പത്തനംതിട്ട: ജനപ്രിയ ബ്രാൻഡായി അറിയപ്പെടുന്ന ജവാനിലും അളവ് കുറവ്. ജവാൻ റം ബോട്ടിലിൽ അളവ് കുറവ് കണ്ടെത്തിയതിനെ തുടർന്ന് തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിനെതിരെ കേസെടുത്ത് ലീഗൽ മെട്രോളജി വിഭാഗം പുതിയ ചർച്ചയ്ക്ക് തുടക്കമിടുന്നു. ലീഗൽ മെട്രോളജി നെറ്റ് കണ്ടെന്റ് യൂണിറ്റാണ് പരിശോധനയ്ക്ക് ശേഷം കേസെടുത്തത്. സംഭവത്തിൽ ഇന്ന് തിരുവല്ല കോടതിയിൽ റിപ്പോർട്ട് നൽകും. ആരോപണം ട്രാവൻകൂർ ഷുഗേഴ്‌സ് നിഷേധിക്കുന്നുണ്ട്. ബിവറേജസ് കോർപ്പറേഷന് വേണ്ടി ജവാൻ റം നിർമ്മിക്കുന്ന സർക്കാർ സ്ഥാപനമാണ് തിരുവല്ല പുളിക്കീഴിലുള്ള ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ്.

ഒരു ലിറ്റർ ജവാൻ ബോട്ടിലിൽ അളവിൽ കുറവുണ്ടെന്നാണ് കണ്ടെത്തിയത്. രേഖാമൂലം പരാതി കിട്ടിയതിനാലാണ് ലീഗൽ മെട്രോളജി വിഭാഗം പരിശോധന നടത്തിയത്. എറണാകുളത്ത് നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഇന്നലെയാണ് മണിക്കൂറോളം സ്ഥാപനത്തിൽ പരിശോധന നടത്തിയത്. ലീഗൽ മെട്രോളജി വിഭാഗത്തെ തള്ളി ട്രാവൻകൂർ ഷുഗേഴ്‌സ് ആന്ഡഡ് കെമിക്കൽസ് രംഗത്തെത്തി. അളവിൽ കുറവുണ്ടെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് പറയുന്നു. ലീഗൽ മെട്രോളജി വിഭാഗത്തിന്റെ അളവ് ഉപകരണം വച്ചു തന്നെയാണ് ഓരോ ബോട്ടിലും നിറയ്ക്കുന്നതെന്ന് വ്യക്തമാക്കിയ സ്ഥാപനം, കേസിനെ നേരിടുമെന്നും വിശദീകരിച്ചു.

ഓണക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റ മദ്യ ബ്രാൻഡ് 'ജവാൻ' റം ആണെന്ന് ബെവ്‌കൊയുടെ ഔദ്യോഗിക കണക്കുകൾ. പത്തുദിവസം കൊണ്ട് 6,30,000 ലിറ്റർ ജവാൻ മദ്യം വിറ്റതായാണ് കണക്ക്. വിലകുറഞ്ഞ മദ്യ ബ്രാൻഡ് എന്നതും സർക്കാർ ഉത്പാദിപ്പിക്കുന്ന റം എന്നതുമാണ് ജവാന്റെ പ്രത്യേകത. ഓണക്കാലത്ത് ഇതിന്റെ ആവശ്യക്കാർ ഏറുമെന്ന് മുൻകൂട്ടികണ്ട് ഉത്പാദനം വർധിപ്പിച്ചിരുന്നു. 'ഫുൾ കുപ്പിയിൽ' (750 എംഎൽ) മദ്യം പുറത്തിറക്കാനും തീരുമാനിച്ചിരുന്നു. നേരത്തെ ഒരു ലീറ്ററിന്റ (1000 എംഎൽ) കുപ്പിയാണ് വിപണിയിലുണ്ടായിരുന്നത്.

സർക്കാർ സ്ഥാപനം ഉൽപാദിപ്പിക്കുന്ന ജവാന് ആവശ്യക്കാർ വർധിച്ചതിനെ തുടർന്നാണ് 750 എംഎൽ കുപ്പിയിൽ മദ്യം പുറത്തിറക്കാൻ തീരുമാനിച്ചത്. ഓണക്കാലത്ത് ബവ്‌റിജസ് കോർപറേഷന്റെ ഔട്ട്‌ലറ്റുകളിൽ മദ്യം വിൽക്കുമ്പോൾ ജവാൻ റമ്മിന് പ്രത്യേക ശ്രദ്ധ നൽകണമെന്ന് നിർദ്ദേശിച്ചിരുന്നു. ഉപഭോക്താവ് ബ്രാൻഡിന്റെ പേര് പറഞ്ഞില്ലെങ്കിൽ ജവാൻ നൽകണമെന്നായിരുന്നു നിർദ്ദേശം. ഓണക്കാലത്ത് ഏറ്റവുമധികം വിൽപന നടത്തിയ ബ്രാൻഡായി ജവാൻ മാറിയത് അങ്ങനെയാണ്.

മറ്റു പല സംസ്ഥാനങ്ങളിലെയും പോലെ കേരളത്തിലും സർക്കാർ വരുമാനത്തിന്റെ പ്രധാന സ്രോതസ്സ് മദ്യ വിൽപ്പനയാണ്. സംസ്ഥാന സർക്കാർ നേരിട്ട് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന മദ്യമാണ് ജവാൻ. റം വിഭാഗത്തിൽപ്പെട്ട ഈ മദ്യത്തിനു പിന്നാലെ സംസ്ഥാന സർക്കാർ ബ്രാണ്ടി കൂടി നിർമ്മിച്ച് വിതരണം നടത്താൻ തീരുമാനിച്ചിരുന്നു.