മലപ്പുറം: ടൂറിസം പദ്ധതിയുടെ ഭാഗമായി നിലമ്പൂർ എംഎ‍ൽഎ പി.വി അൻവർ നിയമങ്ങൾ കാറ്റിൽ പറത്തി അതീവ പരിസ്ഥിതി ലോക പ്രദേശമായ കക്കാടംപൊയിലിൽ നിർമ്മിച്ച നാലു തടയണകൾ പൊളിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവെത്തുന്നത് അഞ്ചു വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ.

പീവിആർ നാച്വറോ റിസോർട്ടിൽ പ്രകൃതിദത്ത നീരുറവ തടഞ്ഞാണ് തടയണകളെന്നായിരുന്നു പരാതി. കൂടരഞ്ഞി പഞ്ചായത്തും കോഴിക്കോട് കളക്ടറും നടപടിയെടുക്കാതെ പലവട്ടം സംരക്ഷിച്ചിട്ടും തടയണ പൊളിക്കാനുള്ള കോടതി വിധിയിലേക്ക് നയിച്ചത് പരാതിക്കാരുടെ വിട്ടുവീഴ്ചയില്ലാത്ത നിയമപോരാട്ടംതന്നെയാണ്.

പി.വി അൻവർ എംഎ‍ൽഎയുടെ കക്കാടംപൊയിലിലെ വാട്ടർതീം പാർക്ക് ടൂറിസം പദ്ധതിയുടെ ഭാഗമായി 2017ലാണ് സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ പീവീആർ നാച്വറോ റിസോർട്ട് നിർമ്മിച്ചത്. ഇരുവഴഞ്ഞിപ്പുഴയിലേക്കെത്തുന്ന പ്രകൃതിദത്ത നീരൊഴുക്ക് തടസപ്പെടുത്തി യാതൊരു അനുമതിയുമില്ലാതെ മൂന്ന് കോൺക്രീറ്റ് തടയണകളും ഒരു മൺതടയണയും ഇതോടൊപ്പം നിർമ്മിച്ചിരുന്നു. തുടർന്നു നീരുറവ നികത്തി റോഡ് പണിതാണ് റിസോർട്ടിലേക്ക് വഴിയൊരുക്കിയത്. ഇതിനു പുറമെ തടയണകളിൽ നിന്നും 130 മീറ്റർ മാറിയാണ് ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന സെന്റ്മേരീസ് ഹൈസ്‌ക്കൂൾ. ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാനിൽ ഉരുൾപൊട്ടൽ മേഖലയായ ഹൈ ഹസാർഡ് സൊണേഷനിലുള്ള സ്ഥലത്താണ് തടയണകൾ കെട്ടിയത്. പരാതിക്കാർ പ്രധാനമായും ചൂണ്ടിക്കാട്ടിയ നിയമലംഘനങ്ങൾ ഇവയാണ്.

തുടർന്നു അനുമതിയില്ലാതെ തടയണകൾ കെട്ടിയതും ദുരന്തസാധ്യതയും ചൂണ്ടികാട്ടി തടയണകൾ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് പ്ലാന്ററും വ്യവസായിയുമായ മുരുഗേഷ് നരേന്ദ്രൻ 2018 സെപ്റ്റംബർ 18ന് ദുരന്തനിവാരണ അഥോറിറ്റി ചെയർമാനായ കോഴിക്കോട് കളക്ടർക്ക് പരാതി നൽകിയിരുന്നെങ്കലും ഈ പരാതിയിൽ ഒരു വർഷമായിട്ടും കളക്ടർ ഒരു നടപടിയും സ്വീകരിച്ചില്ല. തുടർന്ന് ഇക്കാര്യങ്ങൾ ചൂണ്ടികാട്ടി മുരുഗേഷ് നരേന്ദ്രൻ 2019 സെപ്റ്റംബർ രണ്ടിനു അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് മറ്റൊരു പരാതി നൽകി. ഇതോടെ പരാതിയിൽ റവന്യൂ മന്ത്രി കോഴിക്കോട് കളക്ടറുടെ റിപ്പോർട്ട് തേടി. കോഴിക്കോട് കളക്ടർ ഈ പരാതിയിൽ അന്വേഷണം നടത്താൻ കൂടരഞ്ഞി വില്ലേജ് ഓഫീസർക്കും കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിക്കും നിർദ്ദേശം നൽകുകയായിരുന്നു.

