- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വിഷമില്ലാത്ത പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ ഓരോ പൗരനെയും 'മൻ കി ബാത്തി'ലൂടെ ഓർമ്മിപ്പിക്കണമെന്ന് കത്തെഴുതിയ പന്തളത്തുകാരി; സുരേഷ് ഗോപിയെ കണ്ടപ്പോൾ 'പേരമരം' പഞ്ചവടിയിൽ എത്തി; ആ കൊച്ചുമിടുക്കിയെ നേരിൽ കണ്ടത് മോദിക്കും ആവേശമായി; ജയലക്ഷ്മിയെ ചർച്ചയാക്കി എക്സിൽ കുറിപ്പ്

കൊച്ചി: വീണ്ടും ജയലക്ഷ്മി ചർച്ചകളിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജയലക്ഷ്മിയെ സോഷ്യൽ മീഡിയയിലെ താരമാക്കുന്നത്. നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ കേരളത്തിൽ എത്തിയ പ്രധാനമന്ത്രിയും ജയലക്ഷ്മിയും തമ്മിൽ കണ്ടു. ഇതിന്റെ വിവരങ്ങൾ മോദി തന്നെയാണ് ചർച്ചയാക്കുന്നതും. 'പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 'പഞ്ചവടിയിൽ' തന്റെ നീല പേരമരം കായ്ച്ച് ചൊരിയണം' - ജയലക്ഷ്മിക്ക് അതൊരു കിനാവായിരുന്നു മുമ്പ്. സുരേഷ് ഗോപിയിലൂടെ അത് സാധ്യമായി. ഇപ്പോൾ സുരേഷ് ഗോപിയിലൂടെ പ്രധാനമന്ത്രിയുടെ തൊട്ടടുത്തും ജയലക്ഷ്മി എത്തി.
ജയലക്ഷ്മി എന്ന കൊച്ചു മിടുക്കിയെ കാണാനും പരിചയപ്പെടാനും സാധിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജയലക്ഷ്മി എന്ന സാധാരണ നാട്ടിൻപുറത്തുക്കാരി ഇന്ന് പ്രധാനമന്ത്രിയുടെ ഹൃദയത്തിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതിന്റെ സന്തോഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ എക്സിലൂടെ പങ്കുവച്ചു. '' കൃഷിയോട്, പ്രത്യേകിച്ച് ജൈവകൃഷിയോട് അഭിനിവേശമുള്ള ജയലക്ഷ്മിയെ പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷമുണ്ട്. രണ്ടു വർഷം മുമ്പാണ് എന്റെ സുഹൃത്തായ സുരേഷ് ഗോപി ജി ജയലക്ഷ്മി വളർത്തിയ പേരമരത്തൈ എനിക്ക് തന്നത്. ആ പ്രവൃത്തിയെ ഞാൻ അഗാധമായി വിലമതിക്കുന്നു. ജൈവകൃഷിയോട് താത്പര്യമുള്ള ജയലക്ഷ്മിയുടെ ഉദ്യമങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ എന്നു ഞാൻ ആശംസിക്കുന്നു.''- പ്രധാനമന്ത്രി മലയാളത്തിൽ കുറിച്ചു.
ഗാന്ധി ഭവൻ സന്ദർശനത്തിനിടെയാണ് ജയലക്ഷ്മി നട്ടുവളർത്തിയ പേര വൃക്ഷത്തിന്റെ തൈ സുരേഷ് ഗോപിക്ക് സമ്മാനിച്ചത്. അന്നു ജയലക്ഷ്മി സമ്മാനിച്ച പേര വൃക്ഷ തൈ പ്രധാനമന്ത്രിക്ക് നൽകുമെന്ന് സുരേഷ് ഗോപി വാഗ്ദാനം ചെയ്തിരുന്നു. അദ്ദേഹം പറഞ്ഞതു പോലെ തന്നെ പ്രധാനന്ത്രിക്ക് പേര തൈ നൽകുകയും അദ്ദേഹത്തിന്റെ വസതിയുടെ വളപ്പിൽ അത് നടാമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയതിന്റെ സന്തോഷവും സുരേഷ് ഗോപിയും അന്ന് പങ്കുവച്ചിട്ടുണ്ടായിരുന്നു.
