മലപ്പുറം: ജമാഅത്തെ ഇസ്ലാമിയടെ പുതിയ അമരക്കാരനായി ഇനി പി.മുജീബ് റഹ്‌മാൻ. ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനും മികച്ച സംഘാടകനുമായ മുജീബ് റഹ്‌മാനെ അഖിലേന്ത്യാ അമീർ സയ്യിദ് സാദാത്തുല്ലാ ഹുസൈനിയാണ് കേരളാ അമീറായി പ്രഖ്യാപിച്ചത്. കേരളാ ജമാഅത്തെ ഇസ്ലാമിയുടെ അവസാന വാക്കും ഇനി മലപ്പുറം നിലമ്പൂർ തൊണ്ടി സ്വദേശിയായ മുജീബ് റഹ്‌മാനാകും.

കേരളാ ജമാഅത്തെ ഇസ്ലാമിയുടെ പരമോന്നത പദവിയാണ് അമീർ. ഇന്നലെയാണ് തന്നെ അമീറായി തെരഞ്ഞെടുത്തതെന്നും ഇനി സംസ്ഥാന ഭാരവാഹികളേയും, കൂടിലാലോചന സമിതിയിലും ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടക്കാനുണ്ടെന്നും ഭാവി പ്രവർത്തനങ്ങളെ കുറിച്ചു ഇതിനു ശേഷമെ എന്തെങ്കിലും പറയാൻ സാധിക്കൂവെന്നും മറുനാടന്മലയാളിയുടെ ചോദ്യത്തിന് ഉത്തരമായി മുജീബ് റഹ്‌മാൻ പറഞ്ഞു. കമ്മിറ്റി പൂർണമായാൽ മറ്റുകാര്യങ്ങൾ ചർച്ചചെയ്തു പറയുമെന്നും അദ്ദേഹം പറഞ്ഞു. 25ഓളം സംസ്ഥാന ഭാരവാഹികളെയാണ് ഇനി തെരഞ്ഞെടുക്കാനുള്ളത്. നാലുവർഷം കൂടുമ്പോഴാണു ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കാറുള്ളത്. സംസ്ഥാന ഭാരവാഹികളായിൽ നിലവിലുള്ളവരിൽ ഭൂരിഭാഗവും തുടരാനാണ് സാധ്യത.

2015 മുതൽ 2023 വരെ ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു. 2011 മുതൽ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗവും സംസ്ഥാന കൂടിയാലോചന സമിതി അംഗവുമാണ്.2007 മുതൽ 2011 വരെ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റായിരുന്നു. ജമാഅത്തെ ഇസ്ലാമി ജനറൽ സെക്രട്ടറി, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി, എസ്‌ഐ.ഒ സംസ്ഥാന സെക്രട്ടറി, എസ്‌ഐ.ഒ. സംസ്ഥാന അസി. സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി ജില്ലാ നാസിം, സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡണ്ട്, എന്നീ നേതൃ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പെരുമ്പിലാവിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്ന അൻസാർ ചാരിറ്റബിൾ ട്രസ്റ്റ് അംഗമാണ്. വണ്ടൂർ വനിതാ ഇസ്ലാമിയാ കോളേജിന്റെ മുഖ്യരക്ഷാധികാരിയാണ്. മീഡിയവൺ ചാനലിൽ നേതൃത്വപരമായ ചുമതല വഹിച്ചു.

1972 മാർച്ച് അഞ്ചിനു മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത അമരമ്പലം പഞ്ചായത്തിലെ കൂറ്റമ്പാറയിൽ പി.മുഹമ്മദിന്റെയും ഫാത്തിമ സുഹ്‌റയുടെയും മകനായി ജനിച്ചു. എ. എൽ പി സ്‌കൂൾ കൂറ്റമ്പാറ, പി എം എസ്. എ .യു പി സ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. മാനവേദൻ ഹൈസ്‌കൂൾ നിലമ്പൂരിൽ നിന്നും സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തീകരിച്ചു. ഉപരിപഠനംശാന്തപുരം ഇസ്ലാമിയ കോളേജിലായിരുന്നു. അറബി ഭാഷയിൽ ബിരുദാനനന്തര ബിരുദധാരിാണ്.