തുടർന്നു തടയണകൾക്കും റിസോർട്ടിനുമെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് കക്കാടംപൊയിൽ സ്വദേശി കെ.വി ജിജു 2018ൽ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. ഇതിലും നടപടിയില്ലാഞ്ഞതോടെ ജിജു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ വിജിലൻസ് സ്‌ക്വാഡിന് മറ്റൊരു പരാതി നൽകി. തുടർന്നു മുരുഗേഷ് നരേന്ദ്രന്റെ പരാതിയിൽ അന്വേഷണം നടത്തിയ കൂടരഞ്ഞി വില്ലേജ് ഓഫീസർ അനുമതിയില്ലാതെ അനധികൃതമായാണ് പ്രകൃതിദത്ത നീരുറവകൾ തടഞ്ഞ് തടയണകൾ നിർമ്മിച്ചതെന്ന് 2020 ജനുവരി 20നു കളക്ടർക്ക് റിപ്പോർട്ട് നൽകി.
അനുമതിയില്ലാതെ നിയമവിരുദ്ധമായാണ് തടയണകൾ നിർമ്മിച്ചതെന്ന് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി 2019 നവംബർ 13നു കളക്ടർക്ക് റിപ്പോർട്ട് നൽകി.

കക്കാടംപൊയിലിൽ തടയണകൾ ഉൾപ്പെടെ പി.വി അൻവർ എംഎ‍ൽഎയുടെ അനധികൃത നിർമ്മാണങ്ങൾ സന്ദർശിക്കാനെത്തിയ എം.എൻ കാരശേരിയുടെ നേതൃത്വത്തിലുള്ള സാംസ്കാരിക അന്വേഷണ യാത്ര തടഞ്ഞ് അംഗങ്ങൾക്കു നേരെ കക്കാടംപൊയിലിൽ അക്രമമുണ്ടായി. തടയണകൾ അനുമതിയില്ലാതെ നിയമവിരുദ്ധമായാണ് നിർമ്മിച്ചതെന്ന അന്വേഷണ റിപ്പോർട്ടുകൾ ലഭിച്ചിട്ടും ജില്ലാ കളക്ടർ നടപടിയെടുക്കാതായതോടെ സാംസ്കാരിക അന്വേഷണ യാത്രയിലെ അംഗമായിരുന്ന കേരള നദീ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി രാജൻ 2020തിൽ ഹൈക്കോടതിയെ സമീപിച്ചു.

കൂടരഞ്ഞി വില്ലേജ് ഓഫീസറുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോർട്ടുകൾ പരിഗണിച്ച് കളക്ടർ രണ്ടുമാസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി 2020 ഡിസംബർ 22നു ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവനുസരിച്ച് കളക്ടർ 2021നു വിചാരണ നടത്തിയെങ്കിലും പീവീആർ നാച്വറോ റിസോർട്ട് ഉടമകൾക്ക് അനുമതി സംബന്ധിച്ച രേഖകൾ ഹാജരാക്കാനായില്ല.ഹൈക്കോടതി നൽകിയ സമയപരിധിക്കുള്ളിൽ കളക്ടർ തീരുമാനമെടുക്കതായതോടെ കളക്ടർക്കെതിരെ കോടതി അലക്ഷ്യത്തിന് ടി.വി രാജൻ 2021 മെയ്‌ 26നു വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.

