- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇനി നിർമ്മാണത്തൊഴിലാളിയായി ജീവിക്കും, അതിനും സമ്മതിച്ചില്ലെങ്കിൽ മീൻപിടിക്കാൻ പോകും'; ആത്മാഭിമാനത്തിനായി സർക്കാർ ജോലിയിൽനിന്നു രാജിവെച്ച ദമ്പതികൾ ഉറച്ച തീരുമാനത്തിൽ തന്നെ; ആലപ്പുഴ അർത്തുങ്കലിലേക്ക് ഏക മകനൊപ്പം മടങ്ങി ദമ്പതികൾ
തിരൂർ: ആത്മാഭിമാനം സംരക്ഷിച്ചുകൊണ്ട് ജോലി ചെയ്യാനുള്ള സാഹചര്യമില്ലെന്ന് കാട്ടി സർക്കാർ ജോലി രാജിവച്ച ദമ്പതികൾ ഉറച്ച തീരുമാനത്തിലാണ്. കൂലിപ്പണി എടുത്തു ജീവിക്കുമെന്നാണ് ദമ്പതികൾ പറയുന്നത്. എങ്കിൽ വീട്ടുവീഴ്‌ച്ചകൾക്ക് ഇല്ലെന്നും എ.ജെ.ജെയ്‌സനും ഭാര്യ അനിതാ മേരിയും പറയുന്നു. 'ഇനി ഞാൻ നിർമ്മാണത്തൊഴിലാളിയായി ജീവിക്കും' എന്നാണ് ജെയ്‌സന്റെ വാക്കുകൾ.
തിരുനാവായ മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറായിരുന്നു ജെയ്‌സൻ. തവനൂർ വൃദ്ധസദനത്തിലെ മേട്രണായിരുന്നു ജെയ്‌സന്റെ ഭാര്യ പി.എസ്.അനിതാ മേരി. ഇരുവർക്കുമായി മാസം ഒരു ലക്ഷത്തിലേറെ രൂപയായിരുന്നു ശമ്പളം. ജെയ്‌സൻ 2006ലും അനിത 2020ലുമാണ് ജോലിയിൽ പ്രവേശിച്ചത്. മേലുദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയെന്നു കാട്ടി അനിത 2020ൽ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് വകുപ്പിൽനിന്ന് നീതി ലഭിച്ചില്ലെന്നും കള്ളക്കേസിൽ 7 മാസം സസ്‌പെൻഡ് ചെയ്തതായും ഇവർ പറയുന്നു.
ഭാര്യയുടെ പ്രശ്‌നത്തിൽ ഇടപെട്ടതോടെ തന്നെയും വകുപ്പിലെ ചില സംഘടനകളുടെ നേതൃത്വത്തിൽ പീഡിപ്പിക്കുകയായിരുന്നു എന്നാണ് ജെയ്‌സൻ ഉന്നയിക്കുന്ന പരാതി. തുടർന്ന് ജെയ്‌സൻ തിരുനാവായ മൃഗാശുപത്രിക്കു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി. ഇതേത്തുടർന്നുള്ള അന്വേഷണത്തിൽ ജയ്‌സനെ സസ്‌പെൻഡ് ചെയ്തു. ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ക്ഷീരകർഷകർ സമരവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ കയ്യേറ്റം ചെയ്‌തെന്ന ഡോക്ടറുടെ പരാതിയിൽ ജെയ്‌സനെ പൊലീസ് അറസ്റ്റ് ചെയ്യുകയും 7 ദിവസം ജയിലിൽ അടയ്ക്കുകയുമാണുണ്ടായത്.
മുഖ്യമന്ത്രി, വനിതാ കമ്മിഷൻ, പൊലീസ്, ബാലാവകാശ കമ്മിഷൻ എന്നിവർക്ക് ഉദ്യോഗസ്ഥ പീഡനം ചൂണ്ടിക്കാട്ടി ഇവർ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് സർക്കാർ ജോലിയിൽ തുടരാൻ സാധിക്കില്ലെന്നു കാട്ടി ഇരുവരും കഴിഞ്ഞ ദിവസം ജോലി രാജിവച്ചത്. സേവനമേഖലയിലുള്ളവർക്ക് അവകാശബോധം ഉണ്ടാക്കാൻ ശ്രമിച്ചതും ചില ഉദ്യോഗസ്ഥർക്ക് തങ്ങളോടുള്ള വിദ്വേഷത്തിനു കാരണമായെന്ന് ദമ്പതികൾ പറയുന്നു. സ്വന്തം നാടായ ആലപ്പുഴ അർത്തുങ്കലിലേക്ക് ഏക മകനൊപ്പം ഇരുവരും മടങ്ങി. നിർമ്മാണത്തൊഴിൽ ചെയ്തു ജീവിക്കാനാകുമെന്നാണ് ജെയ്‌സൻ പറയുന്നത്. അതിനും സമ്മതിച്ചില്ലെങ്കിൽ മീൻപിടിക്കാൻ പോകുമെന്നും അദ്ദേഹം പറയുന്നു.
അതേസമയം ഈ വിഷയത്തിൽ കെ ടി ജലീലിനെതിരെ അടക്കം ആരോപണം ഉയർന്നിരുന്നു. ഉദ്യോഗസ്ഥർക്ക് ഒത്താശ ചെയ്യുന്നത് കെടി ജലീലാണെന്നും ദമ്പതികൾ കഴിഞ്ഞ ദിവസം വിളിച്ച് ചേർത്ത പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ ദമ്പതികളുടെ പരാമാർശം തന്നെ താറടിച്ചു കാണിക്കാനുള്ള ശ്രമമാണെന്ന് കെടി ജലീൽ വ്യക്തമാക്കുന്നത്. വസ്തുതകളുമായി പുലബന്ധം പോലും ഇല്ലാത്തതാണ്. ജെയ്‌സന്റെ കാര്യത്തിൽ നടന്നതെന്താണെന്ന് തിരുനാവായ മൃഗാശുപത്രിയിലെ ഡോക്ടർ നിമയോടോ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരോടോ ചോദിച്ചാൽ മനസ്സിലാക്കാവുന്നതാണ് ജലീൽ പ്രതികരിച്ചത്.
ഒരു ഘട്ടത്തിലും ഞാനറിഞ്ഞോ അറിയാതെയോ ജെയ്‌സന്റെ വിഷയത്തിൽ ഇടപെട്ടിട്ടില്ല. ജെയ്‌സന്റെ മേലുദ്യോഗസ്ഥ ഡോ: നിമയുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരോട് തിരക്കിയാൽ നിജസ്ഥിതി അറിയാം. തവനൂർ വൃദ്ധസദനത്തിലെ മേട്രണായ ജയ്‌സന്റെ ഭാര്യ അനിത മേരിക്ക് നിലവിൽ ഒരു പ്രശ്‌നവും അവിടെ ഉള്ളതായി അറിവില്ല. രണ്ടര വർഷം മുമ്പ് വൃദ്ധസദനത്തിൽ സൂപ്രണ്ടായി ജോലി ചെയ്തിരുന്ന വ്യക്തിയും അവരും തമ്മിൽ ചില പ്രശ്‌നങ്ങളുള്ളതായി ശ്രദ്ധയിൽ പെട്ടിരുന്നു. അത് പരിഹരിക്കാനാണ് ശ്രമിച്ചതെന്നുമാണ് ജലീലിന്റെ പക്ഷം.
മറുനാടന്‍ മലയാളി ബ്യൂറോ