ടെഹ്‌റാൻ: നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദിക്ക് 15 മാസത്തെ അധിക തടവ് കൂടി വിധിച്ച് ഇറാൻ. രാജ്യത്തിന് എതിരെ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് നർഗീസിനെ വീണ്ടും ശിക്ഷിച്ചിരിക്കുന്നത്. നർഗീസ് മുഹമ്മദിയുടെ കുടുംബമാണു ഇതുസംബന്ധിച്ച വിവരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. കോടതി നടപടികൾ നർഗീസ് ബഹിഷ്‌കരിക്കുകയാണെന്നും ഡിസംബർ 19നുള്ള വിധിയിൽ കോടതി വ്യക്തമാക്കി.

ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം രണ്ടുവർഷത്തേക്ക് വിദേശത്തേക്കു പോകുന്നതിൽ നർഗീസിന് വിലക്കുണ്ട്. കൂടാതെ രാഷ്ട്രീയസാമൂഹിക സംഘടനകളിൽ ചേരുന്നതിനും ഫോൺ കൈവശം വയ്ക്കുന്നതിനും വിലക്കുണ്ട്. നിലവിൽ ടെഹ്‌റാനിലെ എവിൻ ജയിലിൽ 30 മാസത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് നർഗീസ്. രാജ്യത്തിനെതിരെ പ്രചാരണം നടത്തി, ജയിലിലെ അച്ചടക്കമില്ലായ്മ, അധികാരികളെ അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്കാണു ശിക്ഷ അനുഭവിക്കുന്നത്.

2023ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവാണ് നർഗീസ് മുഹമ്മദി. സമാധാന നൊബേൽ നേടുന്ന രണ്ടാമത്തെ ഇറാൻ വനിതയാണ് നർഗീസ് മുഹമ്മദി. 122 വർഷത്തെ ചരിത്രത്തിൽ അഞ്ചാം തവണയാണ് ജയിലിലോ വീട്ടുതടങ്കലിലോ ഉള്ള ഒരാൾക്ക് സമാധാന നൊബേൽ നൽകുന്നത്.

ഇറാനിലെ വനിതകളെ അടിച്ചമർത്തുന്നതിനെതിരെയും എല്ലാവർക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുവേണ്ടിയും നടത്തിയ പോരാട്ടമാണ് നർഗീസിനെ നോബൽ പുരസ്‌കാരത്തിന് അർഹയാക്കിയത്. നർഗീസ് മുഹമ്മദിയുടെ പോരാട്ടം മൂലം അവർക്ക് വ്യക്തിപരമായ വലിയ നഷ്ടങ്ങളുണ്ടെയെന്നും നൊബേൽ പുരസ്‌കാര സമിതി വിലയിരുത്തിയിരുന്നു. ഇറാനിൽ ഹിജാബ് നിർബന്ധമാക്കിയതിനും വധശിക്ഷയ്ക്കും എതിരെയാണ് നർഗീസ് പോരാടിയത്. ഇതോടെ 51കാരിയായ നർഗീസ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറുകയായിരുന്നു.

ഇറാൻ ഭരണകൂടം നർഗീസ് മുഹമ്മദിയെ 13 തവണ അറസ്റ്റു ചെയ്തിട്ടുണ്ട്. അഞ്ചുതവണ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും 31 വർഷത്തോളം അവർ ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. 2021 മുതൽ ഇറാൻ തലസ്ഥാനമായ ടെഹ്രാനിലെ എവിൻ ജയിലിൽ കഴിയുകയാണ് നർഗീസ് മുഹമ്മദി. ഇക്കാലമത്രയും മക്കളെ കാണാൻ നർഗീസിന് കഴിഞ്ഞിട്ടില്ല. എട്ടുവർഷമായി നർഗീസിന്റെ കുടുംബം ഫ്രാൻസിലാണ്.