ഹൈക്കോടതി കളക്ടർക്ക് നോട്ടീസ് അയച്ചതോടെ 2021 ഓഗസ്റ്റ് 13നു വീണ്ടും കളക്ടർ ടി.വി രാജനെയും റിസോർട്ട് മാനേജരെയും വിളിച്ച് വിചാരണ നടത്തി. രണ്ടു തവണ നടത്തിയ വിചാരണയിലും പീവീആർ നാച്വറോ റിസോർട്ട് ഉടമകൾക്ക് രേഖകൾ ഹാജരാക്കാനായില്ല. ഇതോടെ പീവീആർ നാച്വറോ റിസോർട്ടിനു വേണ്ടി പ്രകൃതിദത്ത നീരുറവകൾ തടഞ്ഞ് നിർമ്മിച്ച 4 തടയണകളും പൊളിച്ചു നീക്കാൻ 2021 ഓഗസ്റ്റ് 30നു കോഴിക്കോട് കളക്ടർ ഉത്തരവിട്ടു. കളക്ടറുടെ ഉത്തരവ് പ്രകാരം തടയണ പൊളിക്കാതെ തടയണയിലെ വെള്ളം മാത്രം ഒഴുക്കിവിടുകയാണുണ്ടായത്.

തടയണ പൊളിക്കാനുള്ള ഉത്തരവ് നിലനിൽക്കെ പി.വി അൻവർ എംഎ‍ൽഎ തടയണകളും റിസോർട്ടും നിലനിൽക്കുന്ന സ്ഥലം 2020 സെപ്റ്റംബർ 29നു ് തിരുവമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ ആധാരം നമ്പർ 1351/ 2021 ആയി കരാറുകാരനായ ഷഫീഖ് ആലുങ്ങലിന് വിൽപന നടത്തി. തടയണകൾ പൊളിച്ചാൽ നീരുറവക്ക് കുറുകെ പണിത റോഡില്ലാതാകുമെന്നും തനിക്കും സമീപത്തുള്ളവർക്കും വഴിയില്ലാതാകുമെന്നു കാണിച്ച് കളക്ടറുടെ ഉത്തരവിനെതിരെ 2022ൽ ഷഫീഖ് ഹൈക്കോടതിയെ സമീപിച്ചു. തടയണകൾ പൊളിക്കൽ താൽക്കാലികമായി തടഞ്ഞുകൊണ്ട് തൽസ്ഥിതി തുടരാൻ 2022 ഫെബ്രുവരി രണ്ടിനു് ഹൈക്കോടതി ഉത്തരവിട്ടു. ഷഫീഖ് ആലുങ്ങളിന്റെ അപേക്ഷയിൽ അഡ്വ. ടി.ടി ഷാനിബയെയാണ് അഡ്വക്കറ്റ് കമ്മീഷനായി ഹൈക്കോടതി നിയോഗിച്ചത്. തുടർ്നനു അഡ്വക്കറ്റ് കമ്മീഷൻ സ്ഥലം സന്ദർശിച്ച് 2022 ഏപ്രിൽ 11നു പരിസ്ഥിതി പ്രവർത്തകരെ തടയണ പ്രദേശത്തേക്ക് പ്രവേശിക്കാതെ തടഞ്ഞ് വെച്ചു.

രേഖകൾ സമർപ്പിക്കാനെത്തിയ പരാതിക്കാരൻ കെ.വി ജിജുവിനെയും തടഞ്ഞു. തടയണയിലെ വെള്ളം ഒഴുക്കിവിട്ടതിനാൽ അപകടഭീഷണിയില്ലെന്നും തടയണയിൽ വെള്ള്ളം ഉള്ളതുകൊണ്ടാണ് സമീപത്തെ വീടുകളിലെ കിണറുകളിൽ വെള്ളം ലഭിക്കുന്നതെന്നും തടയണ പൊളിച്ചാൽ നാട്ടുകാർക്ക് വഴിയുണ്ടാകില്ലെന്നുമായിരുന്നു കമ്മീഷൻ റിപ്പോർട്ട്.

