത്തുവന്നിട്ടുണ്ട്. മൊസാദ് മേധാവി ഡേവിഡ് ബർണിയയാണ് ഇക്കാര്യം ആവർത്തിച്ചു രംഗത്തുവന്നിരിക്കുന്നത്.

ഹമാസിൽ നിന്നും ഭരണം മാറ്റി പിഎൽഒയെ ഗസ്സയിൽ അധികാരം ഏൽപ്പിക്കാൻ ഇസ്രയേൽ ശ്രമിക്കുമെന്ന സൂചനകളുമുണ്ട്. ഗസ്സയിലെ 2.3 ദശലക്ഷം ജനങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ തെക്കൻ ഗസ്സയിലാണ് താമസിക്കുന്നത്. പലരും ടെന്റുകളിലും മറ്റ് താൽക്കാലിക ഷെൽട്ടറുകളിലുമാണ് താമസം. ഹമാസ് നേതാക്കളെ ഉന്മൂലനം ചെയ്യാനും ഇസ്രയേലി ബന്ദികളെ രക്ഷിക്കാനും യുദ്ധം നടത്തുമെന്നും ആവശ്യമെന്ന് തോന്നുന്നിടത്തോളം ഇത് തുടരുമെന്നുമാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്.

ഫലസ്തീൻ ജനതക്ക് നേരെ പതിറ്റാണ്ടുകളായി തുടരുന്ന ഇസ്രയേൽ അതിക്രമം ഒക്ടോബർ ഏഴിന്റെ ഹമാസ് ആക്രമണത്തോടെയാണ് രൂക്ഷമാക്കിയത്. ഗസ്സയിൽ ഇതിനകം 22,400ലധികം ആളുകൾ കൊല്ലപ്പെട്ടു. അരലക്ഷത്തിലേറെ പേർക്ക് പരിക്കേറ്റു. ഭൂരിഭാഗം വീടുകളും കെട്ടിടങ്ങളും തകർക്കുകയും ലക്ഷക്കണക്കിനാളുകളെ കുടിയൊഴിപ്പിക്കുകയും ചെയ്തു.