പറപ്പൂർ ഇസ്ലാമിയ കോളജിൽ അധ്യപകനായി സേവനമനുഷ്ഠിച്ചു. കിനാലൂർ സമരം, എന്റോസൾഫാൻ വിരുദ്ധ പ്രക്ഷോഭം, എൻഡോ സൾഫാൻ ദുരിതബാധിതരുടെ പുനരധിവാസം, കൊക്കക്കോള കമ്പനിക്കെതിരായ പ്ലാച്ചിമട സമരം, ദേശീയ പാത വികസനം, മൂലമ്പിള്ളി സമരം, കുത്തകവിരുദ്ധ സമരം തുടങ്ങി ഒട്ടേറെ സംഘടനയുടെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. ചെങ്ങറ സമരത്തിൽ പൊലീസ് മർദനമേറ്റു.

ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ കേരള ഘടകമാണ് ജമാഅത്തെ ഇസ്ലാമി കേരള. ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ അതേ നയങ്ങളും പ്രവർത്തന പരിപാടികളുമാണ് കേരള ഘടകവും പിന്തുടരുന്നത്. കോഴിക്കോട് ഹിറാ സെന്ററിലാണ് കേരളത്തിലെ ആസ്ഥാനം പ്രവർത്തിക്കുന്നത്. 1941 ഓഗസ്റ്റ് 27-ന് ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാന നായകരിൽ ഒരാളായ സയ്യിദ് അബുൽ അഅ്ലാ മൗദൂദിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനം കേരളത്തിൽ ആരംഭിക്കുന്നത് 1944-ലാണ്.ഇന്ത്യാവിഭജനത്തിനു ശേഷം മൗദൂദി പാക്കിസ്ഥാനിലേയ്ക്കു പോകുകയും, ഒരു ചെറു വിഭാഗം ജമാഅത്തെ പ്രവർത്തകർ ഇന്ത്യയിൽ തന്നെ തങ്ങുകയും ചെയ്തു. ഇതാണ് ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനം വേരറ്റുപോകാതെ നിൽക്കാൻ സഹായിച്ചത്.

പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഉള്ള ഘടകങ്ങൾ വളരെ സ്വാധീനമുള്ള രാഷ്ട്രീയകക്ഷികളാണെങ്കിലും ഈ സംഘടനയ്ക്ക് ഇന്ത്യൻ രാഷട്രീയത്തിൽ പറയത്തക്ക സ്വാധീനമൊന്നുമില്ല. ജമാഅത്തെ ഇസ്ലാമി ഹിന്ദ് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാറില്ല, എങ്കിലും ഇന്ത്യയിലെ പ്രമുഖ ഇസ്ലാമിക രാഷ്ട്രീയ സംഘടനകളുടെ കൂട്ടത്തിൽ ഇതിനു സ്ഥാനമുണ്ട്.കോഴിക്കോട്ട് പട്ടാളപ്പള്ളിയിലെ ഖത്തീബായിരുന്ന ഹാജിസാഹിബ് (വി.പി. മുഹമ്മദാലി സാഹിബ്) അതോടൊപ്പം സ്വദേശമായ വളാഞ്ചേരിയിലും പ്രവർത്തിച്ചു. ആദ്യമേ ജമാഅത്തെ ഇസ്ലാമിയുടെ ഒരു ഘടകം സ്ഥാപിക്കുന്നതിനു പകരം, വാളാഞ്ചേരിയിൽ ജമാഅത്തുൽ മുസ്തർശിദീൻ എന്ന പേരിൽ ഒരു സംഘടന രൂപീകരിക്കുകയും അതിന്റെ കീഴിൽ പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമായി മുന്നോട്ടുകൊണ്ടു പോവുകയുമായിരുന്നു അദ്ദേഹം.