കക്കാടംപൊയിൽ സ്വദേശി കെ.വി ജിജു കേസിൽ കക്ഷി ചേർന്ന്‌ കമ്മീഷൻ റിപ്പോർട്ടിനെതിരെ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. വിശദമായ വാദങ്ങൾക്കു ശേഷം തടയണകൾ ഉടൻ പൊളിച്ചുനീക്കാൻ ജസ്റ്റിസ് വി.ജി അരുൺ 2022 സെപ്റ്റംബർ 26നു ഉത്തരവിട്ടു. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ പി.വി അൻവർ എംഎ‍ൽഎയുടെ പീവീആർ നാച്വറോ റിസോർട്ടും ഷഫീഖ് ആലുങ്ങളും ഡിവിഷൻ ബെഞ്ചിൽ അപ്പീൽ ഹരജി സമർപ്പിച്ചു. അപ്പീൽ തീർപ്പാക്കുന്നതുവരെ തൽസ്ഥിതി തുടരാൻ ഡിവിഷൻ ബെഞ്ച് 2022 ഒക്രേടാബർ 22നു ഉത്തരവിട്ടു. വിശദമായ വാദങ്ങൾക്കു ശേഷം സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ച് അപ്പീലുകൾ തള്ളി ഒരു മാസത്തിനകം തടയണകൾ പൊളിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് 2023 ജനുവരി 31നു ഉത്തരവിട്ടു.

പി.വി ആർ നാച്വറോ റിസോർട്ടിൽ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിർമ്മിച്ച നാലു തടയണകളും ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്നാണിപ്പേവൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.
ഒരു മാസത്തിനകം തടയണകൾ പൊളിച്ചുനീക്കണമെന്ന കഴിഞ്ഞ വർഷം ഒക്ടോബർ 26ന് ജസ്റ്റിസ് വി.ജി അരുണിന്റെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പി.വി അൻവർ എംഎ‍ൽഎയുടെ പീവീആർ നാച്വറോ റിസോർട്ടും അൻവറിൽ നിന്നും തടയണ ഉൾപ്പെടുന്ന സ്ഥലം വിലക്കുവാങ്ങിയ കരാറുകാരൻ ഷെഫീഖ് ആലുങ്ങലും സമർപ്പിച്ച അപ്പീൽ ഹരജികൾ തള്ളികൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അംഗങ്ങളായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

അഞ്ചു വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് എംഎ‍ൽഎയുടെ റിസോർട്ടിലെ തടയണകൾ പൊളിക്കാനുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവെത്തുന്നത്. തടയണകൾ പീ വീആർ നാച്വറൽ റിസോർട്ട് അധികൃതർ ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്നും അല്ലാത്തപക്ഷം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറി തടയണകൾ പൊളിച്ചുനീക്കി ഇതിനായി ചെലവുവരുന്ന തുക ഇവരിൽ നിന്നും ഈടാക്കണമെന്നുമായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. തടയണകൾ പൊളിക്കാൻ കോഴിക്കോട് ജില്ലാ കളക്ടർ ഉത്തരവിട്ടപ്പോൾ തടയണ ഉൾപ്പെടുന്ന സ്ഥലം പി.വി അൻവർ എംഎ‍ൽഎ കരാറുകാരനായ ഷഫീഖ് ആലുങ്ങലിന് വിൽപന നടത്തുകയായിരുന്നു.

തുടർന്ന് തടയണകളിലെ വെള്ളം തുറന്നുവിട്ടെന്നും തടയണകൾ പൊളിച്ചുനീക്കിയാൽ തന്റെ സ്ഥലത്തേക്കുള്ള വഴി തടസപ്പെടുമെന്ന് കാണിച്ച് ഷഫീഖ് ഹൈക്കോടതിയെ സമീപിച്ച് തടയണ പൊളിക്കുന്നതിന് താൽക്കാലിക സ്റ്റേ നേടുകയായിരുന്നു. നീരുറവക്ക് കുറുകെ റോഡ് പണിതാണ് റിസോർട്ടിലേക്ക് വഴിയൊരുക്കിയിരുന്നത്. തടയണകൾ പൊളിക്കാനുള്ള കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കേരള നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി രാജന്റെ കോടതി അലക്ഷ്യ ഹർജിയും ഒന്നിച്ചു പരിഗണിച്ചാണ് തടയണകൾ പൂർണമായും പൊളിച്ചുനീക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.