ന്യൂഡൽഹി: ലോകമെമ്പാടും പുതുവത്സരത്തെ വരവേൽക്കാൻ കാത്തിരിക്കുമ്പോൾ, കിരിബാത്തി ദ്വീപിലും, ന്യൂസിഡൻഡിലും പുതുവർഷമെത്തി. അന്താരാഷ്ട്ര ഡേറ്റ് ലൈനിലെ വ്യത്യാസം കാരണം എല്ലാ രാജ്യങ്ങളും ഒരേ സമയത്തല്ല, പുതുവർഷം ആഘോഷിക്കുന്നത്. ചില രാജ്യങ്ങൾ വളരെ നേരത്തെ ആഘോഷിക്കുമ്പോൾ, മറ്റു ചില രാജ്യങ്ങൾ ഏകദേശം ഒരുദിവസത്തോളം വൈകിയും വരവേൽക്കുന്നു.

പസഫിക് സമുദ്രത്തിലെ ദ്വീപ രാഷ്ടമായ കിരിബാത്തിയാണ് ആദ്യം പുതുവർഷത്തെ വരവേറ്റത്. ഇന്ത്യൻ സമയം 3.30 ന്. തൊട്ടുപിന്നാലെ ന്യൂസീലൻഡിലും 2024 പിറന്നു. ടോങ്ക, സമോവ ദ്വീപുകൾ പിന്നാലെ വരും. പിന്നീട് ന്യു ഇയർ പാർട്ടി വടക്കോട്ട് സഞ്ചരിച്ച് ഫിജി, ഓസ്‌ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിങ്ങനെ നീങ്ങും.

ന്യൂസീലൻഡിലെ ഓക്ലൻഡിലും വെല്ലിങ്ടനിലും പുതുവത്സരാഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. പുതുവർഷം ഏറ്റവും വൈകിയെത്തുന്നത് അമേരിക്കയിലെ ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. മനുഷ്യവാസമില്ലാത്ത ഈ ദ്വീപുകളിൽ പുതുവർഷം പിറവിയെടുക്കുക ഇന്ത്യയിൽ ജനുവരി 1 പകൽ 4.30 ആകുമ്പോഴാണ്.

ഗസ്സയിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാനിലും ഷാർജയിലും പുതുവത്സര ആഘോഷങ്ങളില്ല. ഇസ്രയേലിൽ ജൂത കലണ്ടർ ആരംഭിക്കുന്ന റോഷ് ഹഷാനയിലാണ് പുതുവർഷം ആഘോഷിക്കുന്നത്. യുദ്ധത്തിലൂടെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് റഷ്യയിലും ഇത്തവണ ആഘോഷങ്ങളില്ല.