ആദർശത്തിൽ അചഞ്ചലതയും കർമരംഗത്ത് ആത്മാർഥതയും വ്യക്തിജീവിതത്തിൽ വിശുദ്ധിയും ഉള്ളവർക്കു മാത്രമേ സംഘടനയിൽ അംഗത്വം നൽകാവൂ എന്നത് ജമാഅത്തിന്റെ തീരുമാനവും ഹാജി സാഹിബിന്റെ ശാഠ്യവുമായിരുന്നു. അതിനാൽ, എണ്ണത്തിൽ എത്ര കുറഞ്ഞാലും യോഗ്യരായ അംഗങ്ങളെ ലഭിക്കുമ്പോൾ മാത്രം ജമാഅത്തിന്റെ ഘടകം ഔദ്യോഗികമായി രൂപീകരിച്ചാൽ മതിയെന്ന് അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ് നാലു വർഷങ്ങൾക്കു ശേഷം 1948-ൽ കോഴിക്കോട്ടും പിന്നീട് വാളാഞ്ചേരിയിലും ജമാഅത്തെ ഇസ്ലാമിയുടെ ഓരോ ഘടകങ്ങൾ നിലവിൽവന്നത്. തുടർന്ന് പ്രവർത്തകരുടെ ആത്മാർഥ പ്രവർത്തന ഫലമായി പതുക്കെ പതുക്കെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് ജമാഅത്തെ ഇസ്ലാമി വ്യാപിക്കുകയായിരുന്നു. മത-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽനിന്ന് ജമാഅത്തെ ഇസ്ലാമിക്ക് വളരെയേറെ എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്.

മറ്റു മുസ്ലിംമത സംഘടനകളിൽനിന്നും വിഭിന്നമായി ജമാഅത്തെ ഇസ്ലാമി തുടക്കം മുതൽതന്നെ സ്ത്രീകളേയും പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നുണ്ട്. സ്ത്രീകൾക്ക് ശരിയായ ഇസ്ലാമിക വിജ്ഞാനവും സംസ്‌കാരവും നൽകുക എന്ന ഉദ്ദേശ്യത്തോടെ ആദ്യകാലങ്ങളിൽ പ്രത്യേകം വനിതാക്ലാസുകൾതന്നെ സംഘടിപ്പിച്ചിരുന്നു. പിന്നീടവ വനിതാ ഹൽഖകളായി (യൂനിറ്റ്) മാറി. ജമാഅത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ പെൺകുട്ടികൾക്ക് അവസരം നൽകിയതിന് പുറമെ പെൺകുട്ടികൾക്ക് മാത്രമായി മദ്രസകളും കോളെജുകളും സ്ഥാപിച്ചു. ഈ സ്ഥാപനങ്ങളിൽനിന്ന് പുറത്തിറങ്ങിയ വിദ്യാർത്ഥിനികൾ വനിതകൾക്കിടയിൽ പ്രസ്ഥാനപ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തി.

1994 ജൂലൈ 7-നാണ് ഔദ്യോഗികമായി വനിതകൾക്കായി ഒരു വകുപ്പ് രൂപീകരിച്ചത്. വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റായ കെ.കെ. സുഹ്റ ജമാഅത്തെ ഇസ്ലാമി കേരള ശൂറയിലും അംഗമാണ്. കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത മുസ്ലിം സംഘടനകളുടെ സംസ്ഥാന സമിതിയിലെത്തുന്നത്. പെരിന്തൽമണ്ണ പൂപ്പലം സ്വദേശിനി ജസീലയാാണ് ഭാര്യ. മക്കൾ: അമൽ റഹ്‌മാൻ, അമാന വർദ്ദ, അഷ്ഫാഖ് അഹ്‌മദ്, അമീന അഫ്രിൻ