കൃഷിയിടത്തിലാണ് പന്തളം, കുളനട ഉളനാട് ആഞ്ജനേയത്തിൽ ജയലക്ഷ്മി ചെറുപ്പം മുതൽ സന്തോഷം കണ്ടെത്തിയിരുന്നത്. വീടുൾപ്പെടുന്ന പന്ത്രണ്ടര സെന്റിൽ അവൾ നട്ടുനനയ്ക്കാത്ത ചെടികൾ ചുരുക്കം. കൃഷിവകുപ്പിൽ നിന്ന് അനുവദിച്ച റെയിൻ ഷെൽട്ടറിൽ അടുക്കളയിലേക്ക് വേണ്ടതെല്ലാം വിളയിച്ചാണ് ജയലക്ഷ്മി പ്രധാനമന്ത്രിയുടെ മനസിൽ ചേക്കേറിയത്.
ജയലക്ഷ്മി പ്രധാനമന്ത്രിക്ക് കത്തെഴുതിയതോടെയാണ് ആ ബന്ധം തുടങ്ങുന്നത്. ഇംഗ്‌ളീഷിൽ തയ്യാറാക്കിയ കത്ത് തപാലിലൂടെയും ഇ-മെയിലും അയച്ചു. കൃഷിവിശേഷങ്ങൾക്കൊപ്പം വിഷമില്ലാത്ത പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ ഓരോ പൗരനെയും 'മൻ കി ബാത്തി'ലൂടെ ഓർമ്മിപ്പിക്കണമെന്നതായിരുന്നു കത്തിലെ ആവശ്യം. അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രിയുടെ മറുപടിക്കത്തും വന്നു.
സുരേഷ് ഗോപി എംപി പത്തനാപുരം ഗാന്ധിഭവനിൽ വരുമെന്നറിഞ്ഞ ജയലക്ഷ്മി അമ്മയ്‌ക്കൊപ്പം അവിടെയെത്തി. വീട്ടുവളപ്പിൽ നട്ടുവളർത്താൻ വാങ്ങിയ നീല പേരത്തൈ അദ്ദേഹത്തിന് സമ്മാനിക്കണമെന്നായിരുന്നു ആഗ്രഹം. കാര്യമറിഞ്ഞപ്പോൾ സുരേഷ് ഗോപി വൃക്ഷത്തൈ വാങ്ങി. തുടർന്ന് ജയലക്ഷ്മിക്ക് ഒരു ഉറപ്പ് നൽകി 'ഞാനിത് പ്രധാനമന്ത്രിയുടെ കൈയിലെത്തിക്കും'. അത് പാലിക്കുകയും ചെയ്തു.
ബംഗളൂരുവിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ എസ്. സഞ്ജീവിന്റെയും പന്തളം എൻ.എസ്.എസ് പോളിടെക്നിക് കോളേജ് അദ്ധ്യാപിക സി.എസ്. ദീപ്തികുമാരിയുടെയും മകളാണ് ജയലക്ഷ്മി.
കൃഷിയോട്, വിശേഷിച്ച് ജൈവകൃഷിയോട് അഭിനിവേശമുള്ള ജയലക്ഷ്മിയെ പരിചയപ്പെടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. രണ്ടു വർഷം മുമ്പ്, എന്റെ സുഹൃത്ത് @TheSureshGopi ജി അവർ വളർത്തിയ ഒരു പേരത്തൈ എനിക്കു തന്നു. ആ പ്രവൃത്തിയെ ഞാൻ അഗാധമായി വിലമതിക്കുന്നു. ജയലക്ഷ്മിയുടെ ഉദ്യമങ്ങൾ മികച്ച രീതിയിൽ… pic.twitter.com/4eP2IHbVTx
- Narendra Modi (@narendramodi) January 18, 2024


